1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, December 7, 2010

വേണം ഇവര്‍ക്കുമൊരു പെരുമാറ്റ ചട്ടം

വിശുദ്ധ ഹറമിനടുത്ത നഗരമെന്ന നിലയിലും ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ താമസിക്കുന്ന പ്രദേശമെന്ന നിലക്കും കേരളത്തില്‍നിന്നുള്ള വിവിധ മത രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും കലാ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രമുഖരും ജിദ്ദാ സന്ദര്‍ശനം നടത്തുക പതിവാണ്.
ഇന്ത്യാ സൗദി ഗവര്‍മെന്റുകളുടെയോ അവക്ക് കീഴിലുള്ള വിവിധ വകുപ്പുകളുടെയോ  പ്രതിനിധികളായും ക്ഷണിതാക്കളായും ചിലര്‍ ഇവിടെ എത്തുമ്പോള്‍ പ്രവാസി കൂട്ടായ്മകളുടെ സ്പോണ്‍സര്‍ഷിപ്പിലും ഹജ്ജ്‌ - ഉംറ ലകഷ്യമാക്കി സ്വന്തം ചെലവിലും ഗ്രൂപ്പുകളുടെ ലീഡര്‍മാരായും ഇവിടെ എത്തുന്നവരും കുറവല്ല. ഇങ്ങിനെ വിവിധ രീതിയില്‍ ഇവിടെ എത്തുന്നവര്‍ തങ്ങളുടെ പ്രധാന ലക്‌ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പിന്നെ നാട്ടില്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, പിറന്ന നാട്ടിലെ സാമൂഹ്യ വിഷയങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നതിനായി പൊതു പരിപാടികള്‍, സ്വീകരണ യോഗങ്ങള്‍, മീഡിയ ഇന്റര്‍വ്യൂ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണ്.

എന്നാല്‍, പരിശുദ്ധ ഹജ്ജ്‌, ഉംറ തുടങ്ങിയ പുണ്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞു ജീവിത വിശുദ്ധി നേടി (ഐടി ഭാഷയില്‍ പറഞ്ഞാല്‍- മനസ്സിനെ ഫോര്‍മാറ്റ് ചെയ്തവര്‍) തങ്ങള്‍ നേടിയെടുത്ത ആത്മവിശുദ്ധി പുണ്യഭൂമിയോട് യാത്രപറയും മുമ്പേ നഷ്ടപ്പെടുത്താന്‍ ഉത്സാഹം കാണിക്കുന്നത് ഖേദകരം തന്നെ. എതിര്‍ സംഘടനകളുടെ കുറ്റവും കുറവും പറഞ്ഞു പരിഹസിക്കാനും അവരുടെ നേതാക്കളെ കുറിച്ച് ഒളിയമ്പുകള്‍ എറിയാനും അനര്‍ഹമായത് അനുചിതമായി നേടിയെടുക്കാനും വരെ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നത് തങ്ങള്‍ ചെയ്ത പുണ്യകര്‍മ്മങ്ങള്‍ നിഷ്ഫലമാക്കാനും നിമിത്തമാകുകയും സമൂഹത്തിലുള്ള ആദരവും ബഹുമാനവും നഷ്ടപ്പെടുത്താനും കാരണമാകുന്നു.

അതിനാല്‍ ജീവിതത്തിലെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഭീമമായ സംഖ്യയും യാത്രാ പ്രയാസങ്ങളും സഹിച്ചു പുണ്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചവരും അവര്‍ക്ക് സ്വീകരണ വേദികള്‍  ഒരുക്കുന്നവരും ഇത്തരം പൊതുപരിപാടികള്‍ക്ക് ഒരു മാതൃകാപെരുമാറ്റ ചട്ടത്തെക്കുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് കാലങ്ങളായി ജിദ്ദയിലും മറ്റും നടന്നു കൊണ്ടിരിക്കുന്ന വിവിധ പരിപാടികളില്‍ നിന്നും മനസ്സിലാകുന്നത്. (Gulf Madhyamam - 06 Dec. 2010) No comments: