1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, July 17, 2013

വിശുദ്ധ റമദാന്‍ ആഘോഷിക്കാനുള്ളതല്ല



അല്ലാഹുവിന്റെ കോപത്തിന് ഇടയാക്കുന്ന തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കുകയും അവന്റെ കടാക്ഷം നേടിത്തരുന്ന സദ്കര്മ്മങ്ങളില്‍ നിരതമാവുകയും ചെയ്യുന്നവര്‍ക്ക് ദൈവത്തിന്റെ പ്രത്യേക കാരുണ്യവും, പാപവിമുക്തിയും നരകമോചനവും അതിലൂടെ സ്വര്‍ഗ്ഗപ്രവേശനവും എളുപ്പമാവുന്നതിനുള്ള സുവര്‍ണാവസരമാണ് വിശുദ്ധ റമദാന്‍.
നമസ്കാരം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ ആരാധനാ കര്‍മ്മങ്ങള്‍ നോമ്പല്ലാത്ത കാലത്തും വിശ്വാസിക്ക് നിര്‍ബന്ധമാണ്. പക്ഷെ റമദാന്‍ മാസത്തിലാകുമ്പോള്‍ പതിന്മടങ്ങ് പ്രതിഫലത്തിനര്‍ഹമാകുന്നതോടൊപ്പം നരക ശിക്ഷയില്‍  നിന്നും ബഹുദൂരം അകലാനും സ്വര്‍ഗത്തിലേക്ക് അതിവേഗം എത്തിപ്പെടാനും സാധിക്കുന്നു.  
ഒരാളുടെ പതിനൊന്നു മാസത്തെ ജീവിതത്തിനിടയില്‍ സംഭവിച്ചു പോകുന്ന തെറ്റുകുറ്റങ്ങള്‍ പൊറുക്കക്കപ്പെടാനും അതോടൊപ്പം പതിന്മടങ്ങ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട ഈ പരിശുദ്ധ മാസത്തെ ആവുന്നത്ര ഉപയോഗപ്പെടുത്തി ദൈവസാമീപ്യം കരസ്ഥമാക്കാന്‍ പാടുപെടുന്നവരാണ് യഥാര്‍ത്ഥത്തില്‍ നോമ്പിനെ നെഞ്ചിലേറ്റിയവര്‍.
റമദാന്‍, മനുഷ്യന്റെ ശരീരവും ആത്മാവും ഒരു പോലെ സംസ്ക്കരിക്കപ്പെടുന്ന മഹനീയ മാസമാണെന്ന് പറയുന്നവര്‍ തന്നെ റമദാനിലെ ഭക്ഷണരീതിയിലും മെനുവിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി തീറ്റയുടെയും കുടിയുടെയും മാസമായി ആചരിക്കപ്പെടുന്നു. മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ റമദാനിന്‍റെ മഹത്വങ്ങള്‍ ഉദ്ഘോഷിക്കുന്ന കോളങ്ങളോടൊപ്പം രുചിയൂറുന്ന പുതിയതരം വിഭങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും പാചകകുറിപ്പുകളും റമദാന്‍ പ്രമാണിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഗള്‍ഫിലാണെങ്കില്‍ ഹോട്ടലുകളും മാര്‍ക്കറ്റുകളും അലങ്കരിച്ചും പ്രത്യേക ഓഫറുകളും മത്സരങ്ങളും സംഘടിപ്പിച്ചും റമദാനിലെ പുണ്യരാവുകള്‍ ആഘോഷത്തിന്‍റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. റമദാന്‍ മാസമാവുന്നതോടെ ഇതര ആഘോഷദിനങ്ങളില്‍ ആശംസകള്‍ നേരുന്ന പോലെ ഹാപ്പി റമദാന്‍ സന്ദേശങ്ങളും ഓണവും പെരുന്നാള്‍ ആശംസകള്‍ക്ക് പകരം റമസാന്‍ - ഓണം ആശംസകളും നമ്മുടെ നാട്ടിലെ പതിവ് കാഴ്ചകളായി മാറി.
സാമൂഹ്യ ജീവിയായ ഒരു വിശ്വാസി തന്‍റെ ജീവിതത്തില്‍ തുടര്‍ന്ന് വരുന്ന ദുശ്ശീലങ്ങളും ചീത്ത സ്വഭാവങ്ങളും   ഉപേക്ഷിക്കുവാനും, താന്‍ ചെയ്തു ശീലിച്ചിട്ടില്ലാത്ത പുതിയ നന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും സഹായിക്കുന്ന പരിശീലന മാസം കൂടിയായ റമദാന്‍ മാസം കേവലം ആഘോഷത്തിന്‍റെ രീതിയിലേക്ക് മാറുകയാണോ?. (Published in Thejas 16-7-13) 







No comments: