1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, April 9, 2016

പ്രവാസി പ്രശ്നങ്ങള്‍: വേണ്ടത് ഇച്ഛാശക്തി

പ്രവാസി പ്രശ്നങ്ങള്‍: വേണ്ടത് ഇച്ഛാശക്തി

ലക്ഷക്കണക്കിന്‌ പ്രവാസികള്‍ പ്രവാസ ലോകത്തും ജന്മനാട്ടിലും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് നമ്മുടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളും നേതാക്കളും ഏറെക്കുറെ ബോധവാന്‍മാരാണ്. കാരണം നാട്ടിലെ സകല മത, രാഷ്ട്രീയ  സംഘടനകളുടെയും പോഷക ഘടകങ്ങളും മറ്റു  സാംസ്കാരിക,പ്രദേശിക കൂട്ടായ്മകളും  ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഔദ്യോഗികമായും അനൌദ്യോഗികമായും പ്രസ്തുത സംഘടനകളുടെ നേതാക്കളും സര്ക്കാര്‍ പ്രതിനിധികളും ഇടയ്ക്കിടയ്ക്ക് നടത്തുന്ന ഗള്‍ഫു സന്ദര്‍ശന വേളകളിൽ  അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും നേരില്‍ കണ്ട് മനസിലാക്കാനും ബോധ്യപ്പെടുത്താനും അവസരം ഒരുക്കിക്കൊടുക്കാറുണ്ട്. അതേപോലെ ചില പ്രത്യേക ഇഷ്യുകള്‍ ഉണ്ടാകുമ്പോള്‍ നാട്ടിലും പ്രതിഷേധ പരിപാടികളും നിവേദനങ്ങൾ സമര്‍പ്പിക്കലും മറ്റും സാന്ദര്‍ഭികമായി നടത്തിവരുന്നു. ഇതേപോലുളള  അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ‘ഗള്‍ഫ് മാധ്യമവും’ അതിന്‍റെ സാരഥികളും ഗൌരവപൂര്‍വ്വം പ്രവാസി വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതും പതിവാണ്.

എന്നാൽ രാജ്യത്തിന്റെ സാമ്പത്തികനില താങ്ങി നിര്‍ത്തുന്ന, ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാഭ്യാസ, സാമൂഹ്യ,സാസ്കാരിക മേഖലകളില്‍ ഇന്ന് കാണുന്ന ഉണർവിനും പുരോഗതിക്കും താങ്ങും തണലുമായ, സ്വന്തം പ്രയാസങ്ങള്‍ മറന്ന് കൂടെപ്പിറപ്പുകള്‍ക്ക് വേണ്ടി മെഴുകുതിരിയെപ്പോലെ കത്തിത്തീരുന്നവരുടെ അവസ്ഥ  എലിയെത്ര കരഞ്ഞിട്ടെന്താ പൂച്ചക്ക് കണ്ണീര്‍ വരണ്ടേ എന്ന് പറയും പോലെയാണ്.കറവപ്പശു, കറിവേപ്പില , മെഴുകുതിരി തുടങ്ങിയ പദങ്ങൾ ഇന്ന് പ്രവാസികളുടെ പര്യായങ്ങളായി മാറിയിരിക്കുന്നു.

അതിനാല്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കുകയും ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രകടനപത്രികയിൽ  പ്രവാസികൾക്ക് വേണ്ടി നടപ്പാക്കാൻ  കഴിയുന്ന കാര്യങ്ങൾ മാത്രം പ്രഖ്യാപിക്കുകയും അവരുടെ പ്രശ്നങ്ങള്‍   പരിഹരിക്കാന്‍ ഇച്ഛാശക്തി കാണിക്കുകയും ചെയ്യാനുളള സുവർണ്ണാവസരമാണ് സമാഗതമായികൊണ്ടിരിക്കുന്നതെന്ന് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളോടും മുന്നണികളോടും അപേക്ഷിക്കുന്നു.



(Published In G.Madhyamam 8-4-16) 

No comments: