1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, March 3, 2019

ജന്മ നാട്ടില്‍ മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം









മരണമെന്ന അനശ്വരമായ ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് അപ്രതീക്ഷിതമായി യാത്ര പോകുന്ന പ്രവാസികളുടെ എണ്ണം സകലരെയും ഞെട്ടിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നുള്ള മരണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ച് മലയാളികളായ യുവാക്കള്‍ തന്നെയാണ് മുന്നില്‍. 

ജീവിതം തന്നെ ഒരു പ്രവാസമാണെന്ന് മഹല്‍ വചനങ്ങൾ നമ്മെ ഉണര്‍ത്തുന്നു. അതോടൊപ്പം ഗൾഫ്പോലുള്ള വിദൂര രാജ്യങ്ങളിലേക്ക് ജീവിതം കരുപിടിപ്പിക്കാനായി വന്നവര്‍ രണ്ടാമതൊരു പ്രവാസ ജീവിതം കൂടി അനുഭവിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് മരണം വന്നു പിടികൂടുന്നത്. 


പ്രവാസ ലോകത്ത് വെച്ച് മരണപ്പെട്ടാൽ മൃതദേഹം മരണപ്പെട്ട നാട്ടില്‍ തന്നെ സംസ്കരിക്കുന്നതാണ് ഉത്തമമെന്ന് മത പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതനുസരിച്ച് ഇരു രാഷ്ടങ്ങളുടെയും നിയമ വ്യവസ്ഥകള്‍ മനസിലാക്കി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒഴിവും കഴിവും സാമൂഹ്യപ്രതിബദ്ധതയും ഉള്ളവര്‍ ഗള്‍ഫിന്‍റെ  ഉള്‍നാടന്‍ ഗ്രാമങ്ങളിലും മറ്റും വിരളമായിരിക്കും. അതോടൊപ്പം  ബന്ധുമിത്രാധികള്‍ക്ക് ഒരിക്കല്‍ പോലും സന്ദര്‍ശിക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളിലുമായിരിക്കും മറവു ചെയ്യാന്‍ സാധിക്കുകയുള്ളു.  





എന്നാല്‍ കുടുംബങ്ങളുടെ നിര്‍ബന്ധം കണക്കിലെടുത്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചാലും സാങ്കേതിക, സാമ്പത്തിക പ്രയാസങ്ങളും യാത്രാ സൌകര്യങ്ങള്‍ ഒരുക്കലും സഹപ്രവാസികളെ സംബന്ധിച്ചിടത്തോളം കഷ്ടപ്പാട് തെന്നെ. ഏറെ പ്രയാസങ്ങള്‍ തരണം ചെയ്ത് നാട്ടിലേക്ക് അയക്കുന്ന എംബാം ചെയ്ത മൃതദേഹം കൂടുതല്‍ സമയം ഫ്രീസറില്‍ നിന്നും പുറത്തെടുത്തു വെക്കാന്‍ സാധിക്കാത്തതിനാല്‍ കൃത്യ സമയത്ത് ഹാജറുള്ളവര്‍ക്ക് മാത്രം ഒരു നോക്ക് കാണാന്‍ അവസരം കിട്ടാറുള്ളു.

ഓരോ പ്രവാസിക്കും തന്റെ ജന്മനാട്ടിൽ തന്നെ മരിക്കാനുള്ള അവസരമോ ബന്ധപ്പെട്ടവർക്ക് മറമാടിയ സ്ഥലമെങ്കിലും കാണാനുള്ള  സാധ്യതയോ ഉണ്ടാവണേ എന്നായിരിക്കട്ടെ ഓരോ പ്രവാസിയുടെയും പ്രാര്‍ത്ഥന.  


(പ്രവാസ ലോകത്തെ ഒരു ഉള്‍നാടന്‍ ഗ്രാമ ജീവിതത്തിനിടയില്‍ മനസിലാക്കിയത്)
(Published in G. Madhyamam – 2-3-2019) 



No comments: