കേന്ദ്ര എയര്‍പ്പോര്‍ട്ട്
അതോറിറ്റി പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍ വരുന്ന
മേയ് ഒന്ന് മുതല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന റണ്‍വേ നവീകരണ പ്രവര്‍ത്തനത്തിന്‍റെ
ഭാഗമായുള്ള യാത്രാനിയന്ത്രണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വലിയ വിമാനങ്ങള്‍ക്ക്
നിരോധമേര്‍പ്പെടുത്തിയ അവസരം മുതലെടുത്ത് മറ്റുള്ളവര്‍ തോന്നിയപോലെ നിരക്കുകള്‍
വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള കഴുത്തറുപ്പന്‍ മത്സരവും തുടങ്ങിക്കഴിഞ്ഞു.
ഇതര ഗള്‍ഫ് രാജ്യങ്ങളില്‍
നിന്നും വ്യത്യസ്തമായി വ്യോമഗതാഗതം ഉപയോഗപ്പെടുത്തി മാത്രം നാട്ടില്‍നിന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍
എത്തിച്ചേരുന്ന പുണ്യഭൂമികൂടിയാണ് സൗദി അറേബ്യ. വിസപുതുക്കുന്നതിനും മറ്റുമായി ഗള്‍ഫിലേക്ക്
തിരിച്ചുവരാന്‍ വേനലവധി കാത്തിരിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിന്
പ്രവാസി കുടുംബങ്ങള്‍, റമദാന്‍, ഹജ്ജ് മാസങ്ങളില്‍ ഉംറക്കും ഹജ്ജിനുമായി
പുണ്യഭൂമിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ക്കൊക്കെ ഏറെ പ്രയാസവും സാമ്പത്തിക
നഷ്ടവുമാണ് വലിയ വിമാനങ്ങള്‍ അവയുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നതിലൂടെ
സംഭവിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഈ
യാത്രാ പ്രശ്നത്തിന് ഇതര ഗള്‍ഫ് നാടുകളെക്കാള്‍ കൂടുതല്‍ സജീവമായി രംഗത്തിറങ്ങാന്‍
സൗദിയിലെ പ്രവാസി കൂട്ടായ്മകള്‍ക്ക് ഏറെ
ബാധ്യതയുണ്ട്.
തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ
മാത്രം ക്ഷണിച്ചുകൊണ്ടുള്ള ചില പൊതുപരിപാടികളും പ്രവാസി വിഷയങ്ങളില്‍ പതിവുപോലെ
നടക്കാറുള്ള പ്രമേയ, പത്രപ്രസ്താവനകളുമാണ് സൗദിയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഒന്നര മാസത്തിനു ശേഷം എയര്‍പ്പോര്‍ട്ട് അതോറിറ്റി അവരുടെ പദ്ധതികളുമായി മുന്നോട്ടു
പോകുമ്പോള്‍ കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന കാരണം പറഞ്ഞ് രക്ഷപ്പെടാനാണോ
പ്രവാസി സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്?. അതിനാല്‍ മത - രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക സംഘടനകളുടെ വലുപ്പ
ചെറുപ്പവും പ്രവര്‍ത്തന ശൈലികളും നോക്കാതെ ഒരേ മേശക്ക് ചുറ്റുമിരുത്തി ഭാവി കര്‍മ്മപരിപാടികള്‍
ആസൂത്രണം ചെയ്തുകൊണ്ടുള്ള ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ ഇതേപോലുള്ള വിഷയങ്ങള്‍ക്ക്
പരിഹാരം കാണാന്‍ സാധിക്കൂ.
നേതാക്കന്മാരുടെ
അഭിപ്രായപ്രകടനങ്ങളും പ്രസ്താവനകളും മാത്രം കേട്ടിരുന്നാല്‍ മലപ്പുറം, പാലക്കാട്
ജില്ലക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന മലപ്പുറത്തെ എയര്‍ ഇന്ത്യ ഓഫീസ്
നഷ്ടപ്പെട്ടതുപോലെ കോഴിക്കോട് വിമാനത്താവളവും പാവപ്പെട്ട പ്രവാസികള്‍ക്ക് ഉപകാരപ്പെടാത്ത
അവസ്ഥയിലേക്ക് മാറുന്ന കാലം അതിവിദൂരമല്ല. (Published
in Thejas Daily 14-3-15)
No comments:
Post a Comment