1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, December 7, 2010

ആസൂത്രിതം ഈ ഗൂഡാലോചനകള്‍

ഏതെങ്കിലും രീതിയില്‍ തീവ്രവാദ ചിന്തയുമായി ബന്ധപ്പെടുന്നത് കൊണ്ടല്ല നമ്മുടെ രാജ്യത്ത്‌ ഒരാള്‍ തീവ്രവാദിയായി മുദ്രകുകുത്തപ്പെടുന്നത് എന്നത് മനസ്സിലാക്കാന്‍
തെഹല്‍ക ലേഖികയായ ഷാഹിനയുടെ അനുഭവം ഒരു നിമിത്തമായിരിക്കയാണ്.

പിറന്ന മണ്ണില്‍ സ്വന്തം മാതൃഭാഷയില്‍ ആശയ വിനിമയം നടത്തിയാല്‍ വരെ തീവ്രവാദിയായി മുദ്രകുത്തി പീഡിപ്പിക്കുന്ന സംഭവങ്ങളും പുതിയതല്ല. നൂറുല്‍ഹുദ എന്ന വയോധികനായ ദയൂബന്ത് പണ്ഡിതന് തന്റെ വിദേശ യാത്രക്കിടെ ഭീകരമുദ്ര ചാര്‍ത്തി ജയിലില്‍ പോകേണ്ടി വന്നത് സഹയാത്രക്കാരിയുടെ  സംശയം കാരണമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നെഹ്‌റു ട്രോഫി കാണാന്‍ ആലപ്പുഴയില്‍ വന്ന ബോംബെയില്‍ നിന്നുള്ള രണ്ടു ടൂറിസ്റ്റ്‌കള്‍ ഹിന്ദിയില്‍ ആലപ്പുഴയുടെ മാപ്പ് അന്വേഷിക്കുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിച്ചതോടെ രണ്ടു ഭീകരര്‍ പിടിക്കപ്പെട്ട ഫ്ലാഷ് ന്യൂസ്‌ ആണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ബോംബെ എയര്‍പോര്‍ട്ടില്‍ കാമുകിയെ കാണാന്‍ വേഷം കെട്ടി വന്ന കാമുകനെ പിടിച്ച പാടെ ബോംബെ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിക്കപ്പെട്ട പ്രഖ്യാപനം ബന്ടപ്പെട്ടവര്‍ക്ക് ഉടനെ മാറ്റിപ്പറയേണ്ടിവന്നു.

ഇസ്രത്ത്‌ ജഹാന്‍ എന്ന കോളെജ് വിദ്യാര്‍ത്ഥിനീയെയും, ബട്ള ഹൌസില്‍ രണ്ടു മുസ്ലിം വിദ്യാര്‍ഥികളെയും നിഷ്ടൂരം വെടിവെച്ചു കൊന്നതും കേവലം സംശയത്തിന്‍റെ പേരില്‍ മാത്രം. തീവ്രവാദിയായി മുദ്രകുത്തി ജയിലില്‍ പോയവര്‍ക്ക് വേണ്ടി കേസ്സ് വാദിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവരും പേടിച്ചു പിന്മാറിയവരും നിരവധി.

പാനായിക്കുളത്തു സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്കു എന്ന വിഷയം ചര്‍ച്ച ചെയ്തു നടത്തിയ സെമിനാറില്‍ പങ്കെടുത്തവര്‍ ഇന്ന് കേരളത്തിലെ കൊടുംഭീകരരായി മുദ്രകുത്തിക്കഴിഞ്ഞു. തിരുവന്തപുരത്തെ മുഹ്സിന്‍, അക്ബര്‍ രാജ്, വയനാട്ടിലെ കബീര്‍,  ചാവക്കാട്ടെ കളിത്തോക്ക്‌ കച്ചവടക്കാരന്‍ തുടങ്ങിയവരെ മീഡിയ ആഘോഷിച്ചതും നാം മറന്നു കാണില്ല.

എന്നാല്‍ വ്യാജ ബോംബു ഭീഷണി മുഴക്കിയും ലെറ്റര്‍ ബോംബു അയച്ചും കിംഗ്‌ ഫിഷര്‍ വിമാനത്തില്‍ ബോംബു വെച്ചവരും, ആയിരംനാക്കുമായി വര്‍ഗീയ ഭീകര വിഷയങ്ങള്‍ മാത്രം പ്രസംഗിക്കുകയും എഴുതുകയും അനുയായികളെ അതിനുവേണ്ടി പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍ നമ്മുക്കിടയില്‍ സസുഖം സാംസ്കാരിക പ്രവര്‍ത്തകരായി വിലസുന്നു.

മീഡിയ രംഗത്ത് പ്രസിദ്ധമായ തെഹല്‍ക പോലുള്ള സ്ഥാപനത്തിലെ റിപ്പോര്‍ട്ടറാണെങ്കിലും ഷാഹിനാക്ക് സ്വന്തം തൊഴില്‍ മണ്ഡലത്തില്‍ നിന്നും കാര്യമായ പിന്തുണ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്വമാണ്. കാരണം ഒരാളെ തീവ്രവാദിയാക്കുന്നതിലും നിരപരാധിയാക്കുന്നതിലും മീഡിയകള്‍ക്ക് കാര്യമായ പങ്കുണ്ട്. ഗവര്‍മെന്റ് രഹസ്യാനേഷണ വിഭാഗങ്ങളിലും മറ്റും ജോലിചെയ്യുന്നവരും വിരമിച്ചവരുമായ സംഘപരിവാര്‍ പ്രതിബന്ധതയുള്ളവരും അവരോട് ആഭിമുഖ്യമുള്ള മീഡിയകളും ചേര്‍ന്നുള്ള സിണ്ടിക്കേറ്റാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ചില കേസ്സുകളില്‍ പിടിക്കപ്പെടുന്നവര്‍ മാനസിക വൈകല്യമുള്ളവരാണെന്നു പോലീസ് ഓഫീസര്‍മാര്‍ തന്നെ പ്രഖ്യാപനം നടത്തി രക്ഷപ്പെടുത്തുമ്പോള്‍ മറ്റു ചിലരുടെ പ്രസ്ഥാന, കുടുംബ വിവരങ്ങള്‍ അടക്കമുള്ള ഫീച്ചറുകളും ക്ലിപ്പിങ്ങസുകളും വിവിധ ചാനലുകളിലും വാരികകളിലും  ടോപ്‌ സ്റ്റോറിയായി കാണാന്‍ സാധിക്കുന്നത്.

താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവില്‍ നിന്നോ, ജോലിചെയ്യുന്ന വകുപ്പില്‍ നിന്നോ പ്രമോഷനും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കാന്‍, അല്ലെങ്കില്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കാന്‍ വേണ്ടി ഒരു കൂട്ടര്‍ നിരപരാധികളെ പിടിച്ചു തീവ്രവാദിയാക്കുമ്പോള്‍ മറ്റൊരു വിഭാഗം തങ്ങളുടെ പത്ര/വാരിക വാറോലകള്‍ക്ക് മാര്‍ക്കറ്റ് കിട്ടാന്‍ ചെയ്യുന്ന തറവേലകളാണിതൊക്കെ..

സാഹിനയുടെ സങ്കടങ്ങള്‍ പങ്കുവെക്കുന്നവരും അവര്‍ക്ക് വേണ്ടി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നവരും അറിയാന്‍: സമാനമായ രീതിയില്‍ സംശയ രോഗത്തിന്റെ ഇരകളായി ജയിലും കോടതിയും കയറിഇറങ്ങി ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരെ സഹായിക്കാനും ഇത്തരം അനീതിയും പീഡനങ്ങളും അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നവരെ സര്‍വ്വാത്മനാ പിന്തുണക്കാനും തയ്യാറാകുമോ എന്ന നൈതിക പ്രശ്നത്തോട് നിങ്ങളുടെ നിലപാടെന്ത്‌?. 
(Malayalam News 07 Dec 2010) 



2 comments:

Abdul said...

മീഡിയകളില്‍ നിന്ന് സഹായം കിട്ടില്ല എന്നതിന്റെ തെളിവാണല്ലോ മത്ര്ഭുമിയും മറ്റും വാര്‍ത്ത റിപ്പോര്‍ട ചെയ്താ ശൈലി തന്നെ.

അറിയപ്പെടുന്ന ഒരു ചാനലില്‍ റിപ്പോര്ടരായി വര്‍ക്ക്‌ ചെയ്തു ടെഹെല്‍കയിലേക്ക് പോയ ഇവരെ മത്ര്ഭുമിക്കും മറ്റും അറിയാത്തത് കൊണ്ടല്ലല്ലോ ഒന്ന് അന്വേഷിക്കാതെ വാര്‍ത്ത കൊടുത്തത്.

A said...

shar and up to the mark analysis. keep writing in print and with blog too