1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Thursday, November 15, 2012

എയര്‍ഇന്ത്യ: എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നുപ്രവാസി പീഡനത്തില്‍ മല്‍സരിക്കുന്ന എയര്‍ഇന്ത്യയുടെ ക്രൂരത പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ്. വര്‍ഷങ്ങളായി നമ്മുടെ ദേശീയ വിമാന കമ്പനിയില്‍നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനയുടെയും നിരുത്തരവാദിത്വത്തിന്റെയും കയ്പ്പേറിയ അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്  നിസ്സാര പ്രശ്നങ്ങളുടെ പേരില്‍പോലും എയര്‍ഇന്ത്യയെ  കുറ്റപ്പെടുത്തുന്നത്. 

എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സര്‍വ്വീസുകളില്‍പ്പെട്ടതാണ് ഗള്‍ഫ്‌ റൂട്ട് എന്നാല്‍ അതനുസരിച്ചുള്ള ഒരു പരിഗണന എയര്‍ഇന്ത്യ മാനേജുമെന്റ് പ്രവാസികളോട് കാണിക്കുന്നില്ല.

കാലാവസ്ഥ, സാങ്കേതിക തകരാറ് എന്നിവ കാരണം വിമാന സര്‍വീസുകള്‍ മുടങ്ങുക സ്വാഭാവികം. എന്നാല്‍ ഒരു യാത്രക്കാരന്‍ നിക്ഷിത സമയത്ത് തന്റെ ലകഷ്യ സ്ഥാനത്ത്‌ എത്താതിരുന്നാല്‍ അയാളുടെ  ഉപജീവനമാര്‍ഗമായ വിസയോ ജോലിയോ നഷ്ടപ്പെടുന്നതിലുള്ള പ്രയാസം മനസ്സിലാക്കാനും അതേപോലെ മരണം, വിവാഹം, അടിയന്തിര ചികില്‍സ തുടങ്ങിയ അത്യാവശ്യക്കാരുടെ യാത്ര മുടങ്ങിയാല്‍ അവരെ സ്വാന്തനപ്പെടുത്താനും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അര്‍ഹമായ പരിഗണനകള്‍ നല്‍കിയാല്‍   തന്നെ വിമാന യാത്ര മുടങ്ങിയതിന്റെ പേരില്‍ ഇന്ന് വിമാനത്താവളങ്ങളിലും മറ്റും നടക്കുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടാവുന്നതെയുളളു.

നാലഞ്ചു മണിക്കൂര്‍ യാത്ര ചെയ്യാനുള്ള വിമാനത്തില്‍ കയറിയാല്‍ ഒരു മുറുക്ക് വെള്ളം ചോദിക്കുന്നവര്‍ക്ക് മാത്രം. അല്ലാത്തവര്‍ക്ക് ഒന്നൊന്നര മണിക്കൂര്‍ കഴിയുമ്പോള്‍ കിട്ടുന്ന ഭക്ഷണപ്പാക്ക് കൊണ്ട് പശിയടക്കണം. എയര്‍പ്പോര്‍ട്ടിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്തും നീണ്ട സമയം ക്യുവില്‍ നിന്ന് ക്ഷീണിച്ചവരുമായ കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് വെല്‍കം ഡ്രിങ്ക്സായി ഒരു ഗ്ലാസ്‌ ജുസോ വെള്ളമോ കൊടുക്കാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറല്ല. ഇതിനൊരു ഉദാഹരണമാണ് എയര്‍ ഇന്ത്യയുടെ കോഴിക്കോട്‌ - ജിദ്ദ (AI 963) സര്‍വീസ്.  

ഗള്‍ഫിലെ സ്കൂള്‍ അവധി, പെരുന്നാള്‍, ഓണം, ക്രിസ്മസ്, ആഘോഷ, സീസണ്‍ സമയങ്ങളില്‍ സീറ്റുകള്‍ തടഞ്ഞുവെച്ച് കഴുത്തറപ്പന്‍ ചാര്‍ജ് ഈടാക്കുന്നത് എയര്‍ഇന്ത്യയുടെ പതിവ് രീതിയാണ്. അതേപോലെ വിമാനത്തിലെ ഒരേ നിര സീറ്റിന്റെ ഇടത്തും വലത്തും മുന്നിലും പിന്നിലും ഇംഗ്ലീഷ് അക്ഷരമാലയിലെ അക്കങ്ങളുപയോഗിച്ചു തരം തിരിവ് നടത്തി പ്രവാസി യാത്രക്കാരെ വഞ്ചിച്ച് വിവിധ നിരക്കുകള്‍ ഈടാക്കുക എന്ന പകല്‍ കൊള്ളയും എയര്‍ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നു. പീക് സീസണല്ലാത്ത സമയത്ത് പോലും റിസര്‍വേഷന്‍ തിയ്യതി മാറ്റാന്‍ സമീപിക്കുന്ന യാത്രക്കാരനോട് കൃത്രിമ തിരക്ക് പറഞ്ഞു ഭീമമായ തുക ഈടാക്കുന്ന ചില ഗള്‍ഫ് റൂട്ടുകളില്‍ നൂറുകണക്കിനു ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് നിത്യേനയെന്നോണം എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.

ഒരു പൈലറ്റിന്റെ ജോലി സമയം തീരുമ്പോള്‍ ഉടനെ തൊട്ടടുത്ത എയര്‍പ്പോര്ട്ടില്‍ കൊണ്ടുപോയി യാത്രക്കാരെ ഇറക്കിവിടലാണോ സാമാന്യ നീതി. ഇതൊന്നും മോണിറ്റര്‍ ചെയ്യാന്‍പോലും എയര്‍ ഇന്ത്യയില്‍ ആളില്ലേ?

കഴിഞ്ഞ 2012 മെയ് എട്ടുമുതല്‍ രണ്ടു മാസത്തോളം തുടര്‍ന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പിന്‍വലിക്കേണ്ടിവന്നത് എന്നോര്‍ക്കുക. ഈ സമരം മൂലം ദേശീയ വിമാന കമ്പനിക്ക് ഉണ്ടായ നഷ്ടം അറുനൂറു കോടിയിലേറെയാണത്രേ. പൈലറ്റുമാര്‍ക്കോ നാട് ഭരിക്കുന്നവര്‍ക്കോ ഇതുകൊണ്ടൊരു നഷ്ടവും സംഭവിക്കാന്‍ പോവുന്നില്ല. എന്നാല്‍ അഴിമതി നടത്തിയും സമരം ചെയ്തും പൊതു മുതല്‍ നശിപ്പിച്ചും രാജ്യത്തിന് ലക്ഷം കോടികളുടെ നഷ്ടം വരുത്തിവെക്കുന്നത് നികത്താന്‍ പാടുപെടുന്നവരില്‍ വലിയൊരു വിഭാഗം ലക്ഷക്കണക്കായ പ്രവാസികളാണ്.

2012 Oct 19 നു അബുദാബി -  കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ.എക്‌സ് 4522 വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയതുമായി ബന്ധപ്പെട്ട് യാത്രക്കാരും വിമാന ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം ആറു പ്രവാസി യാത്രക്കാര്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ്സ് മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ ഉള്ള ഭരണകൂടമല്ല നാളെ ഈ വിഷയം കൈകാര്യംചെയ്യുന്നതെങ്കില്‍ ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.കാലങ്ങളോളമായി എയര്‍ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന ഇത്തരം ക്രൂരമായ സമീപനങ്ങള്‍ക്കെതിരെ നിയമപരമായി നേരിടാന്‍ ശ്രമിക്കുന്നതാണ് ഇനിയുള്ള രക്ഷാമാര്‍ഗ്ഗം. എയര്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാരന് നഷ്ടപരിഹാരമായി കിട്ടുന്ന സംഖ്യയില്‍ നിന്നും ഒരു നിശ്ചിത ശതമാനം കേസ്സ് നടത്താനുള്ള ചെലവിലേക്ക് കണ്ടെത്താവുന്നതുമാണ്‌. (Published in Mathrubhumi Daily 15 Nov 12)
     
                                                                                                                 

1 comment:

shafi chaliyam said...

HURSDAY, 21 JUNE 2012
എയര്‍ഇന്ത്യ പ്രവാസികളെ വരട്ടിത്തിന്നുന്നു.

(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 2012 ജൂണ്‍.21 21 വ്യാഴം)