1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, October 20, 2014

ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ ചില നിര്‍ദേശങ്ങള്‍

ഇസ്ലാമികാചാരമനുസരിച്ച് വളരെ ലളിതമായി നടത്തേണ്ട വിവാഹവും അതിനോടനുബന്ധിച്ചുളള ചടങ്ങുകളും ഇന്ന് ധൂര്‍ത്തിന്‍റെയും പൊങ്ങച്ചത്തിന്റെയും മഹാമേളകളായും ക്രമസമാധാനം തകര്‍ക്കുന്ന സാമൂഹ്യവിപത്തായും മാറിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ പണവും സമൂഹത്തെ ബാധിച്ച സാംസ്കാരിക അധ:പതനവുമാണ് ഇതിന്‍റെ പ്രധാന കാരണം.

മുസ്ലിം സമുദായത്തിന്  മൊത്തം നാണക്കേടുണ്ടാക്കുന്ന രീതിയില്‍ വിവാഹ ചടങ്ങുകളിലെ  കോമാളിത്തരങ്ങളും അമിതാഘോഷങ്ങളും നിയന്ത്രിക്കുന്നതിനായി മുസ്ലിം ലീഗും അതിന്‍റെ പ്രവാസി കൂട്ടായ്മകളും സജീവമായി രംഗത്തിറങ്ങിയത്  അഭിനന്ദനീയമാണ്. കേരളത്തിലെ ജനകീയാടിത്തറയുളള മത, രാഷ്ട്രീയ സംഘടനകള്‍ വ്യവസ്ഥാപിതമായ രീതിയില്‍ നിയന്ത്രണങ്ങളും ബോധവല്‍ക്കരണ പരിപാടികളുമായി മുന്നോട്ട് പോയാല്‍ ഇത്തരം വിഷയങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.


പക്ഷേ, മഹത്തായ ഇത്തരം ദൌത്യങ്ങള്‍ വിജയം കാണാന്‍ ആദ്യമായി വേണ്ടത് പണവും ജനസ്വാധീനവും അധികാരവും കൊണ്ട് സംഘ്ടനകളെയും മഹല്ല് കമ്മിറ്റികളെയും അടക്കി വാഴുന്നവരെ കണിശമായി നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം. അതോടൊപ്പം മഹല്ല്, സംഘടന നേതൃത്വങ്ങളും ധനികരും ലളിതമായ രീതിയില്‍ വിവാഹങ്ങളും അതിനോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളും നടത്തി മാതൃക കാണിച്ചുകൊടുക്കുകയും വേണം.  

വിവാഹാവശ്യത്തിന് ധനസഹായം നല്‍കാത്ത പ്രവാസി കൂട്ടായ്മകള്‍ പ്രവാസലോകത്ത് കാണില്ല. പ്രസ്തുത വിഷയത്തിലേക്ക് അയച്ചുകൊടുക്കുന്ന ധനസഹായം ഒരു തരത്തിലുളള ധൂര്‍ത്തിനും ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നാട്ടിലെ മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധിക്കണം.

സംഘടന ഭേദമന്യേ മഹല്ലുകള്‍തോറും ശക്തമായ ബോധവല്‍ക്കരണ പരിപാടികളും ക്രിയാത്മകമായ ഇടപെടലുകളും നടത്താന്‍ ശ്രമിക്കണം.

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കല്യാണങ്ങളും അനുബന്ധ സല്‍ക്കാരങ്ങളും ആര്‍ഭാടപൂര്‍വ്വം കൊണ്ടാടുന്ന ഗൃഹപ്രവേശം പോലുളള ചടങ്ങുകളും നടത്തുന്നവരെ ബന്ധപ്പെട്ടവര്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കണം. എന്നിട്ടും പിന്തിരിയാത്തവരുടെ ചടങ്ങുകള്‍ ബഹിഷ്കരിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ആഹ്വാനം  ചെയ്യണം.


മത, രാഷ്ട്രീയ സംഘടനകള്‍ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി സമയബന്ധിതമായി നടത്തിവരാറുളള പതിവ് കാമ്പയിനുകളില്‍ നിന്ന് വ്യത്യസ്തമായി മഹത്തായ ഈ ദൌത്യം വിജയം കാണുന്നത് വരെ മുന്നോട്ടു പോകാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ലെങ്കില്‍  അഭിനവ ധൂര്‍ത്തന്മാരുടെ മുമ്പില്‍ പരിഹാസ്യരായേക്കാം..
 (Published in Gulf Madhyamam 18 Oct 2014)No comments: