1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, December 21, 2010

പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്ന ഉന്നതതല സന്ദര്‍ശനങ്ങള്‍

സഊദി ഗവര്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം, സ്പോണ്സര്‍ഷിപ്പ്, തൊഴില്‍ നിയമങ്ങള്‍, ഹുറൂബ് തുടങ്ങിയ നിരവധി പ്രശ്നങ്ങളാല്‍ നാട്ടിലെത്താന്‍ കഴിയാതെ നരകയാതന അനുഭവിക്കുന്നവര്‍ക്ക് കൂടി ഉപകാരപ്രദമാകണമെങ്കില്‍ ഉന്നതതലത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദം കൂടി ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട്‌ വായിച്ചു.

സഊദി സര്‍ക്കാരിന്റെ പൊതുമാപ്പ് പ്രഖ്യാപനം, പ്രവാസി മന്ത്രിയുടെ സഊദി സന്ദര്‍ശനവേളയിലായതിനാല്‍ സ്വീകരണ പരിപാടികള്‍ ആഘോഷമാക്കി മാറ്റാന്‍ സംഘാടകര്‍ക്ക് സാധിച്ചു.  സഊദിയിലെ വവിധ പ്രവിശ്യകളിലെ ചെറുതും വലുതുമായ സംഘടനകളും കൂട്ടായ്മകളും ഒറ്റക്കൊറ്റക്കായി നല്‍കിയ നിവേദനങ്ങള്‍ വാങ്ങി മന്ത്രിയുടെ കൈകുഴഞ്ഞതായി മന്ത്രി തെന്ന സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം നിവേദനങ്ങള്‍ എന്ത് ചെയ്യണമെന്നു കുറച്ചു മുമ്പ് തന്റെ ദുബായ് സന്ദര്‍ശനവേളയില്‍ മന്ത്രി തന്നെ നമ്മുക്ക് കാണിച്ചു തന്നിട്ടുമുണ്ട്.

ഭരണത്തിലിരിക്കുന്ന മന്ത്രിമാരും ബന്ധപ്പെട്ട നേതാക്കളും വിദേശ സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ പുതിയ പുതിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നല്‍കി ആതിഥേയരെയും ശ്രോതാക്കളെയും കോള്‍മയിര്‍കൊള്ളിക്കുമ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവരുടെ സ്വീകരണ പരിപാടികളില്‍ ഭരണക്കാരുടെ ഉദാസീനതയും അവഗണനയും വിശദീകരിച്ചും ആവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയും ശ്രോതാക്കളെ വികാരഭരിതമാക്കുന്നതും ഇവിടത്തെ പതിവ് കാഴ്ചകളിലൊന്നു മാത്രം.

പ്രവാസി വോട്ടവകാശ പ്രഖ്യാപനങ്ങള്‍ നിരവധി തവണ ആഘോഷിക്കേണ്ടിവന്നതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും മാറ്റിവെച്ചു തികച്ചും മാനുഷികമായ ഈ വിഷയത്തിന്‍റെ ഗൌരവം മനസ്സിലാക്കി രംഗത്തിറങ്ങാന്‍ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും മീഡിയയും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതു അനിവാര്യമായിരിക്കുന്നു. 
(Gulf Madhyamam 20 Dec 2010)

 

No comments: