1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, August 20, 2017

നിയമ ലംഘനമാണോ ദേശസ്നേഹം


നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം നിയമം, കോടതി, ഭരണഘടന,പോലീസ് തുടങ്ങിയ രാഷ്ട്രത്തിന്റെ നെടുംതൂണുകളെയെല്ലാം ധിക്കരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി മുതൽ ചോട്ടാ നേതാക്കൾ വരെ പെരുമാറുന്നതും സംസാരിക്കുന്നതും.


വലിയ വായിൽ ദേശസ്നേഹം വിളമ്പുകയും മറ്റുള്ളവരുടെ ദേശ സ്നേഹം അളന്ന് നടക്കുകയും ചെയ്യുന്ന സംഘപരിവാറിന്‍റെ എം പി മാർക്കും നേതാക്കൾക്കും നാലുവരി വന്ദേമാതരം പാടാനോ ദേശീയ ചിന്ഹങ്ങളെ ആദരിക്കേണ്ട രീതികളോ വശമില്ല എന്നതിന്‍റെ ഉദാഹരണങ്ങളാണ് ഗുജറാത്തിലും പാലക്കാട്ടുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്.
നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയും സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും തിരെഞ്ഞെടുപ്പുകളിലും മറ്റും കൃത്രിമങ്ങള്‍ കാണിച്ചും ലവ് ജിഹാദു പോലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ഏതടവുകളും പയറ്റാനും നിയമങ്ങൾ പരസ്യമായി ലംഘിച്ച് വെല്ലുവിളിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടരെന്നു സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.

രാജ്യത്ത് അനീതിയും അക്രമണവും വർഗീയ കലാപങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തി മുന്നേറുന്ന സംഘപരിവാർ ഗൂഢതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് തന്ത്രപൂർവ്വം നേരിടാനും ശക്തമായ ബോധവൽക്കരണം നടത്താനും സമാധാന കാംക്ഷികൾ രംഗത്തിറങ്ങണം. അതോടൊപ്പം സംഘപരിവാർ മുതലെടുപ്പ് നടത്തുമെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അവർക്ക് പാദസേവ ചെയ്യുന്നവരുടെ കാപട്യം തുറന്ന് കാണിക്കുകയും വേണം. (Published in Thejas Daily (18-08-17)



No comments: