1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, November 24, 2013

സംഘപരിവാറും ഫാദര്‍ അലവിയും

അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യപേക്ഷയെ എതിര്‍ത്ത് ഭാരതീയ വിചാരകേന്ദ്രം മുന്‍ഡയറക്ടര്‍ ടി.ജി മോഹന്‍ദാസ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കയാണ് കാരണം ഫാദര്‍ അലവി, പി. പരമേശ്വരന്‍ എന്നിവര്‍ക്കെതിരെ നടന്ന വധശ്രമത്തിലെ പ്രതിയാണ് മഅ്ദനി. ഈ കേസ് പോലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ഇവരുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്നതിനാല്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ പാടില്ലത്രേ. അതേസമയം തന്നെ കൊലപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചതായി തനിക്കറിയില്ലെന്നും മഅദനിയോടെന്നല്ല ഒരാളോടും തനിക്ക്‌ ഒരു തരത്തിലും വെറുപ്പില്ലെന്നു ഫാദര്‍ അലവിയും പറയുന്നു. മംഗളം പത്രത്തില്‍ വന്ന വാര്‍ത്തയിലൂടെയാണ്‌ വധശ്രമ വിവരം തന്നെ ഫാദര്‍ അലവി അറിയുന്നതത്രേ. അതേപോലെ  1998 ല്‍ നടന്ന ഈ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഒരു മൊഴിയും താന്‍ നല്‍കിയിട്ടില്ലെന്ന്‌ കോഴിക്കോട് സ്വദേശി മുഹമ്മതും  പത്രസമ്മേളന നടത്തി അറിയിച്ചിരുന്നു.ജീവന് ഭീഷണിയുള്ളവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കുകയും സഹായം തേടുകയുമല്ലേ ചെയ്യേണ്ടത്. ഒളവണ്ണ മുതല്‍ ഒറീസ്സ വരെ കൃസ്ത്യന്‍ പാതിരിമാരെയും വിശ്വാസികളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘപരിവാര്‍കാര്‍ക്ക് എന്ന് മുതലാണ്‌ കൃസ്ത്യന്‍ ഫാദര്‍മാരോട് ഇത്രമാത്രം സ്നേഹം ഉണ്ടാകാന്‍ തുടങിയത്?


മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്ന സമയം തിരഞ്ഞെടുത്ത് ഇത്തരം നുണപ്രചാരണത്തിനു പിന്നിലെ ഗൂഡാലോചന മഅദനിയെ ജീവിതാവസാനം വരെ ജയിലില്‍ പാര്‍പ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണിതെന്ന് പകല്‍പോലെ വ്യക്തമാണ്. സ്വന്തം കാല്‍ ബോംബിട്ടു തകര്‍ത്ത ആര്‍.എസ്.എസ്സ്കാരനുപോലും മാപ്പ് കൊടുത്ത ചരിത്രം  മഅദനിയെ തീവ്രവാദിയാക്കി മുദ്രകുത്തിയവരടക്കമുള്ള എല്ലാവര്‍ക്കും മാതൃകയാണ് (Published in Thejas 20-11-13)
No comments: