1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, August 20, 2013

ഉപരോധ സമരത്തിന് “ഡബിള്‍ റെക്കോര്‍ഡ്‌”കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ നിഷ്ഠൂരമായ ഫസല്‍, ടിപി, ശുകൂര്‍ വധക്കേസ്സുകളുടെ അന്വേഷണം മുറക്ക് നടന്നുകൊണ്ടിരിക്കുകയാണല്ലോ. അതോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിപറഞ്ഞ ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലപാതകക്കേസ്  പുനരന്വേഷണത്തിന് സിബിഐ ഏറ്റെടുക്കാനും തീരുമാനമായിരിക്കുന്നു. ഇതോടെ കില്ലര്‍ പാര്‍ട്ടി എന്ന പേര് വീണ് മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎമ്മിന് ഭരണപക്ഷത്തെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയായിരുന്നു സരിതാ നായരും കൂട്ടാളികളും നടത്തിയ കോടികളുടെ സോളാര്‍ തട്ടിപ്പ്‌ക്കേസ്.

മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സാധ്യമായ എല്ലാ അവസരങ്ങളും തങ്ങളാല്‍ കഴിയുന്ന രൂപത്തിലൊക്കെ ഉപയോഗപ്പെടുത്തിയാണ് സരിത, ബിജു, ശാലുമാര്‍ നാട്ടിലെ ചില പണക്കാരെയും ഭരണകര്‍ത്താക്കളെയും പറ്റിച്ച് കോടികള്‍ തട്ടിയെടുത്തത്. സോളാര്‍ തട്ടിപ്പ് കേസ്സില്‍ പിടിക്കപ്പെട്ട പ്രതികളില്‍ മുസ്ലിം പേരുള്ള ഒരാളെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ തല്‍പരകക്ഷികള്‍ ഈ കേസ്സിന് അന്താരാഷ്ട്ര ഭീകര, ഹവാല ബന്ധം ഉണ്ടാക്കി ആഘോഷിക്കുന്നതും കാണാമായിരുന്നു.

മുമ്പ് പിണറായി വിജയന്‍ പരിചയപ്പെടുത്തിയ മീഡിയ സിണ്ടിക്കേറ്റിന്റെ നിര്‍ലോഭമായ സഹായ സഹകരണത്തോടെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തമായ നിരവധി സമരപരിപാടികള്‍ ഒന്നും തന്നെ ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ സംഘടിപ്പിച്ച അവസാനഘട്ട ജീവന്‍മരണ പോരാട്ടമായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധ സമരം.

മുഖ്യമന്ത്രിയുടെ രാജിവെക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് കുടുംബങ്ങളോടും നാട്ടുകാരോടും സത്യം ചെയ്താണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സഹനസമര ഭടന്‍മാര്‍   തിരുവനന്തപുരത്തെക്ക് വണ്ടി കയറിയത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രസ്തുത സമരം തുടങ്ങിയതു മുതല്‍ അവസരത്തിനനുസരിച്ചു വാക്കുകള്‍ മാറ്റിപ്പറഞ്ഞും മറ്റും ഉപരോധ സമരം കൈവിട്ടു പോകാതിരിക്കാന്‍ നേതാക്കന്മാര്‍ക്ക് നന്നേ പാടുപെടെന്റി വന്നിട്ടുണ്ട്. തിരുവന്തപുരം നഗരത്തിലെ മദ്യഷാപ്പുകള്‍ അടച്ചിട്ടില്ലായിരുന്നുവെങ്കില്‍ 2008ല്‍ സിപിഎം സമ്മേളനത്തില്‍ നടന്ന അഴിഞ്ഞാട്ടം ആവര്‍ത്തിക്കുമെന്ന് പിണറായി ഭയപ്പെട്ടുകാണും.

സമര സമാപന പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞതാണ് പോലീസ് അന്വേഷണം കഴിഞ്ഞാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അതില്‍ മുഖ്യമന്ത്രിയോ ഓഫീസോ പെടില്ലെന്നുമൊക്കെ. ദേശീയ ശ്രദ്ധപിടിച്ചു പറ്റിയെന്ന് അവകാശപ്പെട്ട ഒരനിശ്ചിതകാല സമരം മുപ്പത് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ച് നാണക്കേടിന്റെ മറ്റൊരു റെക്കോഡ്‌ കൂടി വാങ്ങികൊണ്ടാണ് പിന്‍വാങ്ങേണ്ടി വന്നത് എന്ന് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും അവലോകനങ്ങളും സാക്ഷി. ഒരു വിപ്ലവ പാര്‍ട്ടിയുടെ അപചയത്തിന്‍റെ ആഴമളക്കാന്‍ ഇനിയും വേറെ തെളിവുകള്‍ തെരയേണ്ടതില്ല.

സോളാര്‍ തട്ടിപ്പ് കേസ്സ് വിവാദമാക്കി പണം വാരാനും കേരള മണ്ണ് മോഡിസത്തിനു പാകപ്പെദുത്താനുമുള്ള മലയാളത്തിലെ ചില ചാനലുകളുടെയും താല്പരകക്ഷികളുടെയും  ഹിഡന്‍ അജന്‍ഡകള്‍ പാളിപ്പോയതും  ഉപരോധ സമര പരാജയത്തിന്‍റെ ബാക്കി പത്രമായിരുന്നു.
(Published in Thejas Daily 20-8-13) No comments: