1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, October 22, 2012

എയര്‍ ഇന്ത്യ – ബഹിഷ്കരണം പരിഹാരമല്ല



പ്രവാസി പീഡനത്തില്‍ മല്‍സരിക്കുന്ന എയര്‍ഇന്ത്യയുടെ ക്രൂരത പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ്.

എയര്‍ഇന്ത്യയുമായി ബന്ധപ്പെട്ട ഇതേപോലുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോഴെല്ലാം എയര്‍ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന മുദ്രാവാക്യവുമായി ചിലര്‍ രംഗത്ത് വരുന്നത് സാധാരണയാണ്.


ഒരു സര്‍ക്കാര്‍ സ്ഥാപനം ശരിയായ വഴിക്ക് നീങ്ങുന്നില്ലെങ്കില്‍, അത് സമൂഹത്തിനു വേണ്ട വിധം ഉപകാരപ്രദമാകുന്നില്ലെങ്കില്‍ പ്രസ്തുത വകുപ്പിനെ നേര്‍വഴിക്ക് കൊണ്ട് വരികയാണ് ബുദ്ധി.

വെള്ളം, വൈദ്യുതി, ഗ്യാസ്, റേഷന്‍, തീവണ്ടി, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസ്സ് തുടങിയ സ്ഥാപനങ്ങളിലൊക്കെ ഇതേപോലെ നൂറുകൂട്ടം പ്രശ്നങ്ങള്‍ ദിനംപ്രതിയെന്നോണം ഉണ്ടായിക്കൊട്ണ്ടിരിക്കുന്നു. അപ്പൊഴൊന്നും ആരും ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നതായി കാണുന്നില്ല. മറിച്ച് പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സ്ഥാനത്ത്‌ നിന്നും മാറ്റുകയോ അല്ലെങ്കില്‍ വകുപ്പ് ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരിക തുടങ്ങിയവയാണ് പതിവ്. ഇത് തന്നെയല്ലേ എയര്‍ ഇന്ത്യയിലും നടക്കേണ്ടത്.

കുറച്ചു പേര്‍ ബഹിഷ്കരിക്കുന്നതിലൂടെ നഷ്ടക്കണക്ക് പറഞ്ഞു റൂട്ടുകള്‍ തന്നെ നിര്‍ത്തലാക്കിയാല്‍ പിന്നെ ആ റൂട്ട് പുനസ്ഥാപിച്ചു കിട്ടാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. കഴുകകണ്ണുമായി വിവിധ എയര്‍ ലൈന്‍ മുതലാളിമാരും അവര്‍ക്ക് വേണ്ടി എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തു കൊണ്ട് തന്നെ കങ്കാണിപ്പണി എടുക്കുന്നവരും ഉറ്റുനോക്കുന്നത് നാം കാണാതിരുന്നുകൂട.

ഏതായാലും നീണ്ട വര്‍ഷങ്ങള്‍ ആടുജീവിതം നയിച്ചതിനു ശേഷമാണ് ഒരു പ്രവാസി കന്നുകാലി ക്ലാസില്‍ പിറന്ന നാട്ടിലേക്ക് ആവേശപൂര്‍വ്വം യാത്ര ചെയ്യുന്നത്. അവരുടെ മാന്യതയും സംസ്കാരവും പോലും ഒരു വല്യ രാജ്യത്തിന്‍റെ ദേശീയ വിമാന കമ്പനി ജീവനക്കാര്‍ക്ക് ഇല്ലാതെ പോയത്‌ ലജ്ജാകരം തന്നെ. അതുകൊണ്ടാണ് എയര്‍ഇന്ത്യയില്‍ സ്യുട്ടും കോട്ടുമിട്ട സായിപ്പന്‍മാര്‍ക്കും  യുവത്വം തെളിയിക്കാന്‍ ചുണ്ട് ചുവപ്പിച്ചു നടക്കേണ്ടി വരുന്ന മദാമ്മകള്‍ക്കും ദാഹിക്കുന്നവന്‍ വെള്ളം ചോദിക്കുമ്പോള്‍ മൂത്രം കുടിക്കാന്‍ പറയാന്‍ തോന്നുന്നത്. അത് കൊണ്ടാണ് ക്ഷമയുടെ അതിര് വിടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ കാണുമ്പോഴേക്കും റാന്ച്ല്‍ ഭീഷണി പറഞ്ഞു ലോകത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തോന്നുന്നത്. (Published in M.News 22 Oct 2012)


 

No comments: