1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Friday, June 14, 2013

പനിബാധിച്ച കേരളം: പൊതു സമൂഹം ഉണരണംഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ അര ഡസനോളം പേരുകളില്‍ അറിയപ്പെടുന്ന വിവിധതരം പനി രോഗങ്ങള്‍ കേരളത്തെ പിടിമുറുക്കാന്‍ തുടങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ ആറുമാസത്തിനിടയില്‍ 140ഓളം പേര്‍ പനിപിടിച്ചു മരണത്തിനു കീഴടങ്ങിയപ്പോള്‍ പത്ത് ലക്ഷത്തിലധികം പേര്‍ പനിയുടെ പിടിയില്‍പ്പെട്ടിരിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ എണ്ണം ഇതിനു പുറമെയാണ്. പട്ടിണി തിന്ന് മരിക്കുന്ന വയനാട്ടിലെ ആദിവാസികളുടെ ദുരിതം കേരളീയ സമൂഹത്തിനു തന്നെ നാണക്കേടായി മാറിയിരിക്കുന്നു. തീവണ്ടി പാളം തെറ്റിയാല്‍ വരെ വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നവര്‍ ആദിവാസികളുടെ കാര്യത്തില്‍ മൌനം ഭുജിക്കുന്നു.
ആരോഗ്യ കേരളം ശുചിത്വ കേരളം എന്ന സര്‍ക്കാര്‍ പദ്ധതിയെ പരിഹാസ്യമാക്കി കൊണ്ടാണ് പനി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റിന്റെയും ടെന്നീസിന്റെയുമൊക്കെ സ്കോര്‍ പറയുന്ന ലാഘവത്തോടെ ചാനലുകള്‍ സ്പെഷ്യല്‍ ബുള്ളറ്റിനുകള്‍ വഴി പനിയുടെ കണക്കും മറ്റും അവതരിപ്പിക്കുന്നത് പതിവാക്കിയിരിക്കുന്നു.
ആളെണ്ണം പെരുകി, വീടുകളും നഗരങ്ങളും കൂടി, സമ്പത്തും സൌകര്യങ്ങളും വര്‍ധിച്ചു. തതനുസൃതമായി പരിസര - ശുചിത്വ - മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ശുദ്ധജലവിതരണം മെച്ചപ്പെടുത്തുന്നതിലും പൊതുവായി പാലിക്കേണ്ട മര്യാദകളുടെയും കാര്യത്തില്‍ നാം പരാജയപ്പെടുന്നു. അഥവാ ഇന്ന് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ നമ്മുടെ പൌരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉല്‍പ്പന്നങ്ങളാണ്. ഒരു കുടുംബത്തിലെ മുതിര്‍ന്നവരായാലും കുട്ടികളായാലും പനി ബാധിക്കുന്നതോടെ അവരുടെ സമ്പാദ്യം, സമയം, ആരോഗ്യം, വിദ്യാഭ്യാസം തുടങിയ വിലയേറിയ പലതുമാണ് ഇതമൂലം നഷ്ടപ്പെടുന്നത്.
നാടിനെ മൊത്തം ബാധിക്കുന്ന ഗൌരവമേറിയ ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മെഷിനറിയെയും പദ്ധതികളെയും കാത്തിരിക്കുന്നതും വിമര്‍ശിച്ചു സമയം കളയുന്നതും ആത്മഹത്യാപരമാണ്. അതിനാല്‍ മത രാഷ്ട്രീയ സാംസ്കാരിക യുവജന സംഘടനകളും ക്ലബ്ബുകളുമൊക്കെ ഒറ്റക്കോ കൂട്ടായോ കേരളത്തെ പകര്‍ച്ചവ്യാധികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാനും ഒരു പൊതു ശുചീകരണ സംസ്കാരം വളര്‍ത്തിയെടുക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് മുന്നിട്ടിറങ്ങേന്ടതുണ്ട്. (PUBLISHED IN THEJAS DAILY 13-06-2013)

No comments: