1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, October 27, 2013

ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ സുപ്രീംകോടതി വിധി: ഫലം കണ്ടു തുടങി

ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ സുപ്രീംകോടതി വിധി: ഫലം കണ്ടു തുടങി  
ക്രിമിനലിസവും പണാതിപത്യവും അടക്കി വാഴുന്ന ഇന്ത്യന്‍ ജനാതിപത്യത്തെയും ജനപ്രതിനിധി സഭകളെയും ശുദ്ധീകരിക്കാന്‍ വേണ്ടി ഈ അടുത്തകാലത്ത് സുപ്രീംകോടതി നേരിട്ട് ഇടപെട്ട് പ്രഖ്യാപിച്ച രണ്ടു വിധികള്‍  ഏറെ പ്രസക്തവും സ്വാഗതാര്‍ഹവുമാണ്. രാജ്യത്തെ ജനപ്രതിനിധികളില്‍ വലിയൊരു ശതമാനം ക്രിമിനലുകളും വന്‍കിട കോര്‍പറേറ്റുകളുടെ ദല്ലാളന്മാരുമാണെന്ന് കണ്ടെത്തിയ സുപ്രീകോടതി അത്തരക്കാര്‍ ജനപ്രതിനിധി സഭകളില്‍ എത്തുന്നത്‌ തടയാന്‍ വേണ്ടി കുറ്റകൃത്യങ്ങളില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടവരെ അയോഗ്യരാക്കുന്ന നിയമമാണ് കഴിഞ്ഞ ജൂലായിയില്‍ സുപ്രീകോടതി പുറപ്പെടുവിച്ചത്. അതിന്‍റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ കാലിത്തീറ്റ, എംബിബിഎസ് അഴിമതി കേസുകളിലെ പ്രതികളായ ലാലുവിനും റഷീദ്‌ മസൂദിനും നേരിടേണ്ടിവന്നത്.
അതേപോലെതന്നെ നാടിനേയും നാട്ടുകാരേയും സ്നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങള്‍ ജനപ്രതിനിധി സഭകളില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ് ഇപ്പോള്‍ അഭിപ്രായപ്പെട്ട നിഷേധ വോട്ടിംഗ് സൌകര്യത്തിലൂടെയും പരമോന്നത കോടതി ലക്ഷ്യമാക്കുന്നത്.


വോട്ടിംഗ് യന്ത്രത്തില്‍ മേല്‍പറഞ്ഞവരില്‍ ആരുമല്ല എന്ന ബട്ടന്‍ കൂടി വരുന്നതോടെ ജാതി, സമുദായ, ഗ്രൂപ്പ് പരിഗണനകളും സാമ്പത്തികശേഷിയുമൊക്കെ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യതയായി കണക്കാക്കിയിരുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിചിന്തിക്കാനും മേല്‍പ്പറഞ്ഞ രണ്ടു വിധികളും പ്രചോദനമാവേണ്ടതുണ്ട്.
ലോകത്തെ പതിമൂന്ന് രാഷ്ട്രങ്ങളില്‍ നടപ്പിലുള്ള ഈ സൌകര്യം നമ്മുടെ രാജ്യത്തെ പാര്‍ലിമെന്റിന്‍റെ അധികാരാവകാശങ്ങളില്‍ ജുഡീഷ്യറിയുടെ കടന്നുകയറ്റമാണെന്ന് നിയമവിദഗ്ധരും രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ബാലറ്റിലൂടെയായാലും വോട്ടിംഗ് യന്ത്രത്തിലൂടെയായാലും ഒരു  വോട്ടര്‍ വോട്ടു ചെയ്തിട്ടില്ല എന്ന് പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം മനസ്സിലാകുന്ന നിലവിലെ രീതി മാറ്റി ഒന്നുകൂടി സ്വകാര്യമാക്കുക മാത്രമാണ് പുതിയ പരിഷ്കാരത്തിലൂടെ സംഭവിക്കുന്നത്.    വോട്ടെടുപ്പിന്‍റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്ന ഭരണഘടന വിരുദ്ധമായ കാര്യത്തെ തടയുന്നതോടൊപ്പം കൂടുതല്‍ പൌരന്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാക്കാനും ഇത് വഴിയൊരുക്കും. ഏത് നിയമവും പുതുതായി കൊണ്ട് വരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവാറുള്ള പോരായ്മകള്‍ ഇതിലുമുണ്ട്. നിഷേധവോട്ടുകള്‍ വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടിനേക്കാള്‍ അധികമായാല്‍ എന്ത് ചെയ്യണമിന്നതിനെ കുറിച്ചുള്ള വ്യക്തമായ നിയമനിര്‍മ്മാണം കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു. (Published in Thejas 23-10-13) 


No comments: