1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, April 23, 2018

തീവ്രവാദ ആരോപണങ്ങള്‍ക്ക് പിന്നില്‍


കിനാലൂര്‍, ഗൈല്‍ പൈപ്പ് ലൈന്‍, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളില്‍ നിലനില്പ്പിന്നായി പോരാടുന്നവരെയും അവര്‍ക്ക് പിന്തുണ കൊടുക്കുന്നവരെയും തീവ്രവാദ പട്ടം നല്‍കി ആക്ഷേപിക്കാന്‍ സംഘികളെക്കാള്‍ സഖാക്കളും മത്സരിക്കുകയാണിന്ന്. മലപ്പുറത്തുകാരനും ഇസ്ലാമിക ചരിത്രത്തില്‍ ബിരുദവുമുള്ള സഖാവ് വിജയരാഘവന്‍ ഈ കഴിഞ്ഞ ദിവസം നടത്തിയ ആരോപണവും മനസ്സറിഞ്ഞുകൊണ്ടുതന്നെയാവണം. 

താന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിലനില്പിനു വേണ്ടിയോ മാനുഷിക  വിഷയങ്ങളിലോ ഇടപെടുന്നവരും പിന്തുണക്കുന്നവരുമെല്ലാം തീവ്രവാദികളും ഭീകരവാദികളുമാണെന്ന് ആരോപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് പുതിയ സംഭവമല്ല. ഫലസ്തീനികളും കാശ്മീരികളുമൊക്കെ വളരെ മുമ്പേ ഈ ചെല്ലപ്പേരില്‍ അറിയപ്പെടുന്നവരാണ്‌.

വികസനത്തിന്‍റെ മറവില്‍ സര്‍ക്കാരും മറ്റു ഏജന്‍സികളും നടപ്പാക്കുന്ന അനീതികള്‍ക്കെതിരെയും മറ്റു സാമൂഹ്യ, മനുഷ്യാവകാശ വിഷയങ്ങളിലും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയിരുന്ന മുന്നേറ്റങ്ങള്‍ അടുത്തകാലത്ത്‌ സജീവമായ ചില രാഷ്ട്രീയ നവജാഗരണ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തതിന്‍റെ ജാള്യതമൂലമാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും നേതാക്കളും ഇത്തരം ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. (Published in Thejas Daily on 19 April 2018) 


No comments: