1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, July 5, 2010

എന്തിനും വേണ്ടേ ഒരതിര്?

പൊതു നിരത്തുകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും സിപിഎമ്മും അതിന്റെ സഹോദര സംഘടന നേതാക്കളും നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഇന്ന് സജീവമായ ചര്‍ച്ചക്ക് കാരണമായിരിക്കുകയാണല്ലോ.

തെരെഞ്ഞെടുപ്പ് കാലത്തും മറ്റും തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കാറുള്ള പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, പ്രാദേശികമായ നിസ്സാര പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് ഇടയ്ക്കിടയ്ക്ക് ഹര്‍ത്താലുകളും സമരങ്ങളും നടത്തി നാശനഷ്ടങ്ങള്‍ വരുത്തുന്നതും പതിവായി മാറുമ്പോള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നവര്‍ക്കെതിരെ സ്വസ്ഥമായ ജീവിതം ഉറപ്പുവരുത്തുവാന്‍ കോടതികളെ സമീപിക്കേണ്ടി വരും. അത് മറന്നുപോകുന്നത് കൊണ്ടാണ് ഇത്തരം കോടതിവിധികള്‍ക്കെതിരെ പ്രകോപനപരമായി ചിലര്‍ രംഗത്ത് വരുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടില്‍ പ്രകടനങ്ങള്‍ നടത്താനോ കോളാമ്പി മോഡല്‍ സ്പീക്കര്‍ ഉപയോഗിക്കാനോ ആരോടും ചോദിക്കേണ്ടതില്ലായിരുന്നു. രണ്ടു മിനുറ്റ് ദൈര്‍ഘ്യമുള്ള ബാങ്ക് വിളിയും വെള്ളിയാഴ്ച ജുമുഅ സമയത്ത് പള്ളികള്‍ നിറഞ്ഞു കവിഞ്ഞാല്‍ റോഡിലിറങ്ങി പ്രാര്‍ത്ഥന നടത്തുന്നതിരിലും നമ്മുടെ നാട്ടിലെ ചില സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പലരും രംഗത്ത് വന്നിരുന്നു. പൊതു നിരത്തില്‍ തുപ്പുന്നതിനെതിരിലും പുകവലിക്കുന്നതിനെതിരിലുമൊക്കെ ഉന്നത നീതിപീഠങ്ങള്‍ ഇടപെട്ടത് പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്നു കോടതികള്‍ക്ക് മനസ്സിലായപ്പോഴാണ്.

സാമൂഹ്യ നന്മക്ക് വേണ്ടിയുള്ള പൊതുപരിപാടികളും മതഘോഷയാത്രകളും ഹര്‍ത്താലുകളുമൊക്കെ കഴിയുന്നത്ര സമാധാനപരമായ രീതിയില്‍ പൊതുജനങ്ങളെ പ്രയാസപ്പെടുത്താതെ നടത്തിയാല്‍ ഒരാളും അതിനെതിരെ രംഗത്ത് വരില്ല.

എന്നാല്‍ പൊതുജനസേവനത്തിന്റെ പേരില്‍ സംഘടനകള്‍ പരസ്പരം ശക്തി തെളിയിക്കാന്‍ മത്സരബുദ്ധിയോടെ നടത്തുന്ന പൊതുപരിപാടികള്‍, ബന്ദ്‌, ഹര്‍ത്താല്‍, കളിയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ നടത്തുന്ന മതനിന്ദ തുടങ്ങിയവ അതിരുവിടുകയും നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായവര്‍ കൊടികളുടെ കളറുകള്‍ക്കനുസരിച്ച് മാത്രം കൃത്യനിര്‍വഹണം നടത്തുകയും ചെയ്യുമ്പോള്‍ ഉന്നത നീതിപീഠങ്ങളും ഇടപെടുന്നില്ലെങ്കില്‍ പിന്നെ ഈ നാടിനെ ആര്‍ സംരക്ഷിക്കും  (G. Madhyamam 05 July 
2010)

2 comments:

Akbar said...

:)

jayarajmurukkumpuzha said...

enthinum venam oru athiru,..... aashamsakal......