1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, January 1, 2014

പുതുവത്സരദിന ചിന്തകള്‍

2013 വിടവാങ്ങുന്നതോടെ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു വയസ്സു കൂടുന്നതനുസരിച്ച് നമ്മുടെ ആയുസ്സ് കുറയുകയും ചെയ്യുകയാണ്. പക്ഷേ ഭൌതിക ജീവിതത്തോട് അത്യാര്‍ത്തി കാണിക്കുകയും അതിന്‍റെ പേരില്‍ എന്തുചെയ്യാനും മടികാണിക്കാത്തവരായി മനുഷ്യന്‍ മാറിയത് കൊണ്ടാണോ  നമ്മുടെ പുതുവത്സര ദിനങ്ങള്‍ സമാധാന പ്രേമികളെയും നിയമപാലകരെയും പേടിപ്പെടുത്തുന്ന രീതിയിലേക്ക് മാറികൊണ്ടിരിക്കുന്നത്?
ക്ഷണികമായ ഇഹലോകജീവിതത്തില്‍ സാമൂഹ്യജീവിയായ മനുഷ്യന്‍ മൃഗങ്ങളെപ്പോലെ കുത്തഴിഞ്ഞൊരു ജീവിതം നയിക്കെണ്ടവനല്ല. മറിച്ച് ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും സംസ്കാരവും ധാര്‍മ്മിക ബോധവും അവനുണ്ടായിരിക്കണം. അതോടൊപ്പം തന്നെ ജീവിതം ഭാസുരമാക്കാനും ലക്ഷ്യത്തിലേക്കെത്താനും കൃത്യമായ ആസൂത്രണങ്ങളും  നടത്തേണ്ടതുണ്ട്. നമ്മുടെ സമയം, ആരോഗ്യം, സമ്പത്ത്, വിജ്ഞാനം തുടങ്ങിയ വിഭവങ്ങള്‍ ഇതിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്. ഒരിക്കലും തിരിച്ചു പിടിക്കാന്‍ സാധികാത്ത സമയം എന്ന അമൂല്യ നിധിയെ സൂക്ഷിച്ചു ചെലവഴിച്ചാല്‍ മാത്രമേ നമ്മുടെ കാര്യങ്ങള്‍ ഉദ്ദേശിച്ച സമയത്ത് കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളായ കൌമാരവും യുവത്വവും വാര്‍ദ്ധക്യവും എന്നിവ സ്വന്തത്തിനു മാത്രല്ല സമൂഹത്തിനും നാടിനും വേണ്ടി വിപ്ലവകരമായ ഇടപെടലുകള്‍ക്കും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കേണ്ടതുണ്ട്. സ്വന്തം അധ്വാനഫലമായി ലഭിക്കുന്ന സമ്പത്താണെങ്കിലും അത് സമൂഹ നന്മക്ക് ഉപയോഗിക്കുമ്പോഴാണ് പട്ടിണിയും ദാരിദ്ര്യവും ഇല്ലാതായി വികസനവും പുരോഗതിയും സാധ്യമാവുക. ധാര്‍മികബോധത്തിലും സംസ്കാരത്തിലും അധിഷ്ഠിതമായ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുകയും അതിനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും അവ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനും നാം തയ്യാറാവണം.
ഇങ്ങനെയുള്ളവര്‍ക്കാണ് സന്തോഷകരമായ ജീവിതം കാഴ്ചവെക്കാനും ജീവിതവിജയം നേടാനും കഴിയുക. അതായിരിക്കട്ടെ നമ്മുടെ പുതുവത്സര ദിന പ്രതിജ്ഞ. (Published in Gulf Thejas 01-01-2014) 
No comments: