1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, April 23, 2012

ഫൈവ് സ്റ്റാര്‍ ഹജ്ജും, സബ്‌സിഡിയും


പരിശുദ്ധ ഹജ്ജ് കര്‍മ്മവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുവാനും വിശുദ്ധമായ ഒരു ആരാധനാകര്‍മ്മത്തെ അവഹേളിക്കുന്ന തരത്തില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങളെ ഇല്ലായ്മ ചെയ്യാനും സുപ്രീം കോടതിയുടെ പുതിയ ഇടപെടലുകളും നിര്‍ദേശങ്ങളും  സ്വാഗതാര്‍ഹമാണ്.

ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ അഞ്ചാമത്തെതും വിശ്വാസികള്‍ക്ക് ഒരിക്കല്‍ മാത്രം നിര്‍ബന്ധവുമായ ഒരു സുപ്രധാന ആരാധനാകര്‍മ്മമാണ് ഹജ്ജ്‌. മക്കയില്‍ പോയി തിരിച്ചു വരാന്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ കഴിവും യാത്രാനുമതി, പകര്‍ച്ചവ്യാധി തുടങ്ങിയവയില്‍ നിന്നൊക്കെ നിര്‍ഭയത്വത്തോടെ യാത്ര ചെയ്യാനുള്ള അവസരം ഒത്തുവന്നുവര്‍ക്ക് മാത്രമാണ് ഇസ്ലാം ഹജ്ജ് നിര്‍ബന്ധമാക്കിയിട്ടുള്ളത്‌.

അഥവാ തികച്ചും നിഷ്കളങ്കനായി അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചു ചെറുതും വലുതുമായ പാപങ്ങളില്‍ നിന്നും മുക്തനായി നല്ലതായ മാര്‍ഗത്തിലൂടെ ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് ഹജ്ജ്‌ ചെയ്‌താല്‍ മാത്രമേ ഒരാളുടെ ഹജ്ജ്‌ സ്വീകാര്യമാകുകയുള്ളൂവെന്നതിനു പ്രമാണങ്ങള്‍ തന്നെ തെളിവാണ്. വസ്തുത ഇതായിരിക്കെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചുകൊണ്ട് ഹജ്ജ്‌ സൌഹ്രദ സംഘമെന്ന പേരില്‍ സൗദി ടൂറിനായി എത്തുന്ന ജമ്പോ ടീമിന്‍റെ ഫൈവ് സ്റ്റാര്‍ ഹജ്ജിനെയും ഭരണ,രാഷ്ട്രീയ,സാമ്പത്തിക സ്വാധീനമുപയോഗിച്ച് ഹജ്ജുസീറ്റ്‌ ഒപ്പിച്ചെടുക്കുന്നവരെയും ഹജ്ജിനെ കച്ചവടമാക്കുന്നവരുമൊക്കെ നിയന്ത്രിക്കാന്‍ സുപ്രീകോടതി ഇടപെടേണ്ടി വന്നത് വിശ്വാസികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണെന്നത് പറയാതിരിക്കാന്‍ വയ്യ.

ഓരോ ഹാജിയില്‍ നിന്നും അപേക്ഷ ഫീസിനത്തില്‍ വാങ്ങുന്ന സംഖ്യ, അപേക്ഷ സീകരിച്ചാല്‍ അഡ്വാന്‍സായി വാങ്ങുന്ന ആയിരങ്ങള്‍, വിമാനടിക്കറ്റ്, മക്ക മദീന എന്നിവിടങ്ങളിലെ താമസം, യാത്ര, ചികില്‍സ തുടങ്ങിയ സൌകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ നിന്നും കമ്മീഷന്‍ വഴി കോടികളാണ് ബന്ധപ്പെട്ടവര്‍ കൈക്കലാക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അറിഞ്ഞോ മറച്ചുവെച്ചോ ആണ് ഹജ്ജ്‌ സബ്സിഡി എന്ന പേരില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തീര്‍ഥാടനത്തിനായി ഭീമമായ സംഖ്യ ചെലവഴിക്കുന്നുവെന്നു ചിലര്‍ കൊട്ടിഘോഷിച്ചു നടക്കുന്നത്.

അതിനാല്‍ ഇത്തരം  കുപ്രചാരണങ്ങളുടെ യാഥാര്‍ത്ഥ്യം തുറന്നു കാണിക്കാനും ബിനാമി ഹജ്ജ്‌ ടൂര്‍ സര്‍വീസ്‌ സ്ഥാപനങ്ങള്‍ വഴിയും മറ്റുമായി ഹാജിമാരെ ചൂഷണം ചെയ്ത് കോടികള്‍ തട്ടിയെടുക്കുന്നതിരെയും മുസ്ലിം സംഘടനകള്‍ രംഗത്ത് വരേണ്ടതുണ്ട്. (Gulf Madhyamam 19 April 2012)

No comments: