1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, April 8, 2012

ഹജ്ജ്‌ വോളന്റിയര്‍ – പ്രവാസികളെയും പരിഗണിക്കണം


കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിഅറേബ്യയിലെ മക്കയിലും മദീനയിലും മറ്റു പുണ്യസ്ഥലങ്ങളിലും സേവനമനുഷ്ഠിക്കാന്‍ താല്പര്യവും പ്രാപ്തിയുമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിം പുരുഷന്‍മാരില്‍ നി്ന്ന് ഹജ്ജ് വോളന്റിയര്മാരായി തെരഞ്ഞെടുക്കുന്ന ഘട്ടമാണിത്. സര്‍ക്കാര്‍ അറിയിപ്പു പ്രകാരം വോളിയന്ടീയര്‍മാരാകാനുള്ള യോഗ്യതകള്‍ ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുണ്ടാകുക, അറബി ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുക തുടങിയവയാണ്. എന്നാല്‍ ഇപ്പറഞ്ഞ അത്യാവശ്യ യോഗ്യതകള്‍ പോലും ഇല്ലാത്തവരാണ് ഹജ്ജ്‌ വോളന്റിയര്മാരായി എത്തുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവരെ ഭരണത്തിലേറ്റാന്‍ സഹായിക്കുന്ന പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും വിവിധ സര്‍ക്കാര്‍ കോര്‍പ്പറേഷന്‍- ബോര്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനങ്ങളും മറ്റും വിഭജിച്ച് നല്‍കുന്നപോലെയാണ് ഹജ്ജ്‌ വോളന്റിയര്മാരായി നിയമിക്കപ്പെടുന്നവരില്‍ അധികവും.

തീര്‍ഥാടകര്‍ക്ക് സേവനമനുഷ്ടിക്കാനെന്ന പേരില്‍ പുണ്യഭൂമിയിലെത്തുന്നവര്‍ പലപ്പോഴും സര്‍ക്കാര്‍ ചെലവില്‍ ഹജ്ജു ചെയ്യാന്‍ വരുന്നവരാണ്. അപൂര്‍വ്വം ചിലര്‍ ആത്മാര്‍ഥതയോടെ ഹാജിമാര്‍ക്ക് സഹായം എത്തിക്കുന്നുവെന്നത് നിഷേധിക്കുന്നില്ല. അറബി കൈകാര്യം ചെയ്യാവുന്നവരും ഹജ്ജുമായി ബന്ടപ്പെട്ട പ്രദേശങ്ങള്‍ പരിചയമുള്ളവരും വോളന്ടിയര്‍മാരായി വരുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനമനുഷ്ടിക്കാന്‍ കഴിയുന്നു. ഹജ്ജ്‌ വോളന്റിയര്‍ സംവിധാനം തുടങ്ങിയവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാവതല്ല. എന്നാല്‍ കേരളത്തില്‍ നിന്നു മാത്രം വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്ന രീതി വേണ്ടത്ര ഗുണകരമല്ല. സ്വകാര്യ ഹജ്ജു ഗ്രൂപ്പുകള്‍ നയിക്കുന്ന പണ്ഡിതന്‍മാര്‍ ലളിതമായ ഹജ്ജു കര്‍മ്മങ്ങളെ പറഞ്ഞു പറഞ്ഞു സങ്കീര്‍ണ്ണമാക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സൌദിയുടെ വിവിധ ഭാഗങ്ങളിലുള്ള സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നൂറുകണക്കിന് വോളന്റിയര്മാര്‍ ചെയ്തുവരുന്ന നിസ്തുലമായ ഹജ്ജു വോളന്റിയര്‍ സേവനം സൗദി, ഇന്ത്യന്‍ഹജ്ജു മിഷനുകളുടെയും ഹാജിമാരുടെയും പ്രശംസപിടിച്ചുപറ്റിയതോടൊപ്പം ഇതര രാഷ്ട്രക്കാര്‍ക്ക് തന്നെ മാതൃകയുമാണ്.

ഗള്‍ഫിലും നാട്ടിലും കുടുംബവുമൊത്തുള്ള പെരുന്നാള്‍ ആഘോഷം മാറ്റിവെച്ചും, ഒരാഴ്ചത്തെ ഹജ്ജ് അവധി ഉപയോഗപ്പെടുത്തികൊണ്ടും സേവന സന്നദ്ധരായി ഇവര്‍ മിനയില്‍ എത്തുന്നത് അല്ലാഹുവിന്റെ അതിഥികളെ പരിചരിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയും പുണ്യവും ഉദ്ദേശിച്ചാണ്.

ഗള്‍ഫിലെ ഉദാരമതികള്‍ സംഭാവന ചെയ്യുന്ന വീല്‍ചെയറുകള്‍ ഉപയോഗപ്പെടുത്തി ഊണും ഉറക്കവുമൊഴിച്ചു രാപകല്‍ ഭേദമന്യേ പ്രാദേശിക ഹജ്ജ്‌ വോളന്റിയര്‍മാര്‍ കൂട്ടം തെറ്റിയ ഹാജിമാരെ തമ്പുകളിലെത്തിച്ചും വഴി പറഞ്ഞു കൊടുത്തും രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും വ്യാപ്രതരാകുമ്പോള്‍ നാട്ടില്‍ നിന്നും വന്ന ഹജ്ജ്‌ വോളന്റിയമാര്‍ക്ക് അറബി സംസാര ഭാഷ പരിജ്ഞാനമില്ലാത്തതിനാല്‍ മുതവ്വഫിന്റെ തമ്പുകളിലേക്ക് പ്രവേശിക്കാന്‍ വരെ ചിലപ്പോള്‍ സാധിക്കാറില്ല. കയ്യില്‍ പണമുണ്ടായിട്ടും ഭാഷ അറിയാത്തതിന്റെ കാരണത്താല്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍ സാധിക്കാത്തവര്‍ക്കും രോഗികളായ ഹാജിമാര്‍ക്കും കഞ്ഞിയടക്കമുള്ള ആയിരകണക്കിന്‌ ഭക്ഷണപാക്കെറ്റുകള്‍ തമ്പുകളില്‍ എത്തിച്ചു കൊടുക്കാനും സേവനം തപസ്യയാക്കിയ ഈ കൂട്ടായ്മകളുടെ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. കാരണം ഈ വോളന്റിയര്‍മാര്‍ക്ക് ഹാജിമാര്‍ എത്തുന്ന എല്ലാ പ്രദേശങ്ങളെപ്പറ്റിയും  പൊതുവില്‍ നല്ല അറിവുണ്ടാകും.

പ്രാദേശിക ഹജ്ജു വോളന്റിയര്മാര്‍ക്ക് വമി പോലുള്ള അന്താരാഷ്ട്ര സേവന സംഘടനകള്‍ അവരുടെ നിശ്ചിത ക്വാട്ടക്കനുസരിച്ച് തിരിച്ചറിയല്‍ കാര്‍ഡുകളും യുനിഫോമുകളും മറ്റു സഹായങ്ങളും നല്‍കി പ്രോല്‍സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ മലയാളി കൂട്ടായ്മകളുടെ മുഴുവന്‍ വോളന്റിയമാര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡു വരെ നല്‍കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തയ്യാറാകാറില്ല,

അതിനാല്‍ നാട്ടില്‍ നിന്നും ഹജ്ജ്‌ വോളന്റിയര്മാരായി തെരഞ്ഞെടുക്കുന്നതില്‍ നിന്നും ഒരു നിശ്ചിത ശതമാനം സൌദിയിലെ പ്രാദേശിക ഹജ്ജ്‌ വോളന്റിയര്മാരെ കൂടി പരിഗണിക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ഹജ്ജു മിഷനുകള്‍ക്ക് അനുമതി നല്‍കുകയോ ചെയ്യുന്നത് ദേശ - ഭാഷ വ്യത്യാസം കൂടാതെ മൊത്തം ഹാജിമാര്‍ക്ക് ഏറെ ഗുണം ചെയ്യും. (Thejas Editorial 8 April 12)


No comments: