1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, April 1, 2014

ആധാര്‍ : കോടതി വിധി ലംഘിക്കുന്നവര്‍ക്കെതിരെ നടപടി വേണം

പൗരന്മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സേവനം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് അവസരോചിതവും സ്വാഗതാര്‍ഹവുമാണ്. 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും നല്‍കാന്‍ നിര്‍ദ്ദേശിച്ച വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (യുനീക്ക് ഐഡന്റിറ്റി) എന്നറിയപ്പെടുന്ന ആധാര്‍ പദ്ധതി 1,80,000 കോടി മുതല്‍ മുടക്കിയാണ് നടപ്പാക്കുന്നത്. 3494 കോടി രൂപ സര്‍ക്കാര്‍ ഇതിന്നകം ചെലവഴിച്ചു കഴിഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യക്തിയുടെ സാമൂഹികവും കുടുംബപരവുമായ വിവരങ്ങള്‍‍ക്കു പുറമെ പത്തു വിരലുകളൂടെയും അടയാളങ്ങള്‍‍, കണ്ണിന്റെ കൃഷ്ണമണിയുടെ നിറം തുടങ്ങിയ ജൈവപരമായ വിവരങ്ങളൂം ആധുനിക സജ്ജീകരണങ്ങള്‍‍ മുഖേന ശേഖരിച്ച് വിവര സഞ്ചയത്തില്‍‍ ചേര്ത്തുകൊണ്ടാണ് ആധാര്‍ തയ്യറാക്കുന്നത്. റേഷന്‍‍ കാര്‍‍ഡ്‍, ബാങ്ക് അക്കൌണ്ട്, ചികില്‍സ, പെന്‍ഷന്‍, സബ്സിഡി, നേറ്റിവിറ്റി-ജാതി സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങളും വിവാഹവും രജിസ്റ്റര്‍ ചെയ്യുന്നതിനും വിദ്യാഭ്യാസം, യാത്ര തുടങ്ങി ദൈനംദിനാവശ്യങ്ങള്‍ക്ക്‌ പൗരന്‍മാര്‍ സമീപിക്കുന്ന ഓരോ സ്ഥാപനങ്ങള്‍ക്കും യു.ഐ.ഡി നമ്പര്‍ നല്‍കാന്‍ നിര്‍ബ്ബന്ധമാക്കിയിരുന്നു. അതേപോലെ കേന്ദ്ര ഗവര്‍മെന്റിന്റെ കീഴിലുള്ള 25 വ്യത്യസ്ഥ പദ്ധതികളില്‍ 17 ഉം വിവിധ മന്ത്രാലയങ്ങള്‍ വിതരണം ചെയ്യുന്ന വ്യത്യസ്ത സ്‌കോളര്‍ഷിപ്പുകളും ആധാര്‍ കാര്ഡ് അടിസ്ഥാനമാക്കിയാണ് വിതരണം നടത്തിയിരുന്നത്.



ഭരണകൂടത്തിനും ആധാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് സേവനം തേടിയ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുമായി സാമ്പത്തികബന്ധമുള്ള മോംഗോഡിബി എന്ന സ്ഥാപനമടക്കമുള്ള 209 ഓളം കോര്‍പ്പറേറ്റുകള്‍ക്കും യാതൊരു വിധ ജനാധിപത്യ ഓഡിറ്റ്‌ സംവിധാനത്തിനും കീഴടങ്ങിയിട്ടില്ലാത്ത രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പൌരന്‍റെ  സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നുകയറാന്‍ സൌകര്യപ്പെടുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രശ്നം. ആധാറിന്‍െറ പേരില്‍ ശേഖരിച്ചുവെച്ച വിലപ്പെട്ട വിവരങ്ങള്‍ പൗരന്മാര്‍ക്കെതിരെ ദുര്‍വിനിയോഗം ചെയ്യില്ലെന്ന് ആര്‍ക്ക് ഉറപ്പുനല്‍കാനാവും? രണ്ടു വര്ഷം മുമ്പ് സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെ നടത്തിയ ഇ മെയില്‍ വേട്ടയും വിക്കിലിക്സ്‌ പുറത്തുവിട്ട വിവരങ്ങളും, അന്തരാഷ്ട്ര തലത്തില്‍ തന്നെ പ്രമാദമായ ഫോണ്‍ ചോര്‍ത്തല്‍ കേസ്സുകളും ഇതിന്‍റെ സാക്ഷിപത്രങ്ങളാണ്

അനധികൃത കുടിയേറ്റക്കാരെയും തീവ്രവാദ ഭീകരവാദ ഭീഷണികളെയും തടയാന്‍ വേണ്ടിയും  മറ്റും കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതിയെ കുറിച്ച് അന്വേഷണാത്മക വെബ്സൈറ്റായ കോബ്രപോസ്റ്റ്വെളിപ്പെടുത്തിയ കണ്ടത്തെലുകള്‍ ആധാറിന്‍റെ അടിയാധാരം തന്നെ ഇളക്കിയിടുന്നതായി.    

പരമോന്നത നീതിപീഠത്തില്‍നിന്ന് ഇതിനുമുമ്പും ആധാര്‍ വിഷയത്തില്‍ സമാനമായ ഉത്തരവുകളുണ്ടായിട്ടും ഭരണകൂടവും ബ്യൂറോക്രസിയും കോര്‍പറേറ്റ് ലോബിയും അത് കേട്ടില്ലെന്ന് നടിച്ച അനുഭവമാണ് മുന്നിലുള്ളത്. സുപ്രീംകോടതി ഇപ്പോള്‍ നടത്തിയ ഈ പരാമര്‍ശവും പതിവുപോലെ തള്ളിക്കളയുകയാണെങ്കില്‍ ഈ ഗൂഡപദ്ധതിക്കെതിരെ പൌരസമൂഹം ശക്ത്മായ ചെറുത്ത്നില്പുമായി രംഗത്ത്‌ വരണം. അതോടൊപ്പം കോടതി വിധി അംഗീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലകഷ്യത്തിന് കേസുകൊടുത്ത്‌ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനും പൊതു സമൂഹം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം. (Published in Madayamam 29-3-14)


No comments: