1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, April 9, 2014

ഇവര്‍ ഇനിയും നമ്മെ ഭരിക്കും

പതിനാറാം ലോക സഭ തെരഞ്ഞെടുപ്പാഘോഷം അതിന്‍റെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണല്ലോ. ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന നിയമ നിര്‍മ്മാണ സഭകളില്‍ വന്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ദല്ലാള്‍മാരുടെയും ക്രിമിനലുകളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഈ തിരെഞ്ഞെടുപ്പിലും കാണുന്നത് രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരാര്‍ഥികളില്‍ അമ്പത്തിയാര്‍ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനലുകളാണ്. ജനപ്രതിനിധി സഭകളില്‍ ക്രിമിനലുകള്‍ എത്തുന്നത്‌ തടയാന്‍ വേണ്ടി കുറ്റകൃത്യങ്ങളില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടവരെ അയോഗ്യരാക്കുന്ന നിയമം കഴിഞ്ഞ ജൂലായിയില്‍ സുപ്രീകോടതി പുറപ്പെടുവിച്ചിട്ടും ഇതാണ് സ്ഥിതി. ഇപ്പോള്‍ നമ്മുടെ കേരളത്തിലെ 48% ജനപ്രതിനിധികളും ക്രിമിനല്‍കേസുകളില്‍ പെട്ടവരാണത്രേ.  ഇതേപോലുള്ള കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും  കൊള്ളക്കാര്‍ക്കും അഴിമതി വീരന്‍മാര്‍ക്കും കൊലപാതകികള്‍ക്കും രാഷ്ടീയ തൊഴിലില്‍ നിന്നും  റിട്ടയര്‍മെന്റ് തീരെയില്ല എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം.

രാജ്യത്തെ കോടിക്കണക്കിന് വിലയേറിയ വോട്ടര്‍മാര്‍ക്ക് തെരെഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വോട്ടു ചെയ്തുകൊടുക്കുന്ന പണിയല്ലാതെ അവരുടെതായ പ്രശ്നങ്ങള്‍ കാണാനോ പരിഹരിച്ചു കൊടുക്കാനോ മേല്‍ പറഞ്ഞ ഏമാന്‍മാര്‍ക്ക്‌ സമയം തികയാറില്ല. ഇനി ഒറ്റപ്പെട്ടവല്ലവരും ചെയ്യുന്നുണ്ടെങ്കില്‍ അതവരുടെ ഉത്തരവാദിത്വം മാത്രമാണ്. അവരുടെ ഔദാര്യമല്ല. ഇത് തന്നെയാണ് പ്രവാസി പ്രശ്നങ്ങളിലും സംഭവിക്കുന്നത്.


ഗള്‍ഫില്‍ കാല്‍കുത്തുന്നത് മുതല്‍ നാട്ടിലെത്തുന്നത് വരെ നേതാക്കന്‍മാരെ താങ്ങി നടക്കുന്നവരെയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ നടത്തി അണികളെ ആവേശം കൊള്ളിക്കുന്ന നേതാക്കളെയും മനസ്സിലാക്കാത്തിടത്തോളം കാലം പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു തെരെഞ്ഞെടുപ്പ് മാമാങ്കങ്ങള്‍ക്കും സാധിക്കില്ലെന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കുമോ? (G.Madhyamam 08 April 2014)


1 comment:

ajith said...

ജന“സേവകര്‍”