1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Friday, September 12, 2014

ഭരണാധികാരികള്‍ക്ക് സുപ്രീംകോടതിയുടെ ഉപദേശം

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും രാജ്യത്തിന്‍റെ ശാപമായി മാറിയ അഴിമതിയും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തിയതായും ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും തകര്‍ത്തതായും സുപ്രീംകോടതി ഈയിടെ നടത്തിയ നിരീക്ഷണം ഏറെ പ്രസക്തവും സ്വാഗതാര്‍ഹവുമാണ്.



അതിനാല്‍ ഭരണഘടനപരമായ ധാര്‍മികതയും ഉത്തരവാദിത്തവും മനസിലാക്കി ഭരണഘടന സ്ഥാപനങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ക്രിമിനല്‍, അഴിമതിക്കേസ് പ്രതികളെ മന്ത്രിമാരായി നിയമിക്കരുതെന്ന് പ്രധാനമന്ത്രിയോടും, മുഖ്യമന്ത്രിമാരോടും  സുപ്രീംകോടതി ഉപദേശിച്ചു. ക്രിമിനലിസവും പണാതിപത്യവും അടക്കി വാഴുന്ന ഇന്ത്യന്‍ ജനപ്രതിനിധി സഭകളില്‍ വലിയൊരു ശതമാനം ക്രിമിനലുകളും വന്‍കിട കോര്‍പറേറ്റുകളുടെ ദല്ലാളന്മാരുമാണ്. സിവില്‍ സര്‍വീസില്‍ വിചാരണ നേരിടുന്നവരെ നിയമിക്കാത്തതുപോലെ മന്ത്രിസഭകളില്‍ ഇത്തരക്കാരെ ഒഴിച്ച് നിര്‍ത്താന്‍ പ്രത്യേക നിയമ വ്യവസ്ഥകള്‍ ഇല്ലത്രേ.

എന്നാല്‍ നല്ല ദിനങ്ങളുടെ വാഗ്ദാനവുമായി അധികാരമേറ്റ  നരേന്ദ്രമോഡിയുടെ മന്ത്രിസഭയില്‍ ഒരു ഡസനിലധികം  മന്ത്രിമാര്‍ ക്രിമിനലുകളാണത്രേ. കേരളമടക്കം പല സംസ്ഥാനങ്ങളിളും മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ  അഴിമതിയും ക്രിമിനല്‍ ബന്ധങ്ങളും അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു.

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള നിയമനിര്‍മ്മാണസഭകളിലും സര്‍ക്കാര്‍ മിഷിനറികളിലും നാടിനേയും നാട്ടുകാരേയും സ്നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുകയും  ചെയ്യുന്ന ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രമാണ് രാജ്യത്ത്‌ പുരോഗതിയും സമാധാനവും കളിയാടുകയുള്ളു.

                   (Published in Thejas Daily 10-9-2014)


No comments: