1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Thursday, November 7, 2013

ആയുധക്കപ്പലുകള്‍: ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കുക

കേരളതീരത്ത് ആയുധക്കപ്പലുകളുടെ വരവ്‌ അറിയിക്കാന്‍ ചില പ്രത്യേക കേന്ദ്രങ്ങള്‍ക്കും മീഡിയകള്‍ക്കും അതീവ താല്പര്യമാണ്. അതിനിടയിലാണ്‌ കഴിഞ്ഞ ഒക്ടോബര്‍ 12 നു യുഎസിലെ വിര്‍ജിനിയ ആസ്ഥാനമായുള്ള അഡ്‌വന്‍ ഫോര്‍ട്ട് സമുദ്രയാന സുരക്ഷാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആയുധക്കപ്പല്‍ സീമാന്‍ ഒഹായോക്ക് തൂത്തുക്കുടി തുറമുഖത്തിനു സമീപം വെച്ച് കോസ്റ്റ്‌ഗാര്‍ഡ്‌ പിടിച്ചെടുത്തത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായ രേഖകളൊന്നും കൂടാതെ 32 ഏകെ 47 ആക്രമണതോക്കുകളും ആറായിരത്തോളം തിരകളും റോക്കറ്റ് വിക്ഷേപണികളും കപ്പലില്‍നിന്ന്‌ കണ്ടെത്തിയിരുന്നു. കപ്പലിലെ ജീവനക്കാരില്‍ ചിലര്‍ ഇന്ത്യന്‍ നാവിക കരസേനകളില്‍ നിന്നും വിരമിച്ചവരാണ്.
കൂടംകുളം, ആണവോര്‍ജനിലയം, ഐ എസ് ആര്‍ ഒ കേന്ദ്രങ്ങള്‍ എന്നിവയടക്കം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാക്കിയെന്ന് ആരോപിക്കപ്പെടുന്ന കപ്പല്‍ വിട്ടുകിട്ടുന്നതിനും നിയമനടപടികളില്‍ നിന്ന് ഒഴിവാക്കിയെടുക്കുന്നതിനും യു എസ് അടക്കം പാശ്ചാത്യ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സജീവമായി രംഗത്തുണ്ട്. കപ്പല്‍ പിടിയിലായതിനു ശേഷം കപ്പലിന്‍റെ ക്യാപ്റ്റന്‍ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചുവെന്നതും പ്രശ്‌നത്തെപ്പറ്റിയുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നു കപ്പല്‍ നിയമം ലംഘിച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നാല്പത്തഞ്ച് കറങ്ങിയതായും  ഇന്ധനവും അവശ്യവസ്തുക്കളും അനധികൃതമായി ശേഖരിച്ചതായും വ്യക്തമായിട്ടുണ്ട്. തൂത്തുക്കുടി പമ്പില്‍ നിന്ന് 1500 ലിറ്റല്‍ ഡീസല്‍ വാങ്ങാന്‍ കാശ് കൊടുത്തത് പ്രവാസി മലയാളിയായ കൊച്ചി സ്വദേശി ചാക്കോ തോമസിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതേ കപ്പല്‍ കഴിഞ്ഞ ആഗസ്റ്റ് അവസാനം അഞ്ചു ദിവസത്തോളം അവിടെ ഉണ്ടായിരുന്നുവെന്നും അന്ന് പിടിയിലായ കപ്പല്‍ പരിശോധനയില്‍ കോസ്റ്റ്‌ഗാര്‍ഡ്‌നു ആയുധങ്ങള്‍ ഒന്നും കിട്ടിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


രാജ്യസുരക്ഷയെ ബാധിക്കുന്നതും നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്ന ആയുധപ്രവാഹത്തെയും മറ്റും  കപ്പലിന്റെ ഊരും ജീവനക്കാരുടെ പേരുമൊക്കെ നോക്കിയാണ് രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും എന്നതാണ് കടല്‍ക്കൊല കേസും തൂത്തുക്കുടി ആയുധക്കടത്തും നമ്മുക്ക് പറഞ്ഞു തരുന്നത്.  അതുകൊണ്ട്തന്നെ മുമ്പ് സൂചിപ്പിച്ചപോലെ തൂത്തുക്കുടി ആയുധകപ്പലിനെ കുറിച്ചുള്ള ദുരൂഹതകള്‍ പുറത്തുകൊണ്ട് വരാനോ ഒളിവില്‍ പോയ ജീവനക്കാരനടക്കമുള്ളവരെ കുറിച്ച് പതിവ് ചര്‍ച്ചകളും ആരോപണങ്ങളും ഉന്നയിക്കാനോ ഒരൊറ്റ രാജ്യസ്നേഹികളെയും അവര്‍ക്ക് വേദിഒരുക്കുന്ന മീഡിയകളെയും ഇപ്പോള്‍ രംഗത്ത് കാണുന്നില്ല.. (Published in Madhyamam Daily 7-11-2013)


No comments: