1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, July 6, 2011

പ്രവാസികള്‍ക്കും സര്‍ക്കാര്‍ ദുരിതാശ്വാസ പദ്ധതി നടപ്പാക്കണം

കുടിയിരിപ്പും കെട്ടുതാലിയും പണയപ്പെടുത്തിയും കിട്ടാവുന്നത്ര കടം വാങ്ങിയും കുടുംബം പോറ്റാനായി ഗള്‍ഫിലെത്തിയവരുടെ അനന്തമായ പ്രവാസ ജീവിതം അനുദിനം ദുരിതപൂര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഹുറൂബും നിതാഖാത്തും നാട്ടിലെയും ഗള്‍ഫിലെയും വിലക്കയറ്റവും പ്രവാസി മനസ്സുകളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.

നാട്ടിലെപ്പോലെ ഗള്‍ഫിലും ഇളം പ്രായക്കാരുടെ ആകസ്മിക വിയോഗം,, ആത്മഹത്യ, വിവിധ അപകടങ്ങള്‍ മൂലമുള്ള മരണം, തീപിടുത്തം പോലുള്ള ദുരന്തങ്ങള്‍ കൊലപാതകങ്ങള്‍, തുടങ്ങിയവയുടെ ഗ്രാഫും അടുത്തകാലത്തായി ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

നമ്മുടെ നാട്ടില്‍ കള്ളവാറ്റ്, കൊലപാതകങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്കായി നടത്തുന്ന പ്രധിഷേധ സമരങ്ങള്‍, റാലികള്‍ തുടങ്ങിയവ ആക്രമണസക്തമാകുമ്പോള്‍ സംഭവിക്കാറുള്ള മരണങ്ങള്‍ മുതല്‍ വ്യാജമദ്യം മൂക്കറ്റം കുടിച്ച്‌ മരണപ്പെട്ടാല്‍ വരെ മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളുടെ ദുരിതാശ്വാസ ഫണ്ടുകള്‍ പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകാര്‍ മല്‍സരിക്കുന്നത് പതിവ് രീതിയാണ്.

എന്നാല്‍ സ്വന്തം കുടുംബത്തെയും സമൂഹത്തെയും ഒരേപോലെ സംരക്ഷിക്കാന്‍ പാടുപെടുന്നതിലുപരി പിറന്നമണ്ണിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പാവം പ്രവാസിക്ക് വല്ലതും സംഭവിച്ചാല്‍ തിരിഞ്ഞു നോക്കാന്‍ പോലും നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് തികച്ചും നന്ദികേടാണ്.

ഒരു കുടുംബത്തിന്റെ നെടുംതൂണ് അന്യദേശത്ത് മരണപ്പെടുമ്പോള്‍ അവരുടെ കണ്ണീരൊപ്പാനും കുടുംബങ്ങളെയും ബന്ടുമിത്രാതികളെയും ആശ്വസിപ്പിക്കാനും അവസരത്തിനൊത്തുണര്‍ന്നു രംഗത്ത് വരാറുള്ളത് പ്രവാസത്തിന്റെ വേദനയറിഞ്ഞ ഗള്‍ഫിലെ ഉദാരമതികളായ ബിസിനസ്കാരും സാമൂഹ്യ പ്രവര്‍ത്തകരും മത സാംസ്കാരിക കൂട്ടായ്മകളും മാത്രമാണ്.

അതുകൊണ്ട് അപകട, ദുരന്തങ്ങള്‍ മൂലം മരണപ്പെടുകയോ നഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്‌താല്‍ നാട്ടിലെപ്പോലെ പ്രവാസികളുടെ കുടുംബത്തിനു ദുരിതാശ്വാസവും, ആശ്രിതര്‍ക്ക് ജോലി തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാന്‍ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(Gulf Madhyamam 5 July 2011) 


1 comment:

Mohammed Ridwan said...

പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും?