1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, October 24, 2012

പ്രവാസി പ്രശ്‌നപരിഹാരം: കൂട്ടായ മുന്നേറ്റം അനിവാര്യംഗള്‍ഫ് പ്രവാസത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ദശ ലക്ഷക്കണക്കിന് പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു.

വീടും പുരയിടവും കെട്ടുതാലിയും വരെ പണയപ്പെടുത്തിയും കിട്ടാവുന്നത്ര കടം വാങ്ങിയും കുടുംബം പോറ്റാനായി ഗള്‍ഫിലെത്തിയവരുടെ, അനന്തമായി നീളുന്ന പ്രവാസ ജീവിതം അനുദിനം കൂടുതല്‍ ദുരിതത്തിലാവുകയാണ്. നാട്ടിലെയും ഗള്‍ഫിലെയും വിലക്കയറ്റവും പ്രവാസ ഭൂമിയില്‍ ഇടയ്ക്കിടെ മാറിവരുന്ന പുതിയ നിയമവ്യവസ്ഥകളും സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഇതിനിടയിലാണ് ഇടിത്തീ പോലെ, പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസ് കുത്തനെ കൂട്ടി ഇന്ത്യന്‍ അധികൃതര്‍ പ്രവാസിയുടെ ചുമലില്‍ അധികഭാരം കയറ്റിവെക്കുന്നത്.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇന്ത്യയില്‍, നിലവിലുള്ള ഫീസ്‌ 1000 രൂപയില്‍നിന്ന് 1500 രൂപ യായി വര്‍ധിപ്പിച്ചപ്പോള്‍ സൗദിയില്‍ 180 റിയാലില്‍ നിന്ന് 282 ലേക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. 102 റിയാലിന്റെ വര്‍ധന. സര്‍വീസ് ചാര്‍ജ്ജും വെല്‍ഫയര്‍ ഫണ്ടും അടക്കം 305 റിയാല്‍ വേണം പാസ്‌പോര്‍ട്ട് പുതുക്കാന്‍. മാതൃരാജ്യത്ത് 500 രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍, സൗദിയില്‍ അതിന്റെ മൂന്നിരട്ടി അതായത് 1500 ല്‍പരം രൂപയാണ് കൂട്ടിയത്. താഴ്ന്ന വരുമാനക്കാരായ പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഈ അനീതി പൊറുപ്പിക്കാനാവാത്തതാണ്. ഈ ഇരട്ടത്താപ്പിന് എന്ത് ന്യായീകരണമാണുള്ളത്?

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇരുപത് ലക്ഷമെന്നാണ് ഔദ്യോഗിക കണക്ക്. രേഖകളില്‍ ഉള്‍പ്പെടാത്ത പരശ്ശതം പേര്‍ വേറെയുമുണ്ട്.
ഇന്ത്യന്‍ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന ഏറ്റവും വലിയ ഈ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാനെന്ന പേരില്‍ 2010 ഫെബുവരിയില്‍ നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സൗദി സന്ദര്‍ശിച്ചു. ഇതിനു മുമ്പ് 1982 ലാണ് മറ്റൊരു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. നീണ്ട 28 വര്‍ഷക്കാലത്തെ ഇടവേളയ്ക്കുശേഷമുള്ള മന്‍മോഹന്‍സിംഗിന്റെ സൗദി സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ്, പ്രശ്‌നങ്ങളുടെ നീര്‍ചുഴിയില്‍ പെട്ടുഴറുന്ന പ്രവാസികള്‍ കാത്തിരുന്നത്. പക്ഷെ, നടപ്പാക്കാനാകാത്ത പതിവ് വാഗ്ദാനങ്ങള്‍ക്കും പല്ലവികള്‍ക്കുമപ്പുറം ഒന്നും സംഭവിച്ചില്ല. വിദേശകാര്യ-പ്രവാസി മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, നോര്‍ക പ്രതിനിധികള്‍ തുടങ്ങി പല ഉന്നതരും അതിനുശേഷവും ഗള്‍ഫിലെത്തി പൊള്ളയായ വാഗ്ദാനപ്പെരുമഴ കൊണ്ട്, ഉള്ളുരുകിക്കഴിയുന്ന പാവം പ്രവാസിയെ വൃഥാ സുഖിപ്പിക്കുകയും സ്വീകരണങ്ങളും ഉപഹാരങ്ങളും ആവോളമേറ്റുവാങ്ങി മനവും മടിശ്ശീലയും നിറച്ച് മടങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേരളക്കരയില്‍നിന്നുള്ള നേതൃ പുംഗവന്മാരുടെ ഗള്‍ഫ് സന്ദര്‍ശനവും വാഗ്ദാനപ്പെരുമഴയും അവിരാമം തുടരുന്നുവെങ്കിലും പ്രവാസിയുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും യാതൊരു പരിഹാരവുമില്ലെന്നു മാത്രമല്ല, അനുദിനം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയുമാണ്.

പ്രവാസി ഭാരത്: പ്രമാണിമാരുടെ പൊങ്ങച്ച പ്രകടനം

കൊല്ലംതോറും ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്താറുള്ള പ്രവാസി ഭാരതീയ സമ്മേളനങ്ങളില്‍ പോലും ഗള്‍ഫിലെ ലക്ഷക്കണക്കിനു വരുന്ന പ്രവാസികളുടെ പ്രാതിനിധ്യവും പ്രശ്‌നങ്ങളും വിഷയമാവാറേയില്ല. പ്രത്യേകം ക്ഷണിക്കപ്പെടുന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ പ്രവാസി മുതലാളിമാരുടെ സ്വകാര്യസ്വത്തും നിക്ഷേപങ്ങളും സംരക്ഷിക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ഈ മാമാങ്കങ്ങളില്‍ ചര്‍ച്ചകള്‍ നടക്കാറുള്ളത്. ബിസിനസ് കോടീശ്വരന്മാരായ പ്രവാസി പ്രമാണിമാരുടെയും കോട്ടും സ്യൂട്ടുമണിഞ്ഞ ബ്യൂറോക്രാറ്റുകളുടെയും താളമേളക്കൊഴുപ്പോടെ എഴുന്നള്ളിക്കപ്പെടുന്ന മന്ത്രിമുഖ്യരുടെയുമൊക്കെ പൊങ്ങച്ച പ്രകടനങ്ങളും കണ്ട് പാവം പ്രവാസിക്ക് കണ്ണുതള്ളിയിരിക്കാം എന്നതുമാത്രമാണ് ഓരോ പ്രവാസി ഭാരത് സമ്മേളനങ്ങളുടെയും മെച്ചം.

നാട്ടിലെ വിവിധ സ്ഥാപനങ്ങളില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമ്പോള്‍ പ്രവാസിയായതിന്റെ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡോ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡു പോലുമോ അനുവദിച്ചു കിട്ടാത്ത ദുരവസ്ഥയാണ് ഇന്നുള്ളത്. (വിദേശത്തു തൊഴിലുടമയുടെ
സ്‌പോണ്‌സര്‍ഷിപ്പില്‍ കഴിയുന്ന പ്രവാസി സ്വന്തം നാട്ടിലെത്തിയാല്‍ ഭാര്യയുടെ സ്‌പോണ്‌സര്‍ഷിപ്പിലാണെന്ന് പ്രവാസിയുടെ റേഷന്‍കാര്‍ഡ് നോക്കിയാല്‍ മനസ്സിലാകും!!.)

സൗദിയിലെ പ്രവാസികളെ ഇപ്പോള്‍ ഗതികേടിലാക്കുന്ന ഹുറൂബും” (സ്‌പോണ്‍സര്‍ തന്റെ കീഴിലുള്ള വിദേശ തൊഴിലാളി ഒളിച്ചോടിയതായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അറിയിക്കല്) നിതാഖാത്തും” (സ്വകാര്യതൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണ പ്രക്രിയ നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം പുതുതായി രൂപം നല്‍കിയ പദ്ധതി) തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങളും ബന്ധപ്പെട്ട ഒട്ടേറെ വകുപ്പുകളും ഒരേപോലെ ഉത്സാഹത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സാധ്യമാകൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഗള്‍ഫ് സന്ദര്‍ശനത്തിനെത്തുന്ന നേതാക്കന്മാരുടെ പത്ര പ്രസ്താവനകളും വിടുവായത്തങ്ങളും കേട്ട് രക്ഷകിട്ടുമോ എന്ന പ്രതീക്ഷയോടെ ഓടിയെത്തുന്ന ഹുറൂബ്കാരോട് (ഒളിച്ചോട്ടക്കരോട്) ഇത്തരം വാര്‍ത്തകള്‍ കേട്ട് കോണ്‍സുലേറ്റിലേക്ക് ഓടി വരേണ്ടതില്ല എന്നാണു വെല്‍ഫെയര്‍ മേധാവിയുടെ അന്ത്യശാസനം. ഗള്‍ഫ് സന്ദര്‍ശിക്കുന്ന നമ്മുടെ നേതാക്കളുടെ നിരര്‍ഥകമായ പുളുവടി എത്രമാത്രം ലജ്ജാകരമാണെന്ന് ഇവര്‍ക്ക് സ്വീകരണമൊരുക്കുന്നവര്‍ എന്നാണ് മനസ്സിലാക്കുക?

കുറ്റകൃത്യങ്ങളായ കൊലപാതകം, കള്ളവാറ്റ് തുടങ്ങിയവയുടെ പേരില്‍പോലും നാട്ടില്‍ സര്‍ക്കാര്‍വക ദുരിതാശ്വാസ ധനം കിട്ടും. പ്രതിഷേധ സമരങ്ങള്‍, റാലികള്‍ എന്നിവ അക്രമാസക്തമാകുമ്പോള്‍ സംഭവിക്കാറുള്ള നാശനഷ്ടങ്ങള്‍ മുതല്‍ വ്യാജമദ്യം മൂക്കറ്റം കുടിച്ച് മരിക്കുന്നതിന്റെ പേരില്‍വരെ മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളുടെ സഹായ ധനം പ്രഖ്യാപിക്കാന്‍ സര്‍ക്കാരും നേതാക്കളും മല്‍സരിക്കുന്നത് നമ്മുടെ നാട്ടില്‍ പതിവ് കാഴ്ചയാണ്. എന്നാല്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതോടൊപ്പം പിറന്നമണ്ണിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന പാവം പ്രവാസിക്ക് മറുനാട്ടില്‍ വല്ല അത്യാപത്തും സംഭവിച്ചാല്‍ തിരിഞ്ഞുനോക്കാന്‍ പോലും നമ്മുടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് തികച്ചും നന്ദികേടാണ്.

കുടുംബത്തിന്റെ നെടുംതൂണായ പ്രവാസി വിയര്‍ത്ത് അധ്വാനിക്കുന്നതിനിടെ അന്യദേശത്ത് മരണപ്പെട്ടാല്‍ അവരുടെ കണ്ണീരൊപ്പാനും കുടുംബങ്ങളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിക്കാനും സഹായിക്കാനും
അവസരത്തിനൊത്തുയര്‍ന്നു രംഗത്ത് വരാറുള്ളത് പ്രവാസത്തിന്റെ വേവും ചൂടുമറിഞ്ഞ ഗള്‍ഫിലെ ഉദാരമതികളായ ബിസിനസ്കാരും സാമൂഹ്യ പ്രവര്‍ത്തകരും മത സാംസ്കാരിക കൂട്ടായ്മകളും മാത്രമാണ്.

അതുകൊണ്ട് ഗള്‍ഫില്‍ പ്രവാസി അപകട, ദുരന്തങ്ങള്‍ മൂലം മരണപ്പെടുകയോ നഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ നാട്ടിലെപ്പോലെ പ്രവാസികളുടെ കുടുംബത്തിനു ദുരിതാശ്വാസവും, ആശ്രിതര്‍ക്ക് ജോലി തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാന്‍ അധികൃതര്‍ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എമിഗ്രേഷന്‍ ഇനത്തില്‍ പ്രവാസികളില്‍നിന്നും പിരിച്ചെടുത്ത കോടികണക്കിനു രൂപയില്‍ നിന്നും ഒരു വിഹിതമെങ്കിലും ജീവിതത്തിന്റെ വലിയൊരു ഭാഗം മരുഭൂമിയില്‍ തള്ളിനീക്കി വെറും കയ്യോടെ മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി വിനിയോഗിക്കണമെന്ന് പറയുന്നത് സാമാന്യ നീതി മാത്രമാണ്.

എയര്‍ ഇന്ത്യയുടെ ക്രൂര വിനോദങ്ങള്‍

പ്രവാസികളെ കഷ്ടപ്പെടുത്തുന്നതില്‍ റെക്കോര്‍ഡിന് മത്സരിക്കുകയാണ് ദേശീയ വിമാന കമ്പനിയായ എയര്‍ഇന്ത്യ.

എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സര്‍വ്വീസുകളില്‍പ്പെട്ടതാണ് ഗള്‍ഫ് റൂട്ട്. സാങ്കേതികത്വത്തിന്റെയും പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിന്റെയും മറ്റും പേരുപറഞ്ഞു വിമാനം റദ്ദാക്കുമ്പോള്‍ മണിക്കൂറുകളോളം അനിശ്ചിതമായി എയര്‍പോര്‍ട്ടിലും വിമാനത്തിലും കഴിയേണ്ടി വരുന്ന യാത്രക്കാരുടെ ദുരിതം വിവരണാതീതമാണ്. അവരോട് മാന്യമായി പെരുമാറാനോ, ബദല്‍ സംവിധാനത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാനോ തയ്യാറാകാതെ കഷ്ടപ്പെടുത്തുന്നത് നിത്യസംഭവമായിരിക്കുന്നു.

ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ സ്വന്തം കുടുംബത്തോടൊപ്പം എണ്ണിച്ചുട്ട ദിവസങ്ങള്‍ ചെലവഴിക്കാനുള്ള അവസരം കാത്തു കഴിയുന്നവര്‍, നീണ്ട പ്രവാസ ജീവിതത്തിന്റെ സമ്മാനമായികിട്ടിയ രോഗങ്ങള്‍ക്ക് വിദഗ്ധ ചികില്‍സ തേടി നാട്ടിലെത്തേണ്ടവര്‍, മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും മറ്റും നേതൃത്വം നല്‍കേണ്ടവര്‍ തുടങ്ങിയ ഗണത്തില്‍ പെട്ടവരാണ് ഗള്‍ഫ് സെക്ടറിലെ സാധാരണക്കാരായ പ്രവാസി യാത്രക്കാര്‍. ഇവര്‍ക്കു നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ വരുമ്പോള്‍ അവരുടെ പ്രയാസം മനസ്സിലാക്കാനും, ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും എയര്‍ഇന്ത്യാ അധികൃതര്‍ തയ്യാറായാല്‍ തന്നെ യാത്ര മുടങ്ങിയതിന്റെ പേരില്‍ വിമാനത്താവളങ്ങളില്‍ നടക്കുന്ന മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാവുന്നതേയുളളു. ഗള്‍ഫിലെ സ്കൂള്‍ അവധി, പെരുന്നാള്‍, ഓണം, ക്രിസ്മസ്, ആഘോഷ, സീസണ്‍ സമയങ്ങളില്‍ സീറ്റുകള്‍ തടഞ്ഞുവെച്ച് കഴുത്തറപ്പന്‍ ചാര്‍ജ് ഈടാക്കുന്നത് എയര്‍ഇന്ത്യയുടെ പതിവ് രീതിയാണ്. അതേപോലെ വിമാനത്തിലെ ഒരേ നിര സീറ്റിന്റെ ഇടത്തും വലത്തും മുന്നിലും പിന്നിലും ഇംഗ്ലീഷ് അക്ഷരമാലയിലെ അക്കങ്ങളുപയോഗിച്ചു തരം തിരിവ് നടത്തി പ്രവാസി യാത്രക്കാരെ വഞ്ചിച്ച് വിവിധ നിരക്കുകള്‍ ഈടാക്കുക എന്ന പകല്‍ കൊള്ളയും എയര്‍ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 2012 മെയ് എട്ടുമുതല്‍ രണ്ടു മാസത്തോളം തുടര്‍ന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പിന്‍വലിക്കേണ്ടിവന്നത് എന്നോര്‍ക്കുക.

രണ്ടുമാസത്തെ സമരം കാരണം ദേശീയ വിമാന കമ്പനിക്ക് ഉണ്ടായ നഷ്ടം അറുനൂറു കോടിയിലേറെയാണത്രേ. പീക് സീസണല്ലാത്ത സമയത്ത് പോലും റിസര്‍വേഷന്‍ തിയ്യതി മാറ്റാന്‍ സമീപിക്കുന്ന യാത്രക്കാരനോട് കൃത്രിമ തിരക്ക് പറഞ്ഞു ഭീമമായ തുക ഈടാക്കുന്ന ചില ഗള്‍ഫ് റൂട്ടുകളില്‍ നൂറുകണക്കിനു ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് നിത്യേനയെന്നോണം എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യയും ചില ട്രാവല്‍ ഏജന്‍സിക്കാരും നടത്തുന്ന ഈ കള്ളക്കച്ചവടത്തിനു പലതവണ ഇതെഴുതുന്നയാളും സാക്ഷിയായിട്ടുണ്ട്. പൈലറ്റുമാര്‍ക്കോ നാട് ഭരിക്കുന്നവര്‍ക്കോ ഇതുകൊണ്ടൊരു നഷ്ടവും സംഭവിക്കാന്‍ പോവുന്നില്ല. എന്നാല്‍ ഇത്തരം സമരകോലാഹലങ്ങളിലൂടെ രാജ്യത്തിന് ലക്ഷം കോടികളുടെ നഷ്ടം വരുത്തിവെക്കുന്നത് നികത്താന്‍ പാടുപെടുന്നവരില്‍ വലിയൊരു വിഭാഗം ലക്ഷക്കണക്കായ പ്രവാസികളാണ് എന്ന യാഥാര്‍ത്ഥ്യം ബന്ധപ്പെട്ടര്‍ ഓര്‍ക്കേണ്ടതുണ്ട്.

പ്രവാസികളെ അലട്ടുന്ന ഇത്തരം നൂറുകൂട്ടം വിഷയങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങളും മുറവിളികളുമൊന്നും അധികൃതര്‍ ആരുംതന്നെ മുഖവിലയ്‌ക്കെടുക്കാറില്ല. "ഗള്‍ഫില്‍ പണം വാരാന്‍ പോയവര്‍ ചത്താലെന്ത്, ജീവിച്ചാലെന്ത്' എന്ന മട്ടില്‍ അവഗണനയാണ് ഗള്‍ഫ് പ്രവാസിക്ക് എന്നും അധികാര കേന്ദ്രങ്ങളില്‍നിന്ന് കിട്ടുന്നത്. നാട്ടിലെയും ഗള്‍ഫിലെയും സംഘടനകള്‍ ഒറ്റപ്പെട്ട പ്രസ്താവനകളും പ്രതിഷേധ പരിപാടികളുമായി ഒതുങ്ങിക്കൂടുന്നതുകൊണ്ടാണ് ഇങ്ങനെ  സംഭവിക്കുന്നത്.

അതിനാല്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പക്ഷവും ഇല്ലാത്തരും ഒരുപോലെ യോജിക്കുന്ന പ്രവാസികളുടെ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാന്‍ ഒറ്റക്കെട്ടായുള്ള മുന്നേറ്റമാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്. കേവല പ്രഖ്യാപന, പ്രസ്താവന, പ്രകടന പ്രഹസന 'കലാപരിപാടികള്‍ക്ക് പകരം, നിരന്തരമായും അതിശക്തമായും ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് നാട്ടിലും വിദേശത്തുമുള്ള മൊത്തം സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ തയ്യാറുണ്ടോ എന്നതാണ് കാതലായ ചോദ്യം.  (Published in Thejas Daily 23 Oct 2012) 
No comments: