1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, March 31, 2013

സൗദി പ്രവാസി പ്രതിസന്ധി : ചില പരിഹാര നിര്‍ദ്ദേശങ്ങള്‍



സൗദി അറേബ്യ 2011 നവംബറില്‍ മുതല്‍ ആരംഭിച്ച തൊഴില്‍നിയമ വ്യവസ്ഥ ക്രമീകരണത്തിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ യുദ്ധസമാനമായ അന്തരീക്ഷത്തിന്‍റെ പ്രതീതിയാണ് നാട്ടിലെങ്ങും.

നിതാഖാത്ത് (തരംതിരിക്കല്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഒമ്പത് പേരോ അതില്‍ താഴെയോ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പോലും സ്വദേശിയായ സ്ഥാപന ഉടമക്ക് പുറമേ ഏറ്റവും ചുരുങ്ങിയത് ഒരു സ്വദേശിയെ കൂടി നിയമിക്കണമെന്നതാണ് വ്യവസ്ഥ. ഒമ്പതില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അതിനനുസരിച്ചുള്ള അനുപാതത്തില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കണം. ഓരോ സ്വദേശിക്കും ചുരുങ്ങിയത് മൂവായിരം റിയാല്‍ ശമ്പളം ബാങ്കുകള്‍ മുഖേന നല്‍കുകയും വേണം. കഴിഞ്ഞ ഡിസമ്പര്‍ മുതല്‍ ഓരോ വിദേശിയും 2400 റിയാല്‍ ലെവി ഇനത്തില്‍ തങ്ങളുടെ താമസ രേഖ (ഇഖാമ) പുതുക്കുമ്പോള്‍ അടയ്ക്കേണ്ടിവരുന്നതും സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്കും ഇരുട്ടടിയായി മാറിയിരിക്കുകയാണ്.

ക്രോസറി (ബഖാല) സ്നാക് സ്റ്റാള്‍ (ബൂഫിയ) ടെക്സ്റ്റൈല്‍സ്, റെഡിമെയ്ഡ് ഇലക്ട്രോണിക്സ് കടകള്‍, ചെറുകിട ബിസിനസ് സംരംഭങ്ങള്‍ തുടങിയ മലയാളികള്‍ അടക്കമുള്ള വിദേശികള്‍ നടത്തുന്ന മൂന്നര ലക്ഷത്തോളം, സ്ഥാപനങ്ങള്‍ ബിനാമിയായി പ്രവര്‍ത്തിച്ചുവരുന്നതായിട്ടാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്ക് കൂട്ടല്‍.

മേല്‍ പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് പുറമേ യഥാര്‍ത്ഥ സ്പോണ്‍സറിന്‍റെ കീഴിലല്ലാതെ ഇതര തൊഴില്‍ മേഖലകളില്‍ സ്വതന്ത്രരായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ തൊഴില്‍ - സ്ഥാപന പരിരക്ഷ ഉറപ്പാക്കാനുള്ള സമയ പരിധി മാര്‍ച്ച് 27 ന് അവസാനിച്ചിരുന്നു. യുദ്ധസമാനമായ ഭീതി സൃഷ്ടിച്ച് കൊണ്ട് മീഡിയകളിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന കാടിളക്കല്‍ പ്രചാരണത്തിന്‍റെ പിന്നിലെ യാഥാര്‍ത്ഥ്യമിതാണ്.

നിയമ മൂലം നിരോധിക്കപ്പെട്ട ഏത് കാര്യവും അത് പിടിക്കപ്പെടുന്നത് വരെ നിര്‍ബാധം തുടരുന്നത് പോലെയാണ് സൌദിയിലെ പുതിയ നിയമത്തിന്‍റെ കാര്യവും. സൌദി തൊഴില്‍ വകുപ്പ് മുന്‍കൂട്ടി പ്രഖ്യാപിച്ചത് പോലെ വ്യാപകമായി കര്‍ശന പരിശോധന തുടര്‍ന്ന് കൊണ്ടേയിരുന്നാല്‍ അത് നിതാഖാത്ത് വ്യവസ്ഥ പാലിക്കാത്ത ബിനാമി കച്ചവടക്കാര്‍ക്കും സ്വന്തം സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാത്ത പ്രവാസികളുടെയും ഭാവി അവതാളത്തിലാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനി ഒരു വേള പിടിക്കപ്പെടാതെ രക്ഷപ്പെട്ടാല്‍ പോലും വര്‍ക്ക് പെര്‍മിറ്റിന്‍റെ കാലാവധി കഴിയുന്നതോടെ ഇവര്‍ക്ക് തിരിച്ചു പോരുകയല്ലാതെ രക്ഷയില്ല.  

വൈജ്ഞാനിക സാങ്കേതിക രംഗത്ത്‌ പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും അഭ്യസ്തവിദ്യരായ യുവതി യുവാക്കളുടെ എണ്ണം  കൂടുകയും ചെയ്യുമ്പോള്‍ പ്രസ്തുത രാജ്യത്തെ പൌരന്മാരുടെ ഭാവി മുന്‍ നിര്‍ത്തി തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ബിനാമി ബിസിനസ് സ്ഥാപനങ്ങളെ നിലക്ക് നിര്‍ത്തി രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ വ്യവസ്ഥാപിതമായ രീതിയില്‍ കൊണ്ട് വരാനും നടത്തുന്ന ശ്രമങ്ങളെ തിരുത്താന്‍ മറ്റു രാജ്യക്കാര്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. ഇപ്പോള്‍ സൗദിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഈ ക്രമീകരണങ്ങള്‍ ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും ക്രമേണ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

സൌദിയിലെ പ്രവാസികള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാര്യമായ വെല്ലുവിളികള്‍:

തൊഴിലുടമയുമായുള്ള തൊഴില്‍ - ശമ്പള - കരാര്‍ പ്രശ്നങ്ങളും ഹുറൂബ് (സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയതായി പ്രഖാപിക്കല്‍) മാണ്. ഈ വിഷങ്ങള്‍ കാലദൈര്‍ഘ്യമില്ലാതെ പരിഹരിക്കാനും തൊഴിലാളിക്ക് തൊഴിലുടമയില്‍ നിന്നും കിട്ടേണ്ട അവകാശങ്ങള്‍ പൂര്‍ണമായും നേടിയെടുക്കാനും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സ്വദേശി വക്കീലിനെ നിയമിക്കലാണ് പ്രധാന പോംവഴി.

ഹുറൂബിന്റെയോ വിസ സംബന്ധമായ കാരണത്താലോ തര്‍ഹീല്‍ (തിരിച്ചയക്കല്‍ കേന്ദ്രം) വഴി വിരലടയാളം രേഖപ്പെടുത്തി സ്വദേശത്തേക്ക് തിരിച്ചയക്കുന്നവര്‍ക്ക്
5 വര്‍ഷത്തിനുള്ളില്‍ പുണ്യഭൂമിയിലേക്ക്‌ തീര്‍ഥാടനത്തിന് പോലും വരാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനാല്‍ പ്രസ്തുത വിഷയത്തിലുള്ള നടപടി ക്രമങ്ങള്‍ സുധാര്യമാക്കുക.


ഹുറൂബില്‍ പെട്ടവര്‍ക്ക് റെജിസ്ട്രേഷന്‍ സൌകര്യം ഏര്‍പ്പെടുത്തുക.

സൌദിയിലെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുന്നതിനാല്‍ അവരെ ഉടനടി നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുക.

ഗള്‍ഫ്‌ പ്രതീക്ഷയറ്റ്‌ ജന്മ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഗതിയില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഔട്ട്‌പാസ് നല്‍കി മടക്കയാത്രക്കുള്ള സൌകര്യങ്ങള്‍ ഒരുക്കുക. 
ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര
സംസ്ഥാന സര്‍ക്കാറുകളും ബന്ധപ്പെട്ട വകുപ്പുകളും ഉടനടി രംഗത്തിറങ്ങിയാല്‍ തന്നെ സൌദിയിലെ പ്രവാസികള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധിക്ക് അല്പമെങ്കിലും പരിഹാരമാകും. 


120 രാജ്യങ്ങളിലെ 80 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്ന സൌദിയിലെ 20 ലക്ഷം വിദേശികളെ  ബാധിക്കുന്ന വിഷയത്തില്‍ ആശങ്കപ്പെടാനില്ലെന്നു പറഞ്ഞു സമാധാനിപ്പിക്കുന്നതോടൊപ്പം വിഷയത്തെ കുറിച്ച് നന്നായി പഠിച്ചു സമര്‍ഥമായ നയതന്ത്ര നീക്കങ്ങളിലൂടെ മാത്രമേ ഒരു രാജ്യത്തിന്റെ പരമോന്നത സഭ എടുത്ത തീരുമാനത്തില്‍ നിന്നും അനുകൂല നിലപാട്‌ ലഭിക്കാന്‍ സാധ്യയുള്ളൂ എന്ന് കൂടി ബന്ധപ്പെട്ടവര്‍ മനസിലാക്കിയെങ്കില്‍. (Published in Thejas 1-4-13 and G. Madhyamam 31-3-13)  





No comments: