1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, November 12, 2013

സൗദിയിലെ നിതാഖാത്ത്: മത - മഹല്ല് കൂട്ടായ്മകളും ഇടപെടണം

സൗദി അറേബ്യന്‍ ഗവര്‍മെന്റ് പുതുതായി കൊണ്ടുവന്ന നിതാഖാത്‌ പദ്ധതി പരിപൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവ് നല്‍കിയ പ്രത്യേക ഇളവിന്റെ കാലാവധി ഈ മാസാദ്യം  അവസാനിച്ചു 2011 നവംബറിലാണ് സൗദി പരമോന്നത സഭ തൊഴില്‍നിയമ വ്യവസ്ഥ ക്രമീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്.. വിഷയത്തിന്‍റെ ഗൌരവം മനസ്സിലാക്കി സൗദി ഇന്ത്യന്‍ വിദേശകാര്യാലയങ്ങളും ക്രിയാത്മകമായ ഇടപെടലുകളും മുന്നൊരുക്കങ്ങളും നടത്തികൊണ്ടിരിക്കുന്നതും സ്വാഗതാര്‍ഹമാണ്.

ഇളവ്‌ കാല പ്രഖ്യാപനത്തിനു ശേഷം ഹുറൂബില്‍ അകപ്പെട്ടവര്‍, ഇളവ്‌ കാലം മുഴുവന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടും രേഖകള്‍ ശരിയാക്കാന്‍ സാധിക്കാത്തവര്‍, ഇളവ്‌ കാലം കഴിയും വരെ തൊഴില്‍ സ്ഥാപനം രേഖകള്‍ വാങ്ങി വെക്കുകയും അവസാന ഘ്ട്ടത്തില്‍ കയ്യൊഴിഞ്ഞ് രേഖകള്‍ തിരിച്ചു കൊടുത്തവര്‍ ഇങ്ങനെയുള്ള ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പ്രത്യാശയറ്റ് കഴിയുകയാണിവിടെ.

നാട്ടിലെ എല്ലാ മത സംഘടനകളുടെയും ഗള്‍ഫ് ചാപ്റ്ററുകള്‍, പ്രാദേശിക - സയുക്ത മഹല്ല് കമ്മിറ്റികള്‍, റിലീഫ്‌ കൂട്ടായ്മകള്‍ തുടങ്ങിയ നൂറുകണക്കിന് സംഘടനകള്‍ സൌദിയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഒരു വേള രാഷ്ട്രീയ സംഘടനകളേക്കാള്‍ പതിന്മടങ്ങ് ആള്‍ ശേഷിയും സാമ്പത്തിക ഭദ്രതയും സൗദി സര്‍ക്കാറിന്റെ പല കേന്ദ്രങ്ങളിലും സ്വാധീനമുള്ളവരുമാണ് പല സംഘടനകളും.

സാമൂഹ്യ ജീവിതത്തിലെ സാഹോദര്യ ബന്ധവും ഒരു സഹോദരന്‍റെ വിഷമം തീര്‍തത്തുകൊടുത്താല്‍ ലഭിക്കുന്ന പുണ്യത്തിന്റെ മികവും പഠിപ്പിച്ചുകൊടുക്കുന്ന മതസംഘടന പ്രതിനിധികളെയൊന്നും പ്രത്യാശയറ്റ് രാപകല്‍ ഭേദമന്യേ ആയിരക്കണക്കിന് പ്രവാസികള്‍ തടിച്ചുകൂടുന്ന തര്‍ഹീലുകള്‍, മറ്റു നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവിടങ്ങളിലൊന്നും കണ്ടതേയില്ല. വിരലിലെണ്ണാവുന്നവര്‍ക്ക് ചിലയിടങ്ങളില്‍ നടത്തിയ സഹായ വിതരണവും ഏതാനും ദിവസങ്ങളില്‍ നടത്തിയ ഭക്ഷണ വിതരണവും മറക്കുന്നില്ല.അതിനാല്‍ തങ്ങളുടെ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവാസികളുടെ പ്രശ്നങ്ങളുമായി ഇത്തരം കേന്ദ്രങ്ങളില്‍ കയറിചെല്ലാനും കഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങള്‍ പരിഹരിച്ച്‌ കൊടുക്കുന്നതിനുനു സഹായിക്കാനും ഇവിടത്തെ മത മഹല്ല് - റിലീഫ് കൂട്ടായ്മകള്‍ മടിച്ചു നില്കുന്നത് എന്തുകൊണ്ടാണ്?. ഇത്തരം സേവനപ്രവര്‍ത്തനങ്ങളില്‍ വിരലിലെണ്ണാവുന്ന രാഷ്ട്രീയ സംഘടനകള്‍ മാത്രം ഇടപെട്ടാല്‍ മതിയോ?

ഏറെ കാലത്തെ കാത്തിരിപ്പിനും പ്രയാസങ്ങള്‍ക്കും ശേഷം രേഖകള്‍ ശരിയാക്കിയ ആയിരങ്ങള്‍  നമ്മുടെ ദേശീയ വിമാന കമ്പനിയുടെ കഴുത്തറപ്പന്‍ ചാര്‍ജ് കൂടി നല്‍കി കിട്ടിയ വണ്ടിക്കു നാടുപിടിച്ചതിനു ശേഷമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌജന്യ ടിക്കെറ്റ്, മറ്റാനുകൂല്യങ്ങള്‍ എന്നിവ അര്‍ഹതപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരാനും അവര്‍ക്ക് മാത്രം ലഭ്യമാക്കാനും എല്ലാവരും രംഗത്തിറങ്ങേണ്ടതുണ്ട്.

കൂടാതെ ഭീമമായ സംഖ്യ കടവും ഒട്ടേറെ രോഗങ്ങളുമായി തിരിച്ചുപോകേണ്ടിവരുന്ന പ്രവാസിക്ക്‌ മഹല്ല് അടിസ്ഥാനത്തിലും മറ്റും പുനരധിവാസവും ഇതര സഹായങ്ങളും നല്‍കി ജിവിതം കരുപ്പിടിപ്പിക്കാനും അവസരത്തിനൊത്തുണര്‍ന്നു മുന്നിട്ടിറങ്ങാന്‍ നിങ്ങള്‍ക്കും ബാധ്യതയില്ലേ? പ്രവാസികളുടെ വിയര്‍പ്പും ആത്മാര്‍ഥമായ പരിശ്രത്തിന്‍റെ കൂടി ഫലമാണ് നാട്ടില്‍ ഇന്ന് വളര്‍ന്നു വലുതായ മത,സാംസ്കാരിക,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണളുടെയും വിജയരഹസ്യമെന്നത് ആരും മറക്കരുത്. (Published in Madhyamam  and Thejas 11&12- Nov 2013)No comments: