1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, June 29, 2013

“മലയാളി ഹൌസ്” മോഡല്‍ ഹൌസാക്കാമായിരുന്നുപാശ്ചാത്യ ചാനലുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന റിയാലിറ്റിഷോകളെ അനുകരിച്ച് കൊണ്ട് മലയാളത്തിലെ ഒരു ചാനല്‍ പ്രക്ഷേപണം ചെയ്യുന്ന മലയാളി ഹൗസ്‌ എന്ന റിയാലിറ്റിഷോ വനിതാ കമ്മീഷന്‍ അടക്കം സമൂഹത്തിലെ വിവിധ കോണുകളില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ട് കൊണ്ടിരിക്കുകയാണ്. 
സമകാലിക ലോകത്തെ സംഭവങ്ങളെ കുറിച്ച് അഗാധമായ ജ്ഞാനത്തിനുടമയും വിപരീത പ്രശ്നോത്തരിയില്‍ ലിംക റെക്കോര്‍ഡ് വരെ കരസ്ഥമാക്കിയ പണ്ഡിതനുമായ ജി.എസ്. പ്രദീപ്‌ ആണ് പതിനാറംഗ സംഘത്തിലെ മുഖ്യന്‍. കൂടാതെ ശബരിമല തന്ത്രി കുടുംബാംഗവും ആത്മീയത, മീമാംസ, വേദാന്തം എന്നിവയില്‍ അഗാധമായ പാണ്ഡിത്യവുമുള്ള രാഹുല്‍ ഈശ്വര്‍ അറിയപ്പെട്ട സംവാദകനും ആക്റ്റിവിസ്റ്റും മാനേജുമെന്റ് ട്രെയിനറുമാണ്.  ഒരു വിപ്ലവ വിദ്യാര്‍ഥി സംഘടനയുടെ അഖിലേന്ത്യാ നേതൃത്വ പദവി അലങ്കരിച്ച ഡോക്ടര്‍ സിന്ധു ജോയ് രാഷ്ട്രമീമാംസയിലും, ജേര്‍ണലിസത്തിലും ബിരുദവും ബിരുദാനന്തരബിരുദവും നേടിയ കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമാണ്. ഇതേപോലെ മത രാഷ്ട്രീയ വൈജ്ഞാനിക കലാരംഗത്തെ കഴിവ് തെളിയിച്ച പ്രതിഭകളാണ് മലയാളി ഹൌസിലെ അഭിനേതാക്കള്‍. ഇവരൊക്കെ ഇത്തരം ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമായിരിക്കാം.
പക്ഷെ, തെരുവ്‌ കുട്ടികള്‍ വരെ സദാ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നൂറുദിവസം ഒരു വീട്ടില്‍ പത്തുപതിനാറ് പേര്‍ ഒരു പണിയുമില്ലാതെ സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ തള്ളി നീക്കുകയാണ് മലയാളി ഹൌസില്‍.
എന്നാല്‍ മേല്‍ പറഞ്ഞ വ്യക്തിത്വങ്ങള്‍ തങ്ങള്‍ ആര്‍ജ്ജിച്ച ആത്മീയ, വൈജ്ഞാനിക, രാഷ്ട്രീയ കലാരംഗത്തെ കഴിവുകളും നേതൃത്വപാടവവും കൂടെയുള്ളവരുമായി പങ്കുവെച്ചു കൊണ്ടും പരിശീലനങ്ങള്‍ നല്‍കിക്കൊണ്ടും ഒരു മാതൃകാ ടീമിനെ വളര്‍ത്തിയെടുക്കാന്‍ തങ്ങളുടെ വിലപ്പെട്ട സമയവും സൌകര്യങ്ങളും ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ അനുകരണീയമായ ഒരു റിയാലിറ്റിഷോയായി മലയാളി ഹൗസിനെ മാറ്റാമായിരുന്നു. പക്ഷെ നാം മനസ്സിലാക്കിയ അതുല്യ പ്രതിഭകള്‍, കൂടെയുള്ള തരുണീമണികളുടെ ആടികുഴച്ചിലുകളും മധുരവര്‍ത്തമാനങ്ങളിലും മയങ്ങി തരംതാഴുന്നതാണ് കണ്ടത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ധാര്മികച്യുതിക്ക് ആക്കം കൂട്ടുവാന്‍ കേരളീയ സംസ്കാരത്തിന് പരിചയമില്ലാത്ത പാശ്ചാത്യന്‍ നാടുകളിലെ വൃത്തികേടുകള്‍ ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിന്‍റെ നേര്‍ക്കാഴ്ചയാണ് മലയാളി ഹൌസുകളിലൂടെ നമ്മുടെ സ്വീകരണമുറികളില്‍ എത്തുന്നത്. (Published in Malayalam News 27-6-13) 1 comment:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇനി എന്തെല്ലാം വരാനിരിക്കുന്നു !!