1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Thursday, May 23, 2013

നിതാഖാത്ത്: അടിയന്തിര യാത്ര സൌകര്യവും ഏര്‍പ്പെടുത്തണംസൗദി അറേബ്യയിലെ പ്രവാസികള്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത  ഇളവുകളാണ് അബ്ദുള്ള രാജാവ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹജ്ജ്‌, ഉംറ, വിസിറ്റ് വിസയില്‍ വന്ന് കാലാവധി കഴിഞ്ഞ് നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍, ഹുറൂബാക്കിയതിന്റെയോ വിസ ഏജണ്ടുമാരുടെ കെണിയില്‍ പെട്ടുപോയതിന്റെയോ കാരണത്താല്‍ ഗതിയില്ലാതെ അലയുന്നവര്‍ തുടങിയ ചെറുതും വലുതും സങ്കീര്‍ണ്ണവുമായ നിരവധി കാരണങ്ങളാല്‍ പ്രയാസപ്പെടുന്ന ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് രാജകാരുണ്യം. അനധികൃത താമസക്കാരായി കാലങ്ങളോളം കഴിഞ്ഞുകൂടുന്നവര്‍ക്ക് തനിക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നതോടൊപ്പം നിതാഖാത്ത് മുഖേന എല്ലാ തൊഴില്‍ദായകരെയും നിയമത്തിന്റെ വഴിക്ക് കൊണ്ടുവരാനും പുതിയ പരിഷ്കാരങ്ങള്‍ വഴി സാധിക്കുന്നു. വിരലടയാളം രേഖപ്പെടുത്തി നാടുകടത്തല്‍ കേന്ദ്രം വഴി സ്വദേശത്തേക്ക് പോയവര്‍ക്ക് ഉടനെതന്നെ തിരിച്ചുവരാന്‍ സാധിക്കുന്നുവെന്നതും എടുത്തു പറയേണ്ട ഇളവ്‌ തന്നെയാണ്.

മേല്‍ സൂചിപ്പിച്ച ഇളവുകളില്‍ പലതും ഉപയോഗപ്പെടുത്തി ഏതാണ്ട് അര ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാര്‍ അടുത്ത ജൂലായ്‌ മൂന്നിനു മുമ്പായി നാട്ടിലേക്ക്‌ എത്താനുള്ള അടിയന്തിര യാത്ര രേഖകള്‍ക്ക് വേണ്ടി ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞു. അവസരത്തിനൊത്ത് ഉണര്‍ന്ന്‌ കൊണ്ട് സൗദി വിദേശകാര്യാലയങ്ങളും അനുകൂലമായ പല ചുവടുവെപ്പുകളും മുന്നൊരുക്കങ്ങളും നടത്തികൊണ്ടിരിക്കുന്നത് സ്വാഗതാര്‍ഹമാണ്.

ഇതുപോലൊരു ഇളവ്‌ ഇനി ഉണ്ടാകാന്‍ പോകുന്നില്ലെന്നും കഴിയുന്നത്രയും വേഗം രേഖകള്‍ ശരിയാക്കി സൗദിയില്‍ തന്നെ തുടരുകയോ അല്ലെങ്കില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യണമെന്നു മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമൊക്കെ ബന്ധപ്പെട്ടവര്‍ ഉണര്‍ത്തികൊണ്ടിരിക്കുന്നുമുണ്ട്‌.

പക്ഷേ എങ്ങനെ തിരിച്ചുപോകും? ഇപ്പോള്‍ത്തന്നെ വിമാന ടിക്കെറ്റ് കിട്ടാനില്ല. വേനല്‍ അവധി, റമദാന്‍ - ഉംറ സീസന്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ ഇതിലേറെ പ്രയാസമാകുമെന്നത് തീര്‍ച്ച. അവസരം മുതലെടുത്ത് നമ്മുടെ ദേശീയ വിമാനക്കമ്പനി പതിവ് പോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരവും ക്ലാസുകളാക്കി തിരിച്ചുള്ള പകല്‍ക്കൊള്ള തുടരുന്നുകൊണ്ടിരിക്കുന്നു. സ്വദേശത്തേക്ക് തിരിച്ചു പോകാന്‍ തയ്യാറായവര്‍ക്ക് സൗദി ഗവര്‍മെന്റ് പ്രഖാപിച്ച കാലാവധിക്ക് മുമ്പായി യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ആരാേണറ്റെടുക്കുക. ഇന്ത്യന്‍ മിഷന്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന അടിയന്തിര യാത്ര രേഖയുടെ കാലാവധി മൂന്ന് മാസമാണെങ്കിലും അതുപയോഗിച്ച് എക്സിറ്റ്‌ വിസ കിട്ടിയവര്‍ക്ക് ഉടനെതന്നെ രാജ്യം വിടണമെന്നതാണ് ഇപ്പൊഴത്തെ നിയമമെന്ന് കേള്‍ക്കുന്നു.  

ഇന്ത്യന്‍ എംബസി വിതരണം ചെയ്യുന്ന അടിയന്തിര യാത്ര രേഖ കൈപ്പറ്റി നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും എക്സിറ്റ്‌ വിസക്ക് ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ നമ്മുടെ പ്രവാസി കാര്യവകുപ്പുകാര്‍ കാര്യമായ തയ്യാറെടുപ്പുകളൊന്നും നടത്തുന്നതായി അറിവില്ല. അടിയന്തിര യാത്ര രേഖകള്‍ വിതരണം ചെയ്യുന്നതോടൊപ്പം അവരെ യഥാസമയം നാട്ടിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ഉടനടി കണ്ടെത്തണം. അല്ലെങ്കില്‍ ചൂടിന്റെ കാഠിന്യത്തോടൊപ്പം അനുദിനം ജയിലുകളും നാടുകടത്തല്‍ കേന്ദ്രങ്ങളും നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ സമയത്ത് ജിദ്ദയിലെ കന്ദ്രപ്പാലം വീണ്ടും ഇന്ത്യക്കാരായ അനധികൃത താമസക്കാരാല്‍ നിബിഡമാകാന്‍ അധിക ദിവസം വേണ്ടി വരില്ല. സ്വന്തം പൌരന്മാരെ നാടിലെത്തിക്കാനും നാം രാജകാരുണ്യത്തിനായി കാത്തിരിക്കേണ്ടി വരുമോ? (PUBLISHED IN THEJAS DAILY 23-5-13) 


No comments: