1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, August 28, 2016

അറവ് മാലിന്യങ്ങൾ: ശാസ്ത്രീയ സംവിധാനങ്ങള്‍ ഏർപ്പെടുത്തുക

അറവ് മാലിന്യങ്ങൾ: ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്പ്പെുടുത്തുക
നമ്മുടെ നാടിന്റെ മുക്ക് മൂലകളിൽപ്പോലും ദിനംപ്രതി അറുക്കപ്പെടുന്ന പക്ഷിമൃഗാദികളുടെ അവശിഷ്ടങ്ങൾ  സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. നേരം ഇരുട്ടിയാൽ ഇത്തരം മാലിന്യങ്ങൾ വഹിച്ച് കൊണ്ട് വരുന്ന വാഹനങ്ങൾക്ക് കാവൽ നില്കേണ്ട ഗതികേടിലാണ് പൊതുജനം.
വിജനമായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും മാത്രമല്ല പൊതു നിരത്തുകളില്പ്പോലും ദുർഗന്ധം വമിക്കുന്ന അറവ് മാലിന്യങ്ങൾ അടങ്ങിയ  പ്ലാസ്റ്റിക്ക് ചാക്കുകൾ പതിവ് കാഴ്ചയാണ്.
ലോഡിന് 1000വും അതിലധികവും രൂപയുടെ വാഗ്ദാനങ്ങളുമായി ഒഴിഞ്ഞ പറമ്പുകളുളള ഭൂവുടമകളെ വശീകരിക്കാൻ ഗ്രാമങ്ങളിൽവരെ നിരവധി ഏജന്റുമാർ സജീവമായി രംഗത്തുണ്ട്. പറമ്പുകളിലും മറ്റും വലിയ കുഴികള്‍ ഉണ്ടാക്കി പ്ലാസ്റ്റിക്‌ ചക്കുകളിലടക്കം ചെയ്ത മാലിന്യങ്ങള്‍ ദ്രവിക്കാതെ കിടക്കുകയും ശക്തമായ ചൂടുകാരണം പുറത്തുവരികയും ചെയ്യുന്നു.  മഴപെയ്തു ഉറവുകള്‍ ഉണ്ടാകുന്നതോടെ ഈ മാലിന്യങ്ങള്‍ പരിസര പ്രദേശങ്ങളിലെ തോടുകളിലും കുടിവെള്ള കിണറുകളിലും ഒഴുകിയെത്തുന്നു.
കോളറ, ഡിഫ്ത്തീരിയ വിവിധ തരം പനികള്‍ തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന ഇത്തരം മലിനീകരണ പ്രവർത്തനങ്ങളെ ശക്തമായ രീതിയിൽ നിയന്ത്രണ വിധേയമാക്കാൻ ബന്ധപ്പെട്ടവർക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.
ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ലോകത്തെങ്ങും വിവിധ മാര്ഗങങ്ങള്‍ നടപ്പാക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ആരാന്റെി തൊടിയിലേക്ക്‌ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് മാന്യന്മാരായി ജീവിക്കുന്നു.
അതിനാൽ ബയോഗ്യാസ് പോലുളള സംവിധാനങ്ങൾ വ്യാപകമാക്കിയോ   പഞ്ചായത്തുകൾ തോറും ശാസ്ത്രീയമായ സംവിധാനങ്ങൾ കണ്ടെത്തിയോ അനുദിനം വർദ്ധിച്ച് വരുന്ന മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ ഇനിയെങ്കിലും സജീവമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
(Published in Thejas Daily 26-8-16)


No comments: