1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, April 16, 2013

കേസ് അന്വേഷണങ്ങള്‍ ഇങ്ങനെ പോയാല്‍..



2012 മേയ് നാലിന് വടകരക്കടുത്ത വള്ളിക്കാട് വെച്ച് റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിയും കുത്തിയും ക്രൂരമായി വധിച്ച സംഭവം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്ത്‌ ഇന്നും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. 
പ്രസ്തുത കൊലപാതക കേസ്സിന്റെ അന്വേഷണം സംസ്ഥാന പോലീസിന്‍റെ ചരിത്ര നേട്ടമായി തുടക്കത്തില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ കേസ്സിന്റെ വിചാരണ നടക്കാന്‍ തുടങ്ങിയതോടെ സാക്ഷികള്‍ കൂറുമാറി കളിയും തുടങ്ങി. പകുതിയിലേറെ സാക്ഷികള്‍ കൂറുമാറി. കൂറുമാറാന്‍ സാദ്ധ്യതയുള്ള നാല്പതോളം സാക്ഷികളെ വിചാരണയില്‍ നിന്നും ഒഴിവാക്കിയതിനു പുറമെയാണിത്. കൂറുമാറ്റക്കളി ഈ മട്ടില്‍ തുടര്‍ന്നാല്‍ ടി.പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടുവന്നത് കേവലം കെട്ടിച്ചമച്ച കേസായി മാറുമോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 
കൃത്രിമ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയും കുറ്റവാളികളായ പ്രമുഖരെ ഒഴിവാക്കി വ്യാജ സാക്ഷികളെ കേസ്സില്‍ ഉള്‍പ്പെടുത്തിയും കോടതിയില്‍ സമര്‍പ്പിക്കുന്ന ഇത്തരം കുറ്റപത്രങ്ങളില്‍ പോലീസിനും കാര്യമായ പങ്കുണ്ട്. ഈ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്പൂര്‍ണ്ണ ഐക്യത്തിലാണ്. 
പ്രതികളെ മാപ്പുസാക്ഷികളാക്കി എഴുന്നള്ളിപ്പിക്കുന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് . കള്ളക്കേസുകള്‍ തെളിയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രതികളിലൊരാളെ പ്രീണിപ്പിച്ചോ പേടിപ്പിച്ചോ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു നിരപരാധികളെ ശിക്ഷിക്കാന്‍ കണ്ടെത്തിയ ഈ പുതിയ തന്ത്രം പ്രമാദമായ പല സ്ഫോടന, തീവ്രവാദാരോപണ കേസുകളിലും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരം തെറ്റായ നീക്കങ്ങളും  കീഴ്‌വഴക്കങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ നെടുംതൂണുകളിലൊന്നായ ജുഡീഷ്യറിയില്‍ സാധാരണ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ദേശീയ മനുഷ്യാവകാശ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി കോശി, പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഇത് ശരിവെക്കുന്നതാണ്. (Published in Gulf  Thejas Daily 16-4-13) 

No comments: