1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, February 21, 2011

തഹരീര്‍ സ്ക്വയര്‍ - വിമോചനത്തിന്റെ പുതിയ പ്രതീകം


മിസിരികള്‍- ഈജിപ്തില്‍ നിന്നുമുള്ള തങ്ങളുടെ സഹപ്രവര്‍ത്തകരെ കുറിച്ച്  പ്രവാസി മലയാളികളില്‍ ഭൂരിഭാഗത്തിനും തികച്ചും വിഭിന്നമായ അഭിപ്രായമാണ് പൊതുവേ കേള്‍ക്കാറുള്ളത്. അഭിനവ ഫറോവമാരെപ്പോലെ അഹങ്കാരികളും ഇതര അറബ് നാടുകളില്‍നിന്നുള്ളവരെ അപേക്ഷിച്ചു വ്യത്യസ്തമായ സംസാര ശൈലിയും ജീവിത രീതികളും കാരണം പലപ്പോഴും പരിഹാസ്യ കഥാപാത്രങ്ങളായും മിസിരികളെ ഉദാഹരിക്കുന്നതും സര്‍വ്വസാധാരണം.

എന്നാല്‍ മുപ്പതു വര്‍ഷത്തോളം തങ്ങളെ അടക്കി ഭരിച്ച എകാധിപതിയും സാമ്രാജ്യത്വ സിയോണിസ്റ്റ് ലോബികളുടെ ഉത്തമ സുഹ്രത്തുമായ തങ്ങളുടെ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ഈ മിസിരികള്‍ക്ക് വേണ്ടി വന്നത് കേവലം പതിനെട്ടു ദിവസങ്ങള്‍ മാത്രം.

ഹുസ്നി മുബാറക്കിനെതിരെ കൈറോയിലെ തഹരീര്‍ സ്ക്വയറില്‍ ഒത്തുകൂടിയ മില്യന്‍ കണക്കിന് ജനസമൂഹത്തെ പ്രകോപിതരാക്കാനും ലക്‌ഷ്യം തെറ്റിക്കാനും സര്‍വ്വവിധ കുതന്ത്രങ്ങളും പയറ്റിയ അധികാരി വര്‍ഗ്ഗത്തിന് നിരാശയായിരുന്നു ഫലം.

വ്യക്തമായ ഒരു ഐക്യമുന്നണിയുടെ ബാനറുപോലുമില്ലാതെ നടന്ന ഈ മുന്നേറ്റത്തില്‍ പങ്കെടുത്തവര്‍ കാണിച്ച ക്ഷമയും ആത്മസംയമനവും കാണുമ്പോള്‍ മിസിരികളെ കുറിച്ചുള്ള നമ്മുടെ സകല മുന്‍ധാരണകളും തിരുത്താന്‍ നാം നിര്‍ബന്ധിതരാകുന്നില്ലേ?

നമ്മുടെ നാട്ടില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനങ്ങള്‍, ധര്‍ണ ബന്ദ്, ഹര്‍ത്താല്‍ തുടങ്ങി ഏതെങ്കിലും ഈര്‍ക്കില്‍ പാര്‍ട്ടികളില്‍പ്പെട്ട ചോട്ടാ നേതാവിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രകള്‍ വരെ ആക്രമണത്തിലും പൊതു മുതല്‍ നശിപ്പിക്കുന്നതിലും പര്യവസാനിക്കുന്നത് പതിവ് കലാപരിപാടികളാണ്.

മുസ്ലിം ലോകത്തെ സ്വാഗതാര്‍ഹമായ പല ചലനങ്ങളും ഇസ്ലാം ഫോബിയ താലിബാനിസം തുടങ്ങിയ സംജ്ഞകളിട്ട് പരിഹസിക്കാറുള്ളവര്‍ യാതൊരു തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളോ പ്രസ്താവ്യമായ രക്തച്ചൊരിച്ചിലുകളോ ഉണ്ടാക്കാതെ ഈജിപ്തിലെ ആബാലവൃദ്ധം ജനങ്ങള്‍ വിമോചന ചത്വരത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ സാമൂഹ്യ വിപ്ലവത്തെ തഹ്രീരിസം എന്ന പേരിലെങ്കിലും  പ്രതീകവല്ക്കരിക്കാന്‍ തയ്യാറാകുമോ?.  (Gulf Madhyamam 21 Feb 2011)

4 comments:

Kadalass said...

ബ്ലോഗ് ഇപ്പോൾ കെട്ടിലും മട്ടിലും കേമമായികെട്ടൊ.....
ആശംസകൾ!

ബെഞ്ചാലി said...

നന്നായി എഴുതി. ആശംസകൾ :)
ഈജിപ്തിലെ വിപ്ളവത്തെ കുറിച്ച് ഞാൻ ഇവിടെ എഴുതിയിരുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

വായിച്ചു.. :)

Erooth Mohamed said...

പടരുന്ന വിപ്ലവത്തിന്‍റെ ജീന്‍
സഫ്‌വാന്‍ എരൂത്ത് വാണിയമ്പലം
Posted by Distinct Vision at 10:58 PM
Monday, February 28, 2011
http://distinctvision.blogspot.com/2011/02/blog-post_28.html



തുനീഷ്യയിലെ ജാസ്മിന്‍വിപ്ലവം ഒരു ആത്മഹത്യയില്‍ നിന്നുണ്ടായതാണെങ്കില്‍, ഈജിപ്ത് വിപ്ലവം അങ്ങനെ ഒന്നല്ല. കൃത്യമായ ആസൂത്രണവും ദിശാബോധവുമുളള ഒരു മുന്നേറ്റമായിരുന്നു അത്. ഇതുമായി ബന്ധപെട്ടു നമ്മള്‍ ഒരുപാട് പേരുകള്‍ പല മാധ്യമങ്ങളിലൂടെയും വായിച്ചിട്ടുണ്ടെങ്കിലും 'ജീന്‍ ഷാര്‍പിന്‍റെ' "From Dictatorship to Democracy"യെന്ന ബുക്ക്‌ എവിടെയും പരാമര്‍ശിച്ചിട്ടില്ല.

ഇരുപത്തിഒന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ Eastern Europe -ലെ രാജ്യങ്ങളില്‍ ആഞ്ഞുവീശിയ വിപ്ലവം (Colour Revolution) തികച്ചും സമാനമായ ഒന്നായിരുന്നു. അതില്‍ ഷാര്‍പിന്‍റെ കൃതി വഹിച്ച പങ്ക് വളരെ വലുതാണെങ്കിലും ലോകജനത ഷാര്‍പിനെ വല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല. 2009 -തിലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു ‌നോമിനേഷന്‍ കിട്ടിയതും ഷാര്‍പിനേയും അദ്ദേഹത്തിന്‍റെ കൃതിയെയും വല്ലാതെ ഒന്നും പ്രശസ്തമാക്കിയില്ല.

അനുസരിക്കാനുള്ള ജനങ്ങളുടെ സന്നദ്ധതയാണ് ഏതൊരു എകാധിപതിയുടെയും ശക്തി എന്ന് ഷാര്‍പ്പ് വാദിക്കുന്നു. എന്നാല്‍ അനുസരിക്കാതിരിക്കാന്‍ ജനങ്ങള്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഏകാധിപത്യം വിഴും. ഇത്തരത്തിലുള്ള ഹിംസാരഹിതമായ 198 ആയുധങ്ങളാണ് ഷാര്‍പിന്‍റെ കൃതിയില്‍, സാങ്കല്‍പ്പിക ശവസംസ്കാരം മുതല്‍ നിറം ഉപയോഗിച്ചുള്ള പല സമരരീതികളും ഷാര്‍പ് പരിചയപെടുത്തുന്നു. ഓരോ രീതികളും പട്ടാളത്തിന്‍റെ ഓരോ ആയുധങ്ങള്‍ക്കും സമാനമായി ഡിസൈന്‍ ചെയ്തവയാണ്. ചരിത്രത്തില്‍ ഉടനീളമുള്ള എകാധിപന്‍മാര്‍ നേരിടേണ്ടി വന്ന പ്രതിരോധങ്ങളെ നന്നായി പഠിച്ചാണ് ഷാര്‍പ് ഓരോ ടെക്നിക്കും വികസിപ്പിച്ചത്.



"ഈ ഹിംസാരഹിതമായ ആയുധങ്ങള്‍ വളരെ പ്രധാനമാണ്, കാരണം അതു ജനങ്ങള്‍ക്ക് അക്രമത്തിന് പകരം മറ്റൊരു മാര്‍ഗ്ഗം നല്കുന്നു." ഷാര്‍പ് പറയുന്നു. "ജനങ്ങള്‍ക്ക് ഈ വഴികള്‍ ഇല്ലെങ്കില്‍, അവര്‍ അവരുടെ ശക്തി കാണാതെ പോയാല്‍, അവര്‍ അക്രമത്തിലേക്കും യുദ്ധങ്ങളിലേക്കും മടങ്ങും"

2009 -തില്‍ ഇറാനില്‍ നടന്ന ഗ്രീന്‍ അപറൈസിങ്ങിലും, ഏറ്റവും ഒടുവില്‍ ഇപ്പോള്‍ നടന്ന ഈജിപ്ത്ത് വിപ്ലവത്തിലും ഷാര്‍പിന്‍റെ കൃതിയിലെ വരികള്‍ നമുക്ക് വായിച്ചെടുക്കുവാന്‍ കഴിയും. ഇറാനില്‍ ഷാര്‍പിന്‍റെ 198 ആയുധങ്ങളില്‍ 100 എണ്ണവും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതെങ്കിലും ഒരു പ്രത്യേക എകാധിപതിയുടെ ഭരണത്തെയോ, ഒരു നാടിനെയോ ലക്ഷ്യം വെക്കാതെ എഴുതപ്പെട്ടതുകൊണ്ടുതന്നെ, ലോകം മുഴുവനുള്ള വിപ്ലവ മുന്നേറ്റങ്ങളും ഈ കൃതിയില്‍ നിന്നും ഹിംസരഹിതമായ വിപ്ലവങ്ങള്‍ക്ക് ജന്മം നല്‍കി. തായ്‌ലന്‍റിലെയും ഇന്തോനേഷ്യയിലെയും പട്ടാള ഭരണകൂടങ്ങള്‍ക്ക് എതിരായുള്ള പ്രക്ഷോഭങ്ങളിലും ഷാര്‍പിന്‍റെ വരികള്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പലപ്പോഴും ഷാര്‍പ് CIA ചാരനായി ആരോപിക്കപ്പെട്ടു. ഇറാനും വെനിസ്വേലയും ഷാര്‍പ്, രാജ്യ സുരക്ഷക്ക്‌ ഭീഷണിയാണെന്ന് പ്രഖ്യാപിച്ചു.


ലോകം കണ്ടതില്‍ ഏറ്റവും അച്ചടക്കമുള്ളതും സമാധാനപരവുമായ ഈജിപ്ത് വിപ്ലവത്തിന്‍റെ കേന്ദ്രബിന്ദു ആയിരുന്ന തഹരീര്‍ സ്ക്വയറില്‍ ഷാര്‍പ്പിന്‍റെ കൃതിയുടെ അറബിക് പതിപ്പ്‌ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഏകാധിപത്യ ഭരണകൂടത്തിന്‍റെ നട്ടെല്ല് എന്താണെന്ന് തിരിച്ചറിയുകയും അതുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്‌താല്‍ ഭരണകൂടത്തിന്‍റെ പതനം എളുപ്പമാകും എന്ന്‍ ഷാര്‍പ് സമര്‍ത്ഥിക്കുന്നു. ഷാര്‍പിന്‍റെ വാദം ഈജിപ്തില്‍ സത്യമായി പുലരുകയും ചെയ്തു. ഹുസ്നി മുബാറക്കിന്‍റെ പട്ടാളവുമായി ജനങ്ങള്‍ക്കുളള സൌഹൃദം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.
വിപ്ലവം ഒന്നിന് പിറകെ ഒന്നായി ജന്മം കൊള്ളുന്ന കാഴ്ചയും കണ്ട് ബോസ്റ്റണിലെ തന്‍റെ പൊടി പിടിച്ച ഓഫീസില്‍ ഇരുന്ന്‍ ഒരുപക്ഷെ ഷാര്‍പ്പ് ഇപ്പോള്‍ പുഞ്ചിരിക്കുന്നുണ്ടാവും. ആയിരം പീരങ്കിയേക്കാളും ശക്തി ഒരു പേനക്കു തന്നെ. കാലം സാക്ഷി.
<<<<<<< >>>>>>>>>


Other Links:
യുവത്വത്തിന്‍റെ പോരാട്ടം; പുതിയ മാധ്യമങ്ങളുടേതും
http://distinctvision.blogspot.com/2011/02/blog-post.html