1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, May 28, 2013

സൗദി ഔട്ട്‌പാസുകാരുടെ മടക്കയാത്ര: നാട്ടില്‍ നിന്നും മുറവിളി ഉയരണം
സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച വിവിധ നിലക്കുള്ള ഇളവുകള്‍ ഉപയോഗപ്പെടുത്തി ഏതാണ്ട് അര ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാര്‍ അടുത്ത ജൂലായ്‌ മൂന്നിനു മുമ്പായി നാട്ടിലേക്ക്‌ എത്താനുള്ള അടിയന്തിര യാത്ര രേഖകള്‍ക്ക് വേണ്ടി ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞു. അവസരത്തിനൊത്ത് ഉണര്‍ന്ന്‌ കൊണ്ട് സൗദി വിദേശകാര്യാലയങ്ങളും അനുകൂലമായ പല ചുവടുവെപ്പുകളും മുന്നൊരുക്കങ്ങളും നടത്തികൊണ്ടിരിക്കുന്നത് സ്വാഗതാര്‍ഹമാണ്.

ഇതുപോലൊരു ഇളവ്‌ ഇനി ഉണ്ടാകാന്‍ പോകുന്നില്ലെന്നും കഴിയുന്നത്രയും വേഗം രേഖകള്‍ ശരിയാക്കി സൗദിയില്‍ തന്നെ തുടരുകയോ അല്ലെങ്കില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യണമെന്നു മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമൊക്കെ ബന്ധപ്പെട്ടവര്‍ ഉണര്‍ത്തികൊണ്ടിരിക്കുന്നുമുണ്ട്‌.  

ഇന്ത്യന്‍ എംബസി വിതരണം ചെയ്യുന്ന അടിയന്തിര യാത്ര രേഖ കൈപ്പറ്റി നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും എക്സിറ്റ്‌ വിസക്ക് ലഭിക്കുന്നവര്‍ എങ്ങിനെ നാട്ടിലെത്തും?. ഇപ്പോള്‍ത്തന്നെ വിമാന ടിക്കെറ്റ് കിട്ടാനില്ല. വേനല്‍ അവധി, റമദാന്‍ - ഉംറ സീസന്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ ഇതിലേറെ പ്രയാസമാകുമെന്നത് തീര്‍ച്ച. സ്വദേശത്തേക്ക് തിരിച്ചു പോകാന്‍ തയ്യാറായവര്‍ക്ക് സൗദി ഗവര്‍മെന്റ് പ്രഖാപിച്ച കാലാവധിക്ക് മുമ്പായി യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ആരാേണറ്റെടുക്കുക.

ഗള്‍ഫിലെ ചില പ്രവാസി സംഘടനകള്‍ പതിവുപോലെ പത്ര പ്രസ്താവനകള്‍ നടത്തി മാറി നില്‍ക്കുന്നതാണ് കാണുന്നത്. വളരെ ഗുരുതരമായ ഈ വിഷയം നാട്ടിലെ മാതൃപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അല്ലെങ്കില്‍ ചൂടിന്റെ കാഠിന്യത്തോടൊപ്പം അനുദിനം ജയിലുകളും നാടുകടത്തല്‍ കേന്ദ്രങ്ങളും നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ സമയത്ത് ജിദ്ദയിലെ കന്ദ്രപ്പാലം വീണ്ടും ഇന്ത്യക്കാരായ അനധികൃത താമസക്കാരാല്‍ നിബിഡമാകാന്‍ അധിക ദിവസം വേണ്ടി വരില്ല. സ്വന്തം പൌരന്മാരെ നാടിലെത്തിക്കാനും നാം രാജകാരുണ്യത്തിനായി കാത്തിരിക്കേണ്ടി വരുമോ?

 (Published in G.Thejas Daily 28-5-13)

No comments: