1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, July 6, 2011

പ്രവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍..

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നമ്മുടെ പ്രധാനമന്ത്രി ഡോക്ടര്‍. മന്‍മോഹന്‍ സിംഗ് മുതല്‍  വിദേശ, പ്രവാസി കാര്യസഹമന്ത്രിമാര്‍, എംപിമാര്‍, എം.എല്‍,എമാര്‍ തുടങ്ങിയവരും ഏറ്റവും ഒടുവില്‍ പ്രവാസികളുടെ കാര്യങ്ങള്‍ മാത്രം അന്വേഷിക്കാനും കണ്ടെത്താനും കേരള മുഖ്യമന്ത്രി അയച്ച നോര്‍കയുടെ സെക്രട്ടറി ടി.കെ. മനോജ്‌ കുമാറും സൌദിഅറേബ്യയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങി. ഇവ കൂടാതെ വര്ഷം തോറും ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്താറുള്ള പ്രവാസി ഭാരതീയ മാമാങ്കങ്ങളില്‍ ചാന്‍സ്‌ ഒപ്പിച്ചെടുത്തും ഗള്‍ഫ്‌ പ്രവാസി സംഘടന പ്രതിനിധികള്‍ തങ്ങളുടെ പരാതികളുമായി സാന്നിധ്യം അറിയിക്കാറുണ്ട്.  

എന്നാല്‍ പ്രവാസികളുടെ പ്രശ്നങ്ങളും പരിദേവനങ്ങളും അവരിലേറെ പ്രയാസത്തോടെ നേരില്‍ കണ്ടും കേട്ടും നൂറു കണക്കിന് പരാതികളും അപേക്ഷകളുമായി തിരിച്ചുപോയാല്‍ പിന്നെ അവയെ കുറിച്ച് അനുകൂലമോ പ്രതികൂലമോ ആയ യാതൊരു വിവരവും  പിന്നീട് അറിയാറില്ല എന്നതാണ് സത്യം. അഥവാ നേതാക്കള്‍ വരുമ്പോള്‍ വഴിപാടുപോലെ കുറെ പരാതികള്‍ വാങ്ങിയും ലേബര്‍ കേമ്പും മറ്റും സന്ദര്‍ശിച്ചും വിദേശസന്ദര്‍ശന പരിപാടി ഗംഭീരമാക്കുക ഗള്‍ഫ്‌ തുടങ്ങിയത് മുതലുള്ള നാട്ടുനടപ്പാണ്.

പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയും സമര്‍പ്പിക്കുന്ന അപേക്ഷകളെ കുറിച്ച്   അതെ ആവേശത്തോടെ ഫോളോഅപ്പ് നടത്താനും ആവശ്യങ്ങള്‍ നിറവേറ്റികിട്ടുന്നത് വരെ ആവശ്യമായ നടപടികളുമായി ജാഗ്രതയോടെ മുന്നോട്ടു പോകാനും തയ്യാറായാല്‍ മാത്രമേ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുള്ളവെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

പുതിയ സര്‍ക്കാരിന്റെ മുഴുവന്‍ ഉത്തരവുകളും വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുമെന്നുള്ള സ്വാഗതാര്‍ഹമായ തീരുമാനം പോലെ  ഗവര്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് റഫറന്‍സ് നമ്പരും മറ്റും നല്‍കി ഫോളോ അപ്പ് ചെയ്യാനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്താന്‍ ബന്ടപ്പെട്ടവര്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
(G. Madhyamam 10 June 2011) 













No comments: