1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, April 25, 2015

‘മധുരമെന്‍ മലയാളം’ പദ്ധതി തുടരണം

കേരള സര്‍ക്കാറിന്റെ കീഴിലെ മലയാളം ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിദേശ മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച ‘മധുരമെന്‍ മലയാളം’ പദ്ധതി ശ്രദ്ധേയവും അവസരോചിതവുമായ പരിപാടിയാണ്.

എന്‍റെ ഗള്‍ഫ് ജീവിതത്തിനിടയില്‍ ഏറെ അത്ഭുതപ്പെടുത്തുകയും സഹതാപം തോന്നുകയും ചെയ്ത ചില കാര്യങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. ഉന്നത വിദ്യാഭ്യാസം നേടി മള്‍ട്ടി നാഷണല്‍ കമ്പനികളിലും മറ്റും ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന മുസ്ലിം സഹോദരന്മാരില്‍ ചിലര്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെ അവസാന അദ്ധ്യായങ്ങള്‍ പോലും തെറ്റുകൂടാതെ പാരായണം ചെയ്യാനറിയില്ല. അതേപോലെ ആംഗലേയ ഭാഷയുടെ അതിപ്രസരമില്ലാതെ മലയാളം നന്നായി സംസാരിക്കാനോ സ്വന്തം പേരുപോലും തെറ്റില്ലാതെ എഴുതുവാനോ അറിയാത്ത വിദ്യാര്‍ഥികള്‍ മാത്രമല്ല മുതിര്‍ന്നവരെയും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പത്തും പന്ത്രണ്ടും ക്ലാസുകളിലെ പഠനം കഴിഞ്ഞ് ‘ഉപരിപഠനാര്‍ത്ഥം’ നാട്ടിലേക്ക് പോകുന്ന കുട്ടികളില്‍ ചിലര്‍ക്ക് ബസ്സിന്റെ ബോര്‍ഡുപോലും വായിക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നു.അതിനാല്‍ മധുരമെന്‍ മലയാളം പദ്ധതി പതിവ്  കേെെമ്പന്‍ പരിപാടികള്‍ പോലെ പെട്ടന്ന് അവസാനിപ്പിക്കരുത്. പ്രവാസി സമൂഹത്തിന്‍റെ താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് നവസാമൂഹ്യ മാധ്യമങ്ങളും മറ്റും ഉപയോഗപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുകയും ‘മധുരമെന്‍ മലയാളം ക്ലബ്ബ്’ പോലുള്ള കൂട്ടായ്മകള്‍ രൂപീകരിച്ച് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചു മാതൃഭാഷ പരിജ്ഞാനം പകര്‍ന്നു കൊടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഗള്‍ഫ് മാധ്യമത്തില്‍ നിന്നുണ്ടാകുന്നത് ഏറെ പ്രയോജനപ്പെടും. (PUBLISHED IN GULF MADHYAMAM 11 – 4 – 15)
No comments: