1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, August 23, 2014

ന്യൂനപക്ഷങ്ങള്‍ അവസരത്തിനൊത്തുണരണം

മോഡി സര്‍ക്കാറിന്‍റെ ആശീര്‍വാദത്തോടെയും അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുളള ആര്‍. എസ് എസ് അജണ്ട നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകളും സമാനമനസ്കരും.

വ്യത്യസ്ത സമുദായങ്ങള്‍ പരസ്പരം സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന ഇന്ത്യയിലെ കൊച്ചു ഗ്രാമങ്ങളില്‍പ്പോലും നിസ്സാര പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിച്ചും കള്ളക്കഥകള്‍ മെനഞ്ഞും ബോധപൂര്‍വ്വം സംഘര്‍ഷങ്ങളും കലാപങ്ങളും ഉണ്ടാക്കി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയാണ് അധികാരത്തിലെത്താനുള്ള കുറുക്കുവഴിയെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയവരാണ് മോഡിയും കൂട്ടരും.  ഗുജറാത്ത്, യുപി വഴി കേരളം ലക്ഷ്യമാക്കി വരുന്ന മോഡിയുടെ ഇലക്‌ഷന്‍ മാനേജരും ബിജെപി അധ്യക്ഷനുമായ അമിത്‌ഷായുടെ വരവ് കേരളത്തിന്‍റെ സാമൂഹ്യ അന്തരീക്ഷത്തെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന് കാത്തിരിന്നു കാണാം.

അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഒപ്പിച്ച കള്ളസര്‍ട്ടിഫിക്കട്ടിന്റെ മറവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി വാണരുളുന്ന സ്മൃതി ഇറാനിയും ശിക്ഷാ ബച്ചാവോ ആന്ദോളന്‍, വിദ്യാഭാരതി എന്നീ പരിവാര്‍ സംഘടനകളുടെ നേതാവും വിദ്യാഭ്യാസത്തിന്‍റെ ഭാരതവല്‍ക്കരണം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമായ ദിനാഥ്‌ ബത്രയും ഗുജറാത്തില്‍നിന്നും തുടക്കം കുറിച്ച മസ്തിഷ്ക പ്രക്ഷാളന പരിപാടി നാടൊട്ടുക്കും നടപ്പാക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യ അഭൂതപൂര്‍വമായ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍പ്പോലും ഒട്ടേറെ വിഡ്ഢിത്തരങ്ങളും പഴമ്പുരാണങ്ങളും പഠിക്കാന്‍ നിര്‍ബന്ധിതരാകുമെന്നതിന് ദിനാഥ്‌ ബത്രയുടെ ഗുജറാത്ത് മോഡല്‍ സിലബസ് തന്നെ സാക്ഷി.



രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതുന്നതിനുവേണ്ടിയും വിദ്യാഭ്യാസ രംഗത്തും അക്കാദമിക്ക് തലത്തിലും നടപ്പാക്കാന്‍ പോകുന്ന കാവിവല്‍ക്കരണത്തിന്‍റെ തുടക്കമെന്നനിലയില്‍ മോഡി സര്‍ക്കാര്‍ അധികാരമേറ്റയുടനെ നോര്‍ത്ത് ബ്ലോക്കിലെ കൂറ്റന്‍ സ്റ്റീല്‍ അലമാരകളില്‍നിന്നുമെടുത്തു കത്തിച്ച ഒന്നര ലക്ഷത്തോളം ഫയലുകളില്‍ ഗാന്ധിവധമടക്കമുള്ള ഒട്ടേറെ സുപ്രധാനവും അപൂര്‍വ്വവുമായ രേഖകള്‍ ഉണ്ടായിരുന്നുവെത്രേ.

അതിനാല്‍ മുസ്ലിം പിന്നാക്ക സമുദായങ്ങള്‍ വളരെ ഉത്തരവാദിത്തബോധത്തോടെയും ജാഗ്രതയോടെയും സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.


സ്വാതന്ത്ര്യസമരകാലത്ത് നാടിനെ ഒറ്റുകൊടുത്തവരുടെയും ഇന്നും അതിന്‍റെ പങ്കുപറ്റി നടക്കുന്നവരുടെയും കാപട്യങ്ങള്‍ തുറന്നുകാണിക്കാനും സ്വാതന്ത്ര്യത്തിന് വേണ്ടി സര്‍വ്വതും ത്യജിച്ച യഥാര്‍ത്ഥ ധീരദേശാഭിമാനികളുടെ ചരിത്രങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനും മദ്രസാസിലബസ്സുകളും മറ്റു മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. (Published in Thejas Daily 23-8-14)


No comments: