1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, February 24, 2015

ഗുണ്ട്ടായിസത്തിനും സര്ക്കാകര്‍ സഹായം!

നാദാപുരം സംഭവത്തില്‍ വധിക്കപ്പെട്ട ഷിബിന്റെ കുടുംബത്തിന്  25 ലക്ഷം രൂപ, തൃശൂരിലെ കോടീശ്വരനായ വ്യവസായി കാറിടിച്ച് കൊന്ന ചന്ദ്രബോസിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ. സഹപാഠികളുടെ റാഗിംഗിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മദ്യപിച്ച് ലക്കുകെട്ടവരുടെയും മറ്റും  ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്ന കൊച്ചു കുഞ്ഞുങ്ങളുടെയും  ബന്ധുമിത്രാദികളുടെയും സംരക്ഷണവും ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ചെലവില്‍. ഈ അടുത്തകാലത്ത് സമാനമായ സംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ സാരമായ പരുക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നിര്‍ലോഭം ധനസഹായം നല്‍കുന്ന പ്രവണത കൂടിവരികയാണ്.
പ്രകൃതി ദുരന്തം, അപകടം, രോഗം, വിഷബാധ തുടങ്ങിയവ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും വല്ലതും കിട്ടണമെങ്കില്‍ മാസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയും ബന്ധപ്പെട്ടവരെ കാണേണ്ടവിധം കാണുകയും ചെയ്താലേ കാര്യങ്ങള്‍ നടക്കാറുളളു എന്നതിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും മുഖ്യമന്ത്രിയുടെ     ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷിച്ചവരുടേയും അനുഭവങ്ങള്‍ തന്നെ മികച്ച ഉദാഹരണങ്ങളാണ്.


ഹുങ്കിന്‍റെയും പണക്കൊഴുപ്പിന്‍റെയും അധികാര, രാഷ്ട്രീയ കേന്ദ്രങ്ങളിലുളള സ്വാധീനത്തിന്‍റെയും മറവില്‍ ചിലര്‍ നടത്തുന്ന ഗുണ്ടായിസത്തിന് ഇരയാകുന്നവര്‍ തീര്‍ച്ചയായും ധനസഹായത്തിനും സംരക്ഷണത്തിനും അര്‍ഹരാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല പക്ഷേ, സാമ്പത്തിക പ്രയാസം കൊണ്ട് കഷ്ടപ്പെടുന്ന ഒരു സര്‍ക്കാര്‍ അതിന്‍റെ ഖജനാവിലേക്ക് പാവപ്പെട്ടവരില്‍ നിന്നും വസൂലാക്കുന്ന നികുതി, പിഴ തുടങ്ങിയവയിലൂടെ സ്വരൂപിക്കുന്ന പണത്തില്‍ നിന്നും മേല്‍ സൂചിപ്പിച്ച ഗുണ്ടായിസങ്ങള്‍ക്ക് പ്രോത്സാഹനമെന്നോണം ലക്ഷങ്ങള്‍  ചെലവഴിക്കുന്നത് നീതീകരിക്കാനാവില്ല. (Published in Gulf Madhyamam 21-2-15)No comments: