1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, December 22, 2013

മോഡിക്ക് കുഷ്ഠമില്ല പക്ഷേ..

ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്‍റെ പ്രതിമ നിര്‍മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോട്ടയത്ത് ബിജെപി സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂനിറ്റികൂട്ടയോട്ടം ഗവ. ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത്  വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളുടെയും സഹായത്തോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദമോഡിയാണ് ഇതിന്‍റെ സൂത്രധാരനും ഗുണഭോക്താവും. സംസ്‌ഥാനത്തെ പ്രമുഖ ന്യൂനപക്ഷ നേതാക്കളെയും മറ്റും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും സംഘാടക സമിതി ചെയര്‍മാന്‍ ജസ്റ്റീസ് തോമസ് വരെ പരിപാടിയില്‍ പങ്കെടുത്തില്ല.

സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് - എം വൈസ് ചെയര്‍മാനുമായ പി.സി. പി.സി.ജോര്‍ജ്‌ ബിജെ.പിയുടെ പരിപാടിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചതിനെതിരേ കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും ചിലരുടെ ഭാഗത്ത്‌ നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും തിരുവന്ജൂര്‍ മുതല്‍ മുരളിവരെയുള്ളവരുടെ ബി,ജെപി ബന്ധം ചൂണ്ടിക്കാട്ടി ജോര്‍ജ്ജ് തന്‍റെ പ്രവര്‍ത്തിയെ മഹത്വവല്ക്കരിച്ചുകൊണ്ടിരിക്കുകയാണ്.

ജോര്‍ജ്ജ് ന്യായീകരിക്കുമ്പോലെ മോഡിക്ക് കുഷ്ഠവും ഐഡ്സും ഒന്നുമില്ല. അതുള്ളവര്‍ സഹതാപം അര്‍ഹിക്കുന്നവരാണ് അകറ്റി നിര്‍ത്തേണ്ടവരല്ല. പക്ഷേ കേരളമണ്ണില്‍ താമരയൊന്ന് വിരിഞ്ഞ്‌ കാണാന്‍ കൊതിപൂണ്ടിരിക്കുന്നവര്‍ അവസാനം കണ്ടെത്തിയ മാര്‍ഗമാണ്   വംശവെറിയുടെ അപ്പൊസ്തലനായ  മോഡിയെയും ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ച്  നടത്തുന്ന ഇതേപോലെയുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ അതിനെയാണ് രാജ്യത്ത് സമാധാനം കാംക്ഷിക്കുന്നവര്‍ വിമര്‍ശിക്കുന്നത്.

രാമന്‍റെ പേരില്‍ അദ്വാനി നടത്തിയ കപടനാടകങ്ങള്‍ തന്നെയാണ് ആറുപതിറ്റാണ്ട മുമ്പ് മരിച്ചുപോയ പട്ടേലിനോട് കോണ്ഗ്രസ്കാര്‍ക്ക് ഇല്ലാത്ത കപടസ്നേഹത്തിലൂടെ  മോഡിയും കളിക്കുന്നത്. തന്‍റെ സ്വപ്നമായ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഓട്ടത്തിന് ആക്കം കൂട്ടാനും ഗുജറാത്ത് വംശഹത്യയിലൂടെയും ന്യുനപക്ഷ പീഡനങ്ങളിലൂടെയും നഷ്ടമായ ഇമേജു തിരിച്ചുപിടിക്കാനും 250 കോടി രൂപ പൊതു ഖജനാവില്‍ നിന്നെടുത്തുകൊണ്ടാണ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നത്.  


സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഏകതാ ട്രസ്റ്റിന്റെ പേരില്‍ നടത്തുന്ന കൂട്ടയോട്ടത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയില്‍ പട്ടേലിന്റെ ഫോട്ടോക്ക് പകരം മോഡിയുടെ തന്നെ ഫോട്ടോയും ഒരു രാഷ്ട്രം ഒരു ലീഡര്‍ എന്നെഴുതുകയും ചെയ്ത ടീഷര്‍ട്ടിന്റെ പ്രകാശനമായിരുന്നു മുഖ്യ ഇനം. തന്‍റെ അടുത്ത ലീഡര്‍ മോഡിയായിരിക്കുമെന്ന് പറയാതെ പറയുകയാണോ ജോര്‍ജ്ജ് എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റുണ്ടാവില്ല. കേരള കോണ്ഗ്രസ്സിന്റെ ചരിത്രം അറിയുന്നവര്‍ക്ക് അതിലൊട്ട് പുതുമയുമില്ല. ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ ഖദറിനുള്ളില്‍ കാവിയും കാക്കിയും അണിഞ്ഞ്‌ താമരകൃഷിക്കിറങ്ങാന്‍ അണിയറയില്‍ തയ്യാറായി നില്‍ക്കുന്നവര്‍  ആരൊക്കെയാണ് എന്ന് കാത്തിരുന്നു കാണാം     (Published in G. Madhyamam 22 Dec 2013)


No comments: