1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, March 23, 2019

നമ്മെ ഭരിക്കേണ്ടത് ക്രിമിനലുകളോ?



ഇന്ത്യന്‍ ജനാധിപത്യത്തെ പണാതിപത്യവും ക്രിമിനലിസവും വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന നിയമ നിര്‍മ്മാണ സഭകളില്‍ വന്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ദല്ലാള്‍മാരുടെയും ക്രിമിനലുകളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ആസന്നമായ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഗുരുതരമായ കുറ്റകൃത്യങ്ങളി‌ല്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഭരണഘടനാബെഞ്ച് തളളി. അതോടൊപ്പം രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും, പാര്‍ലമെന്റാണ് നിയമം കൊണ്ടുവരേണ്ടതെന്നും അഞ്ചംഗ ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. പണവും മസില്‍ പവറും ഉപയോഗിക്കുന്നവരെ അകറ്റിനിര്‍ത്തേണ്ടത് പാര്‍ലമെന്റിന്റെ ബാധ്യതയാണ്. ഗുരുതര കേസുള്ളവര്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
രാജ്യത്ത് സ്നേഹവും സമാധാനവും പരസ്പര സഹകരണവും മുഖമുദ്രയാക്കി നാടിനേയും നാട്ടുകാരേയും സ്നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യേണ്ടവരാണ് ജനപ്രതിനിധികള്‍. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള നിയമനിര്‍മ്മാണസഭകളിലും സര്‍ക്കാര്‍ മിഷിനറികളിലും ഇത്തരം സ്വഭാവമഹിമകളുള്ള ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രമാണ് രാജ്യത്ത്‌ പുരോഗതിയും സമാധാനവും കളിയാടുകയുള്ളു.

സ്വന്തം നാടിനെ വിദേശകുത്തകകള്‍ക്ക് തീറെഴുതികൊടുത്തവരും, ലക്ഷം കോടികള്‍ കട്ടുമുടിച്ചു നടക്കുന്നവരും ആരാധനാലയങ്ങള്‍ തകര്‍ത്തും പച്ച മനുഷ്യരെ ചുട്ടെരിച്ചും നിര്‍ദ്ദയം വെട്ടിക്കൊന്നും സംഹാരതാണ്ഡവമാടി നടക്കുന്നവര്‍ എം.പി സ്ഥാനം മുതല്‍ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചേരുന്ന പതിവ് രീതി ഇനിയും ആവര്‍ത്തിച്ചുകൂട.

(Published in G Madyamam 23-3-2019)

Visit and LIKE

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/



DATE: 19-3-2019


No comments: