1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, March 3, 2018

ഗുണ്ടായിസത്തിനും സര്‍ക്കാര്‍ സഹായം



അട്ടപ്പാടിയിൽ സദാചാര പോലീസുകാര്‍ മർദിച്ചുകൊന്ന ആദിവാസി യുവാവ്​ മധുവി​​​​ന്‍റെ കുടുംബത്തിന്​ സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുകഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ കൊലക്കത്തിക്കിരയായ ശുഹൈബിന്‍റെ കുടുംബവും അവരുടെ പാര്‍ട്ടിക്കാരും സര്‍ക്കാര്‍ ധനസഹായത്തിനായി മുറവിളികൂട്ടിക്കൊണ്ടിരിക്കുന്നു.

ഇങ്ങിനെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി ഇന്ജിന്ജായി കൊല്ലപ്പെടുന്നവര്‍ക്കും ഉന്നതാധികാരസ്ഥാനത്തിരിക്കുന്നവരും വന്‍കിട മുതലാളിമാരും തങ്ങള്‍ക്കിഷ്ടമില്ലാത്തവരോട് കാണിക്കുന്ന സമാനതകളില്ലാത്ത പീഡനങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കുബേര പുത്രന്മാരുടെ റാഗിംഗിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കും കാല്‍ക്കോടി രൂപവരെയാണ് സര്‍ക്കാര്‍ നഷ്ടപ്പരിഹാരമായി നല്‍കിക്കൊണ്ടിരിക്കുന്നത്. 

മദ്യപിച്ച് ലക്കുകെട്ടവരുടെയും മറ്റും  ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്ന കൊച്ചു കുഞ്ഞുങ്ങളുടെയും  ബന്ധുമിത്രാദികളുടെയും സംരക്ഷണവും ചികിത്സാ ചെലവുകളും സര്ക്കാര്‍  ചെലവില്‍. അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ നടന്ന ഇത്തരം അസ്വാഭാവിക സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നിര്‍ലോഭം ധനസഹായം നല്കുന്ന പ്രവണത കൂടിവരികയാണ്.





എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍, മാരക രോഗം, വിഷബാധ തുടങ്ങിയവ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും വല്ലതും കിട്ടണമെങ്കില്‍ മാസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയും ബന്ധപ്പെട്ടവരെ കാണേണ്ടവിധം കാണുകയും ചെയ്താലേ കാര്യങ്ങള്‍ നടക്കാറുളളു എന്നതിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും വിവിധ സര്‍ക്കാര്‍ പദ്ധതികളിലേക്ക് അപേക്ഷിച്ചവരുടേയും അനുഭവങ്ങള്‍ തന്നെ മികച്ച ഉദാഹരണങ്ങളാണ്.

ഹുങ്കിന്‍റെയും പണക്കൊഴുപ്പിന്‍റെയും അധികാര, രാഷ്ട്രീയ കേന്ദ്രങ്ങളിലുളള സ്വാധീനത്തിന്‍റെയും മറവില്‍ ചിലര്‍ നടത്തുന്ന ഗുണ്ടായിസത്തിന് ഇരയാകുന്ന നിരപരാധികള്‍ തീര്‍ച്ചയായും ധനസഹായത്തിനും സംരക്ഷണത്തിനും അര്‍ഹരാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, സാമ്പത്തിക പ്രയാസം കൊണ്ട് കഷ്ടപ്പെടുന്ന ഒരു സര്‍ക്കാര്‍ അതിന്‍റെ ഖജനാവിലേക്ക് പാവപ്പെട്ടവരില്‍ നിന്നും വസൂലാക്കുന്ന നികുതി,  പിഴ തുടങ്ങിയവയിലൂടെ സ്വരൂപിക്കുന്ന പണത്തില്‍ നിന്നും മേല്‍ സൂചിപ്പിച്ച ഗുണ്ടായിസങ്ങള്‍ക്ക് പ്രോത്സാഹനമെന്നോണം ലക്ഷങ്ങള്‍  ചെലവഴിക്കുന്നത് നീതീകരിക്കാനാവില്ല. അത് പ്രസ്തുത കേസുകളിലെ പ്രതികളായ അക്രമികളില്‍ നിന്നോ അവരുടെ പാര്‍ട്ടികളില്‍ നിന്നോ  ഈടാക്കുകയാണ് വേണ്ടത്.

(Published in Thejas Daily 03-03-2018)
Anvar Vadakkangara
JlZAN - KSA
Mob/W.No.: 966507588672

FOR MORE READING
Visit and Like:
*Face Book Page*
https://www.facebook.com/Janasamakshamblog/
*Blog*
http://janasamaksham.blogspot.com/




No comments: