1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, May 30, 2011

ഗദ്ദാമ: എന്ത് കൊണ്ട് വിമര്‍ശിക്കപ്പെടുന്നു

ഒരു പൊതു സമൂഹത്തില്‍ സാധാരണ നടക്കാറുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിച്ചും സാമാന്യവല്ക്കരിച്ചും സിനിമ, നോവല്‍ തുടങ്ങിയ കലാസൃഷ്ടികള്‍ ഒരു പുതിയ സംഭവമല്ല. എന്നാല്‍ ഒരു കലാസൃഷ്ടിയുടെ പ്രമേയം കൊണ്ട് എന്തെകിലും തരത്തിലുള്ള  പരിവര്‍ത്തനമാണ് ഉദ്ദേശ്യമെങ്കില്‍ അത് ലക്ഷ്യമാക്കുന്നവരില്‍പ്പെട്ട ഒരു ശതമാനമെങ്കിലും അത് കാണുകയോ വായിക്കുകയോ ചെയ്തു വിഷയത്തെ കുറിച്ച് മനസ്സിലാക്കേക്കെണ്ടതില്ലേ? ഇവിടെയാണ് കമലിന്റെ ഗദ്ദാമ വ്യത്യസ്തമാകുന്നത്. 
ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, എത്യോപ്പിയ, നേപ്പാള്‍, ചൈന, ഇന്ത്യ തുടങ്ങിയ അനേകം രാഷ്‌ട്രങ്ങളില്‍ നിന്നായി ഗള്‍ഫു നാടുകളില്‍ ജോലിചെയ്യുന്ന വിവിധ പ്രായക്കാരായ ഗദ്ദാമ (വേലക്കാരി)കളുടെ മാത്രം എണ്ണം ലക്ഷങ്ങളുടെ പരിധിയില്‍ ഒതുങ്ങാത്തതാണ്. (ഈ കുറിപ്പുക്കാരന്റെ സ്പോന്സറുടെ വീട്ടിലെ ഇന്തോനേഷ്യന്‍ ഗദ്ദാമയുടെ പ്രായം 59)
കേരളത്തിലെ മത വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഘലകളില്‍ ഇന്ന് കാണുന്ന പുരോഗതിയും നിര്‍ദ്ധനരായ യുവതികളുടെ വിവാഹം, ആതുരസേവനം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ സഹായ നിധികളുടെയും ഉറവിടം ഈ ഗദ്ദാമകള്‍ ജോലി ചെയ്യുന്ന അറബികളുടെ കീശയില്‍നിന്നാണെന്ന് ഓര്‍ക്കണം. അതേപോലെ ഈ ഗദ്ദാമകളുടെ നാടുകളിലും കുടുംബങ്ങളിലും ജീവിതം കരുപിടിപ്പിക്കുന്നതും ഗള്‍ഫ്‌ നാടുകളില്‍ ജോലി തേടിയെത്തുന്ന ഇവരുടെ കഠിന പ്രത്നം കൊണ്ട് മാത്രമാണ്.
ഗള്‍ഫ് നാടുകളിലെ ചില അറബി വീടുകളില്‍ കമല്‍ അവതരിപ്പിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ആയിരക്കണക്കിന് വീടുകളിലെ ഗദ്ദാമകള്‍ അനുഭവിക്കുന്ന സുഖങ്ങളെ കുറിച്ചോ അവര്‍ നേടിയെടുത്ത പുരോഗതിയെ കുറിച്ചോ വിവരിക്കുന്ന ഒരു സംഭാഷണം പോലും ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ സമയം കണ്ടെത്തിയില്ല. 
ഒരു പക്ഷെ സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലുള്ള ഗള്‍ഫ്‌ രാഷ്ട്രങ്ങളെപ്പോലെ സ്വതന്ത്രരായി സഞ്ചരിക്കാനും ജോലി ചെയ്യാനും സൌകര്യമുള്ള രാഷ്ട്രങ്ങള്‍ തന്നെ കുറവായിരിക്കും. കഴിഞ്ഞ 2006 ഡിസംബറില്‍ സൌദിയിലെ ഹായില്‍ നഗരത്തിലേക്കുള്ള യാത്രക്കിടെ നിരോധിത മേഖലയില്‍ പ്രവേശിച്ചകാരണത്താല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിലായപ്പോഴേക്കും ജോജോ ജോസഫ്‌ എന്ന മലയാളി തന്നെ ആറുമണിക്കൂറിനുള്ളില്‍ വധശിക്ഷ നടപ്പാക്കും അതിനാല്‍ എത്രയും വേഗം രക്ഷിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് വീട്ടിലേക്കു ഫോണ്‍ വിളിച്ചു പറഞ്ഞപ്പോഴേക്കും താല്‍പ്പരകക്ഷികളായ മീഡിയക്കാരും മറ്റും സര്‍വ്വ മുന്‍ധാരണകളും ഭാവനകളും കൂട്ടിക്കലര്‍ത്തി സൌദിയിലെ നിയമങ്ങളെ തെറ്റിദ്ധരിപ്പിച്ചും  പരിഹസിച്ചും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഒരു രാഷ്ട്രത്തെ അപമാനിച്ചപ്പോള്‍ സൌദിയില്‍ മരണപ്പെടുന്ന അമുസ്ലികളുടെ മൃതശരീരം മരുഭൂമിയില്‍ കൊണ്ടുപോയി പരുന്തുകള്‍ക്ക് ഭക്ഷണമാക്കാറാണ് പതിവെന്നു മാലോകരെ അറിയിച്ചത് ജന്മഭൂമിയിലെ മുസ്ലിം പേരുള്ള കോളമിസ്റ്റായിരുന്നു. 
കമലിനെ പോലുള്ള സംവിധായകന്മാര്‍ക്കും എഴുത്തുകാര്‍ക്കും അറബികളെ കുറിച്ചും അവരുടെ നാടുകളെ കുറിച്ചുമുള്ള യഥാര്‍ത്ഥ ചിത്രം പറഞ്ഞു കൊടുക്കാന്‍  കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നതിന് പകരം ഗദ്ദാമക്ക് മസാല ചേര്‍ക്കാന്‍ കൂട്ടുനിന്ന മലയാളി സാഹിത്യകാരന്‍റെ മഹത്തായ സേവനം പ്രവാസിസമൂഹത്തിനു തന്നെ നാണക്കേടാണ്. 
മലയാളത്തിലുള്ള ഈ സിനിമ കണ്ടു ആശ്വസിക്കാന്‍ പീഡിതരായ ഗദ്ദാമകള്‍ക്കോ  തങ്ങളുടെ സ്വഭാവരീതിയില്‍ മാറ്റം വരുത്താന്‍ അവരെ പീഡിപ്പിക്കുന്ന അറബികള്‍ക്കോ ഒരു ശതമാനം പോലും സാധ്യതയില്ലാതാകുമ്പോള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളില്‍ മാന്യമായ സ്ഥാനമാനങ്ങളും ഉന്നതമായ ജോലിയും നല്‍കി ആദരിക്കുന്ന അറബികളെ അപമാനിക്കുന്ന തരത്തില്‍ കേരളത്തില്‍ ഇത്തരം സിനിമകള്‍ നിര്‍മ്മിച്ചു കച്ചവടം നടത്തുന്നവരും ഗള്‍ഫ്‌ നാടുകളില്‍ വിവിധ തരം കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ടു മൊത്തം പ്രവാസികള്‍ക്ക് തന്നെ പാരപണിത് കാശുണ്ടാക്കുന്നവരും തമ്മിലെന്ത് വിത്യാസം.
പ്രവാസികളല്ലാത്തവര്‍ക്കു അന്യമായ ഗള്‍ഫ് ജീവിതത്തെ മറ്റൊരു രാജ്യത്ത് പരിചയപ്പെടുത്തുമ്പോള്‍ വളരെ അപൂര്‍വമായി നടക്കുന്ന സംഭവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി സിനിമയെടുക്കുക വഴി മഹത്തായ ഒരു കലയോട് തന്നെ നിര്‍മ്മാതാക്കള്‍ അനീതി ചെയ്തിരിക്കുകയാണ്. ഇതുപോലുള്ള കലാസൃഷ്ടികളെ അംഗീകരിക്കാനും ആസ്വദിക്കാനും തരം താണ്‌പോയോ മലയാളികളുടെ ആസ്വാദന നിലവാരം.


(Gulf Thejas 15 May 2011) 

No comments: