1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, January 16, 2016

അന്നം തരുന്ന നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നു.

അന്നം തരുന്ന നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നു.

സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലെ ഷുഖൈഖിലേക്ക് പുതിയ വിസയില്‍ ജോലിക്കെത്തിയ ഹരിപ്പാട്‌ സ്വദേശികളായ മൂവര്‍ സംഘത്തിലെ കാര്‍ത്തികപ്പള്ളി ബൈജുവിനെ തന്‍റെ സ്പോണ്‍സര്‍ അക്രമിക്കുന്നതിന്റെ വീഡിയോ ക്ലിപ്പിംഗ് സോഷ്യല്‍ മീഡിയയും ദേശീയ മാധ്യമങ്ങളും പതിവുപോലെ ആഘോഷിച്ചു. വിഷയം  വലിയ ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് കഴിഞ്ഞ ദിവസം മൂന്നുപേരെയും നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു.. എന്നാല്‍, സംഘപരിവാര്‍ ബന്ധമുള്ള ഒരു പ്രവാസി കൂട്ടായ്മയുടെയും നാട്ടിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെയും നിര്‍ദ്ദേശങ്ങളനുസരിച്ചു ബൈജു ആസൂത്രണം ചെയ്ത നാടകമായിരുന്നത്രേ ഇതെല്ലാം.

ദിവസങ്ങളോളം ജോലിക്കെത്താതിരിക്കുകയും ഫോണ്‍ വിളിച്ചാല്‍ മറുപടി പറയാതിരിക്കുകയും ചെയ്തതോടെ അവരുടെ പ്രശ്നങ്ങള്‍ സൗദിയിലേക്ക് കൊണ്ടുവന്ന ഏജന്റുമായി ചര്‍ച്ച ചെയ്തു പിരിഞ്ഞ ശേഷം മൂന്ന് പേരും സ്പോണ്സറുടെ ഓഫീസ് പരിസരത്ത് തന്നെ നില്‍ക്കുകയും ആളൊഴിഞ്ഞ സമയം നോക്കി സ്പോണ്‍സറെ ചീത്ത വിളിച്ചും മറ്റുമായി പ്രകോപിപ്പിക്കുകയുമായിരുന്നു. സ്പോണ്‍സര്‍  ആത്മരക്ഷാര്‍ത്ഥം അവരെ ആട്ടിയോടിക്കുന്ന രംഗം മറ്റൊരാള്‍ മുന്‍ തീരുമാനമനുസരിച്ച് മൊബൈലുപയോഗിച്ചു വീഡിയോവില്‍ പകര്‍ത്തുകയായിരുന്നു.

ഇന്ത്യക്കാരടക്കം നിരവധി വിദേശ തൊഴിലാളികളുമായി ഇരുപത്തിയഞ്ച് വര്‍ഷമായി സ്ഥാപനം നടത്തുന്ന അബ്ദുല്ല അല്‍ ബാറക്കിയെകുറിച്ച് ശുഖൈക്കില്‍ മലയാളികള്‍ക്കാര്‍ക്കും  ഒരു പരാതിയുമില്ല. രണ്ട് വര്ഷം മുമ്പ് ജോലിക്കിടയില്‍ അപകടത്തില്‍ മരിച്ച മാര്‍ത്താന്ടം സ്വദേശിയടക്കമുള്ള മൂന്നുപേരുടെ കുടുംബത്തിന് അബ്ദുല്ല ബാറക്കി മാസം തോറും സഹായധനം അയച്ചു കൊടുക്കുന്നയാളാണ് ബാറക്കി.


പുതുതായി ജോലിക്ക് വന്ന ഇവരുടെ തൊഴില്‍  കരാര്‍ രണ്ട് വര്ഷം എന്നുള്ളത് ഒരു വര്‍ഷമായി ചുരുക്കുകയും ശമ്പളം ഇരുനൂര്‍ റിയാല്‍ കൂട്ടിക്കൊടുക്കാനും എജന്റുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. പക്ഷേ, നാട്ടിലേക്ക് സൗജന്യമായി പോവാനുള്ള ബൈജുവിന്‍റെ ഗൂഡതന്ത്രമാണ് കനിച്ചനല്ലൂര്‍ സ്വദേശികളായ വിമല്‍ കുമാര്‍, അഭിലാഷ് എന്നിവര്‍ക്കും തിരിച്ചു പോരേണ്ടി വന്നത്.

മരുഭൂമിയില്‍ ആട് ജീവിതം നയിക്കുന്നവര്‍ മുതല്‍ സ്വന്തമായി ബിസിനസ് സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തവരും വലിയ കമ്പനികളുടെ ഉന്നത സ്ഥാനത്തിരിക്കുന്നവരടക്കം മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ പോലുള്ള സംഘടനകളുടെ സഹായത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. നാട്ടിലെത്തിയവരെ സ്വീകരിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റടക്കമുള്ള നേതാക്കള്‍ വിമാനത്താവളത്തിലും വീട്ടിലുമെത്തിയത് വെറുതെയല്ല.

(PUBLISHED IN THEJAS DAILY 13-1-15)


No comments: