1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, September 24, 2013

രാഷ്ട്രീയ രംഗത്തെ കുറ്റവാളികള്‍ നമ്മെ ഭരിക്കണോ?

ഇന്ത്യന്‍ ജനാധിപത്യത്തെ പണാതിപത്യവും ക്രിമിനലിസവും വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന നിയമ നിര്‍മ്മാണ സഭകളില്‍ വന്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ദല്ലാള്‍മാരുടെയും ക്രിമിനലുകളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുപ്രീകോടതി സുപ്രധാനമായ ഒരു വിധി ഈയിടെ പ്രഖ്യാപിച്ചത്. പ്രസ്തുത ഉത്തരവിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓഡിന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുത്തിരിക്കയാണ്
കുറ്റകൃത്യങ്ങളില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടവരെ അയോഗ്യരാക്കുന്ന നിയമമാണ് കഴിഞ്ഞ ജൂലായിയില്‍ സുപ്രീകോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹരജിയും ഈ  കഴിഞ്ഞ ദിവസം സുപ്രീകോടതി  തള്ളി. നമ്മുടെ രാജ്യത്തെ 1286 എം.എ.ല്‍എമാരും 162 എം.പിമാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണത്രേ!.
രാജ്യത്ത് സ്നേഹവും സമാധാനവും പരസ്പര സഹകരണവും മുഖമുദ്രയാക്കി നാടിനേയും നാട്ടുകാരേയും സ്നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യേണ്ടവരാണ് ജനപ്രതിനിധികള്‍. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള നിയമനിര്‍മ്മാണസഭകളിലും സര്‍ക്കാര്‍ മിഷിനറികളിലും ഇത്തരം സ്വഭാവമഹിമകളുള്ള ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രമാണ് രാജ്യത്ത്‌ പുരോഗതിയും സമാധാനവും കളിയാടുകയുള്ളു.
എന്നാല്‍ സ്വന്തം നാടിനെ വിദേശകുത്തകകള്‍ക്ക് തീറെഴുതികൊടുത്തവരും, ലക്ഷം കോടികള്‍ കട്ടുമുടിച്ചു നടക്കുന്നവരും ആരാധനാലയങ്ങള്‍ തകര്‍ത്തും പച്ച മനുഷ്യരെ ചുട്ടെരിച്ചും നിര്‍ദ്ദയം വെടിവെച്ചുകൊന്നും സംഹാരതാണ്ഡവമാടി നടക്കുന്നവരാണ് പ്രധാനമന്ത്രി പദം സ്വപ്നംകണ്ട് നടക്കുന്നത്. ഇത്തരക്കാരില്‍ നിന്നും നാടിനെയും നാട്ടുകാരെയും രക്ഷിക്കാന്‍ ഈ വിധി സഹായകമാവുമോ? അതോ പണ്ടേ തുടര്‍ന്ന് വരുന്ന സവര്‍ണ്ണാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി ദളിത് പിന്നാക്ക വിഭാഗങ്ങളെയും അവരുടെ പുരോഗതിക്ക് വേണ്ടി ശ്രമിക്കുന്നവരെയും കള്ളക്കേസില്‍ കുടുക്കി ഭരണ രംഗത്തേക്ക് അടുപ്പിക്കാതിരിക്കാനുള്ള അവസരമൊരുക്കുകയാണോ ഇതിന്‍റെ പിന്നിലുള്ളതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അബ്ദുല്‍ നാസര്‍ മഅദനി ഇതിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയല്ലേ. (Published in Madhyamam 14-9-13 and Thejas 19-9-13 ) 


    

No comments: