1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, November 7, 2016

ഒരു കൂട്ടക്കൊലയും കുറെ രസിക്കാത്ത തമാശകളും

ഭോപ്പാല്‍ സെൻട്രൽ ജയിലിൽ വർഷങ്ങളോളമായി വിചാരണ തടവുകാരായി പീഡിപ്പിക്കപ്പെട്ടിരുന്ന  സിമി പ്രവർത്തകരെ കൂട്ടക്കൊല ചെയ്ത സംഭവം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും  സുരക്ഷാ സംവിlധാനത്തിന്റെയും കഴിവുകേടും പോലീസ് സേനയിലെ സംഘ് പരിവാർ ശക്തികളുടെ  ഹിഡൻ അജണ്ടകളുമാണ് വ്യക്തമാക്കുന്നത്.
 
അതീവ സുരക്ഷയുള്ള ജയിലിലെ വ്യത്യസ്ഥ സെല്ലുകളിൽ താമസിക്കുന്ന  പ്രതികൾ സ്പൂണും ചോറ്റുപാത്രവുമുപയോഗിച്ച് വാർഡനെ കൊല്ലുന്നു, ടൂത്ത് ബ്രഷ് ഉപയോഗിച്ച്  തങ്ങളുടെ സെല്ലുകൾ തുറക്കുന്നു, ബെഡ്ഷീറ്റ് ഉപയോഗിച്ച് 32 അടി ഉയരമുള്ള മതിൽ ചാടി  എട്ടു പ്രതികളും ഒത്തൊരുമിച്ച്  പുറത്തിറങ്ങുകയും തങ്ങൾക്കിഷ്ടപ്പെട്ട ജീൻസും ഷൂവുമൊക്കെ വാങ്ങി തൊട്ടടുത്ത ഗ്രാമത്തിലെത്തിയപ്പോഴാണ്  സിറ്റി പോലീസിന്റെയും ഭീകരതാ വിരുദ്ധ സേനയുടെയും വലയിൽ കുടുങ്ങുന്നത്. ഏതാണ്ട് ഒരു മണിക്കുറോളം നീണ്ട  പോരാട്ടത്തിനിടയിലാണ് പ്രതികളെ അതിസാഹസികമായി കൊന്ന് കീഴ്പ്പെടുത്താൻ സേനക്ക് സാധിച്ചതത്രേ. പ്രസ്തുത ഓപ്പറേഷനിൽ പങ്കെടുത്ത ധീരന്മാർക്ക്‌ 15 ലക്ഷം രൂപ പാരിതോഷികം നലകാനും സർക്കാർ ആലോചിക്കുന്നുണ്ടത്രേ.

തീവ്രവാദത്തിനെതിരെ ആളെക്കൂട്ടാന്‍ ലോകം മുഴുവന്‍ തെണ്ടി നടക്കുന്ന, ശാസ്ത്ര സാങ്കേതിക രംഗത്ത്‌ ഉന്നതിയില്‍ നില്‍കുന്ന ഒരു മഹാരാജ്യത്ത് നടന്ന സംഭവത്തിന്റെ സര്‍ക്കാര്‍ ഭാഷ്യം അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ മീഡിയകളും കോടതികളും ഭരണകര്‍ത്താക്കളും ഉണ്ടാകുമ്പോള്‍ ഇതിലും വലിയ തമാശകള്‍ക്കായി നമ്മുക്ക് കാത്തിരിക്കാം, ഒപ്പം നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും തേങ്ങലുകള്‍ക്കും. (Published in Gulf Thejas 04-11-16) 


 
 

 

No comments: