1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, July 11, 2011

പ്രവാസി ദുരിതാശ്വാസം: സ്ഥിരം സംവിധാനം നടപ്പാക്കണം


ജൂലായ്‌ രണ്ടിന് റിയാദിലുണ്ടായ തീപ്പിടുത്തത്തില്‍ അതിദാരുണമായി മരണപ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരും നോര്‍ക്കയും അവസരത്തിനൊത്തുണര്‍ന്നു പ്രഖ്യാപിച്ച സഹായങ്ങള്‍ വളരെയധികം പ്രശംസനീയമാണ്. സാഹചര്യത്തിന്റെ തേട്ടം മനസ്സിലാക്കിയ സാമൂഹ്യ പ്രവര്‍ത്തകരുടെയും സാംസ്കാരിക സംഘടനകളുടെയും ഇടപെടലാണ് കേരള സര്‍ക്കാറിന്റെ സത്വര നടപടിക്ക് ഇടയാക്കിയത്.
ഹുറൂബും നിതാഖാത്തും നാട്ടിലെയും ഗള്‍ഫിലെയും വിലക്കയറ്റവും, കുടിയിരിപ്പും കെട്ടുതാലിയും പണയപ്പെടുത്തിയും കിട്ടാവുന്നത്ര കടം വാങ്ങിയും കുടുംബം പോറ്റാനായി ഗള്‍ഫിലെത്തിയവരുടെ അനന്തമായ പ്രവാസ ജീവിതം കൂടുതല്‍ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കയാണ്.
അതിനിടയിലാണ് ഇപ്പോള്‍ നാട്ടിലെപ്പോലെ ഗള്‍ഫിലും ഇളം പ്രായക്കാരുടെ ആകസ്മിക വിയോഗം,, ആത്മഹത്യ, വിവിധ അപകടങ്ങള്‍ മൂലമുള്ള മരണം, തീപിടുത്തം പോലുള്ള ദുരന്തങ്ങള്‍ കൊലപാതകങ്ങള്‍, തുടങ്ങിയവ നിത്യസംഭവമായി മാറിയിരിക്കുന്നത്.
കള്ളവാറ്റ്, കൊലപാതകങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്കായി നടത്തുന്ന പ്രധിഷേധ സമരങ്ങള്‍, റാലികള്‍ തുടങ്ങിയവ ആക്രമണസക്തമാകുമ്പോള്‍ സംഭവിക്കാറുള്ള മരണങ്ങള്‍ മുതല്‍ വ്യാജമദ്യം മൂക്കറ്റം കുടിച്ച്‌ മരണപ്പെട്ടാല്‍ വരെ നമ്മുടെ നാട്ടില്‍ മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളുടെ ദുരിതാശ്വാസ ഫണ്ടുകള്‍ പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകാര്‍ മല്‍സരിക്കുന്നത് പതിവ് രീതിയാണ്.
എന്നാല്‍ ഒരു കുടുംബത്തിന്റെ നെടുംതൂണ് അന്യദേശത്ത് മരണപ്പെടുമ്പോള്‍ അവരുടെ കണ്ണീരൊപ്പാനും കുടുംബങ്ങളെയും ബന്ടുമിത്രാതികളെയും ആശ്വസിപ്പിക്കാനും അവസരത്തിനൊത്തുണര്‍ന്നു രംഗത്ത് വരാറുള്ളത് പ്രവാസത്തിന്റെ വേദനയറിഞ്ഞ ഗള്‍ഫിലെ ഉദാരമതികളായ ബിസിനസ്കാരും സാമൂഹ്യ പ്രവര്‍ത്തകരും മത സാംസ്കാരിക കൂട്ടായ്മകളും മാത്രമാണ്.
സ്വന്തം കുടുംബത്തെയും സമൂഹത്തെയും ഒരേപോലെ സംരക്ഷിക്കാന്‍ പാടുപെടുന്നതിലുപരി പിറന്നമണ്ണിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പാവം പ്രവാസികള്‍, അപകട, ദുരന്തങ്ങള്‍ മൂലം മരണപ്പെടുകയോ നഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്‌താല്‍ അവരുടെ  കുടുംബത്തിനും ദുരിതാശ്വാസവും, ആശ്രിതര്‍ക്ക് ജോലി തുടങ്ങിയ ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കാനുള്ള ഒരു സ്ഥിരം പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോടും ബന്ടപെട്ട വകുപ്പുകളോടും രംഗത്തിറങ്ങാന്‍ അപേക്ഷ. (M.News 8 July 2011) 


1 comment:

Sandeep.A.K said...

പോസ്റ്റ്‌ വായിച്ചു.. ഈ വിഷയത്തില്‍ വല്ല്യ ഗ്രാഹ്യം ഇല്ലാത്തതിനാല്‍ അഭിപ്രായം ഒന്നും പറയാതെ മടങ്ങുന്നു...