1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Thursday, November 8, 2012

വാഗ്ദാന പെരുമഴയുമായി പ്രവാസി മന്ത്രി ഉടനെ എത്തും !!നമ്മുടെ പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും പരിവാരങ്ങളും ഒരാഴ്ചത്തെ ഗള്‍ഫ്‌ പര്യടനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഖത്തറൊഴിച്ചുള്ള മിക്ക ഗള്‍ഫ്‌ രാഷ്ട്രങ്ങളിലെയും പ്രവാസികളെ നേരില്‍ കാണാനാണ് മന്ത്രി എത്തുന്നത്. ലോകമെങ്ങും ചിതറിപ്പാര്‍ക്കുന്ന പ്രവാസി ഭാരതീയര്‍ വിവിധ തലങ്ങളില്‍ ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വിലയേറിയ സംഭാവനകളെ സ്മരിക്കുന്നതിന് വേണ്ടി 2012 ജനവരി 7 മുതല്‍ 9 വരെ കൊച്ചിയില്‍ വച്ച് നടക്കുന്ന പ്രവാസി ഭാരതീയ ദിവസത്തിന്റെ  പതിനൊന്നാമത് സമ്മേളനത്തിലേക്ക് നമ്മെയും ക്ഷണിക്കാനാണ് അദ്ദേഹം നേരിട്ട് തന്നെ വരുന്നത്. 
 
കാലങ്ങളായി ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ സഹിച്ചു ജീവിക്കുന്നവരാണ്പ്രവാസികള്‍. അതിനിടയിലാണ് കഴിഞ്ഞ മാസം അബുദാബി കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലെ യാത്രക്കാരും വിമാന ജീവനക്കാരും തമ്മില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ അറിഞ്ഞില്ലെന്ന് നടിച്ചു മൌനവൃതത്തിലായ മന്ത്രിക്ക്‌ ഗള്‍ഫിലേക്കുള്ള യാത്ര ഒരു നിലക്കും ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നത്. കാരണം പ്രവാസി ഭാരത്എന്ന ഗള്‍ഫ്‌ പ്രമാണിമാരുടെ മാമാങ്കം വിജയിപ്പിക്കേണ്ടതുണ്ട്.

മന്ത്രിയെപ്പോലെ മൌനവൃതത്തിലാണ് മന്ത്രിയെ താങ്ങുന്ന സംഘടനകളും. എന്നാല്‍ അടുത്ത കാലത്ത്  സജീവമായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മകള്‍ എല്ലാ കണക്കുകളും തെറ്റിച്ച് ഒരു മുല്ലപ്പൂ വിപ്ലവം സാധിച്ചെടുത്തിരിക്കുന്നു. അതോടെ മന്ത്രിക്ക് തന്‍റെ യാത്ര നീട്ടിവെച്ച് സ്വന്തം വകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കുമെന്നുള്ള പ്രസ്താവന നടത്താനും നിര്‍ബന്ധിതനായ സംഭവം ഗള്‍ഫിലേക്ക് പെട്ടിയെടുക്കുന്ന മറ്റു നേതാക്കന്‍മാരും ഓര്‍ക്കുന്നത് നല്ലതാണ്.


ഗള്‍ഫില്‍ കാല്‍കുത്തുന്നത് മുതല്‍ നാട്ടിലെത്തുന്നത് വരെ നേതാക്കന്‍മാരെ താങ്ങി നടക്കുന്നവരെയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ നടത്തി അണികളെ ആവേശം കൊള്ളിക്കുന്ന നേതാക്കളെയും മനസ്സിലാക്കാത്തിടത്തോളം കാലം പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നില്ല എന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കുമോ? 

അതോടൊപ്പംതന്നെ തന്നെ പ്രവാസികളുടെ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാന്‍. ഓരോ സംഘടനക്കാരും ഒറ്റക്കൊറ്റക്കുള്ള പ്രഖ്യാപന, പ്രസ്താവന, പ്രകടന പ്രഹസന 'കലാപരിപാടികള്‍ക്ക് പകരം, നാട്ടിലും വിദേശത്തുമുള്ള മൊത്തം സംഘടനകള്‍ ഒറ്റക്കെട്ടായി നിരന്തരമായും അതിശക്തമായും ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ തയ്യാറുകുകയും വേണം. (Published in Thejas Daily 08 Nov 2012)