1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, June 5, 2011

‘നോര്‍ക്ക’ മേധാവിക്ക്‌ വിനയപൂര്‍വ്വം

ഗള്‍ഫ്‌ പ്രവാസത്തിന്റെ അര നൂറ്റാണ്ട് പിന്നിട്ടപ്പോഴും 20 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുകയാണ്. 
വിശുദ്ധ ഹറമിനടുത്ത നഗരമെന്ന നിലയിലും ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ താമസിക്കുന്ന പ്രദേശമെന്ന നിലക്കും കേരളത്തില്‍നിന്നുള്ള എല്ലാ രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും പ്രമുഖരും ജിദ്ദാ സന്ദര്‍ശനം നടത്തുക പതിവാണ്. കൂടാതെ ഇന്ത്യാസൗദി ഗവര്‍മെന്റുകളുടെയോ അവക്ക് കീഴിലുള്ള വിവിധ വകുപ്പുകളുടെയോ  പ്രതിനിധികളായും ക്ഷണിതാക്കളായും ഇവിടം സന്ദര്‍ശിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും പുതിയ പുതിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നല്‍കി ആതിഥേയരെയും ശ്രോതാക്കളെയും കോള്‍മയിര്‍കൊള്ളിച്ചു പത്ര പ്രസ്താവനകള്‍ നടത്തി കാര്യങ്ങള്‍ സാധിച്ചു തിരിച്ചു പോകുകയാണ് പതിവ്. നേതാക്കന്‍മാര്‍ വരുമ്പോഴേക്കും വിമാനത്താവളത്തില്‍ പോയി സ്വീകരിച്ചാനയിച്ചും തോളിലേറ്റിയും കൊണ്ട് നടക്കുന്ന പ്രവാസികള്‍ സമര്‍പ്പിച്ച പരാതികള്‍ക്ക് കയ്യും കണക്കുമില്ല.     
നീണ്ട 28വര്‍ഷത്തെ ഇടവേളക്കു ശേഷം 2010 Feb 27, 28 തിയ്യതികളില്‍ സൗദി സന്ദര്‍ശിച്ച പ്രധാന മന്ത്രി ഡോക്ടര്‍. മന്‍മോഹന്‍ സിങ്ങിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഊദി സന്ദര്‍ശനത്തിനു ശേഷവും സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രതീക്ഷക്ക്‌ വക നല്‍കുന്ന കാര്യങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. 
ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്താറുള്ള പ്രവാസി ഭാരതീയ സമ്മേളനങ്ങളില്‍ പോലും ഗള്‍ഫിലെ പ്രവാസികളുടെ പ്രാധിനിധ്യവും പ്രശ്നങ്ങളും കണ്ടില്ലെന്നു നടിക്കുമ്പോള്‍ പ്രത്യേകം ക്ഷണിക്കപ്പെടുന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ പ്രവാസി മുതലാളിമാരുടെ  സ്വകാര്യസ്വത്തും നിക്ഷേപങ്ങളും സംരക്ഷിക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കാറുള്ളതെന്നതിന്റെ  അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ജനുവരി ആദ്യവാരം ഡല്‍ഹില്‍ നടന്ന എട്ടാം പ്രവാസി ഭാരത സമ്മേളന മാമാങ്കം..
സര്‍ക്കാര്‍, ബാങ്ക് തുടങ്ങിയ നാട്ടിലെ വിവിധ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുമ്പോള്‍ പ്രവാസിയായതിന്റെ കാരണത്താല്‍ തിരിച്ചറിയല്‍  കാര്‍ഡോ സ്വന്തം പേരില്‍ ഒരു റേഷന്‍ കാര്‍ഡു പോലും അനുവദിച്ചു കിട്ടാത്ത അവസ്ഥയാണ് ഇന്നുള്ളത്. (വിദേശത്തു മറ്റൊരാളുടെ സ്പോണ്സര്‍ഷിപ്പില്‍ കഴിയുന്ന പ്രവാസി സ്വന്തം നാട്ടിലെത്തിയാല്‍ ഭാര്യയുടെ സ്പോണ്സര്‍ഷിപ്പിലാണെന്ന് പ്രവാസിയുടെ റേഷന്‍കാര്‍ഡ്‌ നോക്കിയാല്‍ മനസ്സിലാകും!!.)
ഏറെ കാലത്തെ മുറവിളിക്ക് ശേഷം പ്രവാസി വോട്ടവകാശം അനുവദിച്ചു കിട്ടിയെങ്കിലും വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാനുള്ള നിബന്ധനകള്‍ സൌദിയില്‍ ജോലി ചെയ്യുന്ന പ്രവാസിയെ സംബന്ധിടത്തോളം ഏറെ ദുഷ്കരമാണ്.   
ഇന്ത്യന്വിദേശകാര്യ വകുപ്പും കേന്ദ്രവ്യോമയാന കാര്യാലയവും മനസ്സുവെച്ചാല്പരിഹരിക്കപ്പെടാവുന്ന   സൗദി ഗവര്മെന്റിന്റെ അനുമതി ആവശ്യമില്ലാത്ത, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പക്ഷവും ഇല്ലാത്തവര്ക്കും എതിര്പ്പില്ലാത്ത ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഫീസ്വര്ധന കുറക്കല്‍, എയര്ഇന്ത്യ യാത്രക്കാര്ക്ക് അടുത്ത കാലം വരെ അനുവദിച്ചിരുന്ന പത്തു ലിറ്റര്‍ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാനുള്ള ആനുകൂല്യം  പുനസ്ഥാപ്പിക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍പോലും ബന്ധപ്പെട്ടവര്‍ ഗൗരവമായി എടുത്തതായി കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങയുടെ സന്ദര്‍ശനവും പതിവ് 'കലാപരിപാടി' ആവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ.  (Gulf Madhyamam 06 June 2011) 

No comments: