1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, April 13, 2019

ജീസാനികളുടെ ഖളീര്‍ പെരുമ


സഊദിയുടെ തെക്കൻ മേഖലയായ ജീസാൻ ഭാഗങ്ങളിലെ പേരുകേട്ട ധാന്യകൃഷിയാണ് ഖളീർ.
മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി ഒരേപോലെ പ്രാധാന്യത്തോടെയാണ് ഇവിടത്തുകാര്‍ ഇത്  കൃഷി ചെയ്യുന്നത്. നമ്മുടെ നാട്ടിലെ തീറ്റപ്പുല്ല് കൃഷി രീതി തെന്നെയാണ് ഇവരും ഇതിനായി അവലംഭിക്കുന്നത്.
വിത്ത് വിതച്ച് മൂന്ന് മാസമാകുമ്പോഴേക്കും ചെടി കതിരിടാൻ തുടങ്ങും. എന്നാൽ അതിന് മുമ്പ് നാലോ അഞ്ചോ അടി ഉയരത്തിൽ എത്തിയ ചെടികൾ അരിഞ്ഞെടുത്ത് കാലിത്തീറ്റയാക്കി വില്പന നടത്തുന്നു. ഇതിനെ ‘കസബ്’ എന്നപേരിൽ അറിയപ്പെടുന്നു. ആഴ്ചകൾ പിന്നിടുമ്പോൾ വീണ്ടും അരിഞ്ഞെടുക്കും. ഒരു ചെടി രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങിനെ ഇടവിട്ട് അരിഞ്ഞെടുക്കുക പതിവാണ്.
എന്നാൽ നല്ല വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നവ മൂന്ന് മാസത്തോളം മുറിച്ചെടുക്കാതെ വളർത്തിയാൽ അവ കതിരിടാൻ തുടങ്ങും. നല്ല പച്ച നിറത്തിൽ തിങ്ങിനിറഞ്ഞ കതിരുകളായി വിളഞ്ഞ് വരുന്നത് കൊണ്ടാണ് ഇതിനെ ഖളീർ എന്ന പേര് വന്നത്.

നാട്ടിലെ നെൽകൃഷിയെപ്പോലെ വർഷത്തിലെ ഓരോ സീസന്‍ വിളക്കും പ്രത്യേക പേരുകള്‍ ഉണ്ട്.  ഇതില്‍ ‘ഖുറൈഫ്’ സീസനാണ് ഏറ്റവും പ്രസിദ്ധമായത്.
ഖളീർ വിളവെടുപ്പിന്റെ ദിനങ്ങളില്‍ നാട്ടിലും വിദൂര സ്ഥലങ്ങളിലുമുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ, അതേ പോലെ അയൽവാസികൾ തുടങ്ങിയവർക്ക് പ്രത്യേക സമ്മാനമായി വിതരണം ചെയ്യുന്ന ഇവിടെത്തെ ഗ്രാമീണ കർഷകരുടെ ശീലം പ്രസിദ്ധമാണ്. പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും മറ്റു നാശനഷ്ടങ്ങളില്‍ നിന്നും വിളകൾ നശിക്കാതെ നല്ല വിളവ് കിട്ടിയതിന് ദൈവത്തിന് നന്ദി പ്രകാശിപ്പിക്കൽ കൂടി ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്.
കവണ, ശബ്ദമുണ്ടാക്കുന്ന വിവിധ നാടൻ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് കസബ് വിതക്കുമ്പോഴും ചെടികൾ കതിരിടാൻ തുടങ്ങുമ്പോഴും വിള തിന്നാൻ വരുന്ന പക്ഷികളില്‍ നിന്നും സംരക്ഷിക്കുന്നത്.
പാടശേഖരങ്ങളിലും മലമ്പ്രദേശങ്ങളിലും പ്രത്യേകം  സീസണുകളിലാണ് ഇവ കൃഷി ചെയ്യാറുള്ളത്. സ്വദേശികള്‍ സ്വന്തമായും വിദേശികള്‍ പ്രത്യേകിച്ച് യമന്‍, എത്യോപിയ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രക്കാര്‍ കൃഷി ഭൂമി പാട്ടത്തിനെടുത്തും ഇതേപോലെയുള്ള വിവിധ ഇനം കൃഷികള്‍ ചെയ്ത്‌ ഉപജീവന മാര്‍ഗം കണ്ടെത്തുന്നു. സഊദി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഖദീർ വിളവെടുപ്പ് ദിനങ്ങളും ആചരിക്കാറുണ്ട്.
 

മുറിച്ചെടുത്ത ഖളീരിന്‍റെ ഓരോ കെട്ടിനും 7- 15 റിയാൽ വരെ വിലയുണ്ട് അത് തല്ലിക്കൊഴിക്കാൻ കെട്ടിന് ഒരു റിയാലാണ് വാങ്ങുന്നത്. മില്ലിൽ പൊടിച്ച ഏതാണ്ട് ഒരു കിലോ ഖളിറിന്‍റെ പാക്കിന് 30 - 50 വരെ റിയാലിനാണ് വില്‍ക്കുന്നത്.
ഒട്ടകം, ആട് പശു, കഴുത തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കുന്നതിന് പ്രധാനമായും ഇവര്‍ ഉപയോഗിക്കുന്നത് കസബ് എന്ന കാലിതീറ്റയാണ്. ചീറിപ്പായുന്ന ട്രാക്ടറുകള്‍ മുതല്‍ മേത്തരം കാറുകളില്‍ വരെ കസബ് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നു. മൂന്നു മുതല്‍  അഞ്ചുവരെ വിലയുള്ള കസബിന്‍റെ കെട്ടുകള്‍ വില്പനയ്ക്ക് വെച്ച തീറ്റപ്പുല്ല് വില്പനക്കാരെ ഇവിടെ പലയിടത്തും കാണാം. തീറ്റപ്പുല്ലിന്‍റെ ആവശ്യത്തിനു മാത്രമായി കൃഷി ചെയ്യുന്ന കസബ് രണ്ടും മൂന്നും പ്രാവശ്യം വിളവെടുത്തതിന് ശേഷമേ പൂർണമായി ഒഴിവാക്കുകയുള്ളൂ.
ഖളീർ വിഭവങ്ങൾ:-
വിളവെടുപ്പ് കഴിഞ്ഞ ഖദീർ കതിരുകൾ ഓലകൊണ്ട് മുടഞ്ഞ ഒരു കൊട്ടയിലേക്ക് തല്ലിക്കൊയിക്കുന്നു. ഇത് ചേറിയെടുത്ത് ഉണക്കിപ്പൊടിച്ച് ആട്ടുകല്ലിലും അമ്മിയിലും മറ്റും അരച്ച് വിവിധ തരം നാടൻ അപ്പങ്ങളും റൊട്ടിയും ഉണ്ടാക്കുന്നത്‌ ഇവിടെത്തെ വീട്ടമ്മമാരുടെ ഹോബിയാണ്. മര്‍സ, മല്‍ഫാത് തുടങ്ങിയ നാടന്‍ പലഹാരങ്ങളും ഖളീര്‍ പൊടികൊണ്ടു ഉണ്ടാക്കുന്നു. ജീസാനിലെ ഖളീര്‍ പോലെ ഖളീര്‍ വിഭവങ്ങളും പ്രസിദ്ധമാണ്.
കതിരോടെയുള്ള ഖളീർ, ധാന്യം, അതുകൊണ്ടുണ്ടാക്കിയ വിവിധ വിഭവങ്ങൾ എന്നിവ വില്പന നടത്തി ഉപജീവനം നടത്തുന്ന ധാരാളം പേരെ പാതയോരങ്ങളിലും മാർക്കറ്റുകളിലും കാണാം.

(PUBLISHED IN MADHYAMA CHEPPU – 12 APRIL 2019)
Visit and LIKE

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/

No comments: