1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, July 10, 2010

ഇത് തോല്‍വി ആഘോഷിക്കുന്ന കാലം


കാല്‍പന്തുകളി രംഗത്തെ അതികായരായ പ്രമുഖ ടീമുകള്‍ ആരാധകരുടെ സര്‍വപ്രവചനങ്ങളും തെറ്റിച്ചു കൊണ്ട് ഒന്നിന് പുറകെ ഒന്നായി സെമിയില്‍ പോലും കടക്കാനാകാതെ പുറത്തു പോയതിന്റെ ആഘോഷം തീര്‍ന്നിട്ടില്ല. മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന ചൊല്ല് പോലെയായിരുന്നു ചിലര്‍ എതിര്‍ ഗ്രൂപ്പുകളുടെ വിജയം ആഘോഷിച്ചത്.

പതിനായിരങ്ങള്‍ മുടക്കി കെട്ടിപ്പൊക്കിയ ഫ്ലക്സ്‌ ബോര്‍ഡുകള്‍ തകര്‍ത്തും ആയിരങ്ങള്‍ കത്തിച്ചു കൊണ്ടുള്ള വെടിക്കെട്ടുകളും പരസ്പരമുള്ള കയ്യാങ്കളിയും ആക്രമണങ്ങളും കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍ പോലും അരങ്ങേറിയത് സ്വൈര്യജീവിതത്തിനു വിഘ്നം സൃഷ്ടിച്ചുകൊണ്ടായിരുന്നു.

ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ച ടീമുകളുടെ ആഘോഷത്തിലേറെ പരാജയപ്പെട്ട ടീമുകള്‍ പരസ്പരം നടത്തിയ ആഘോഷങ്ങള്‍ക്കാണ് മീഡിയകളും പ്രാധാന്യം നല്‍കിയത്. ബ്രസീലിന്റെ കാക്കയെപ്പോലെ മലയാളിക്ക് പരിചയമുള്ള ഏതെങ്കിലും മിണ്ടാപ്രാണിയുടെ പേരിനോട് സാദൃശ്യമുള്ള ഒരു കളിക്കാരന്‍ അര്‍ജന്റീനയുടെ ടീമില്‍ ഇല്ലാതെ പോയത് ആ ജീവികളുടെ മഹാഭാഗ്യം. ഇല്ലെങ്കില്‍ അവയെ ചുട്ടുകൊല്ലാനും പ്രബുദ്ധരായ മലയാളി ഫുട്ബോള്‍ കമ്പക്കാര്‍ മടിക്കില്ല. No comments: